കട്ടപ്പന: മാനസിക രോഗ വിദഗ്ധരില്ലാത്തതിനാല്‍ ജില്ലയില്‍ 15,000 ത്തോളം രോഗികള്‍ ദുരിതത്തില്‍. രോഗ ചികിത്സയും പരിചരണവും ഇല്ലാതായതോടെ ജില്ലയില്‍ മാനസിക രോഗികളുടെ സ്ഥിതി ഗുരുതരമാകുകയും ആത്മഹത്യാ നിരക്ക് വര്‍ധിക്കുകയുമാണ്.
ജില്ലയിലെ 52 പഞ്ചായത്തുകളിലായി 15,000 ത്തോളം മാനസിക രോഗികള്‍ ഉണ്ടെങ്കിലും ഇവരെ ചികിത്സിക്കാന്‍ ജില്ലയില്‍ ഒരു മാനസിക രോഗ വിദഗ്ധന്‍ പോലുമില്ല. ജില്ലയിലെ 18 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളില്‍ മാനസിക ആരോഗ്യ പദ്ധതി നടന്നിരുന്നു. ഇത്രയും പി.എച്ച്.സികളിലൂടെ 4500 ഓളം മാനസിക രോഗികള്‍ക്കാണ് ചികിത്സ ലഭ്യമാക്കിയത്.
എന്നാല്‍, കഴിഞ്ഞ കുറേ മാസങ്ങളായി ഇവര്‍ക്ക് ചികിത്സ ലഭിക്കുന്നില്ല. മാനസിക രോഗ വിദഗ്ധന്‍ എത്താത്തതാണ് സ്ഥിതി വഷളാക്കിയത്. നിലവില്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലും മാനസിക രോഗ വിദഗ്ധനില്ല.
18 പഞ്ചായത്തുകളില്‍ സഞ്ചരിച്ച് സേവനം ചെയ്യുന്നതിന് മാനസിക രോഗ വിദഗ്ധന് നല്‍കി വന്നിരുന്ന ശമ്പളം 20,000 രൂപയാണ്. ഇത്രയും കുറഞ്ഞ വേതനത്തില്‍ സേവനം ചെയ്യാന്‍ മാനസിക രോഗ വിദഗ്ധന്‍ തയാറല്ല. സംസ്ഥാനത്തെ ഏത് സ്വകാര്യ ആശുപത്രിയില്‍ സേവനം ചെയ്താലും ഡോക്ടര്‍മാര്‍ക്ക് ഇതിന്‍െറ അഞ്ചിരട്ടി പ്രതിഫലം ലഭിക്കും. അതുകൊണ്ട് തന്നെ ജില്ലയില്‍ സേവനം ചെയ്യാന്‍ മാനസിക രോഗ വിദഗ്ധര്‍ക്ക് താല്‍പ്പര്യമില്ല. ഏറ്റവും അവസാനം ജോലി ചെയ്ത ഡോക്ടര്‍ രണ്ട് മാസത്തിന് ശേഷം തിരിച്ചുപോകുകയായിരുന്നു.
ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന മാനസികാരോഗ്യ പദ്ധതി പുനരാരംഭിക്കുന്നതിന് കാലതാമസം വരുന്നത് മാനസിക രോഗികളുടെ സ്ഥിതി വഷളാക്കുന്നു. വിദഗ്ധ ചികിത്സ ലഭിച്ചാല്‍ പൂര്‍ണമായി രോഗം ഭേദമാക്കാന്‍ കഴിയുന്ന പതിനായിരത്തിലധികം രോഗികള്‍ ജില്ലയിലുണ്ട്. ഇവര്‍ക്ക് അര്‍ഹമായ ചികിത്സ ലഭിക്കുന്നതിന് നടപടി സ്വീകരിക്കാത്തത് ജില്ലയില്‍ ആത്മഹത്യാ നിരക്ക് ഉയരാനും ഇടയാക്കുന്നുണ്ട്.
മാനസികാരോഗ്യ വിഭാഗം ഡോക്ടര്‍മാരുടെ എണ്ണം സംസ്ഥാനത്ത് തീരെ കുറവാണ്. ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി മാനസിക രോഗികള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ജില്ലയിലെ സന്നദ്ധ സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്. ഇതോടൊപ്പം ജില്ലയില്‍ അടിയന്തരമായി മാനസികരോഗ വിദഗ്ധനെ നിയമിക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍