നെടുങ്കണ്ടം: ജീവനും സ്വത്തിനും ഭീഷണിയായ അല്ലിയാറിലെ പാറമടയുടെ എന്‍.ഒ.സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി പ്രക്ഷോഭത്തിലേക്ക്. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ അല്ലിയാറില്‍ നാലുവര്‍ഷം മുമ്പ് ചെറിയ തോതില്‍ പ്രവര്‍ത്തനമാരംഭിച്ച പാറമട ഇപ്പോള്‍ യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് പാറ പൊട്ടിക്കുന്നത്. ഇതുമൂലം ഒരു കിലോമീറ്ററിലധികം ചുറ്റളവില്‍ ഭൂമി വിറക്കുകയും വീടുകളുടെ ഭിത്തി വിണ്ടുകീറുകയും കരിങ്കല്‍ കഷണങ്ങള്‍ വീണ് വീട് തകരുകയുമാണ്. പ്രദേശത്തെ അമ്പതിലധികം വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. കുടിവെള്ള ടാങ്കുകള്‍ക്ക് ചോര്‍ച്ചയുണ്ടാകുകയും കുഴല്‍ക്കിണറുകളിലെ വെള്ളം വറ്റുകയും ചെയ്തു.
സ്ഫോടക വസ്തുക്കളും മറ്റ് മാലിന്യവും പാറമടക്ക് സമീപത്തെ കുടിവെള്ള സ്രോതസ്സിലേക്ക് വീഴുന്നതിനാല്‍ കുടിവെള്ളം മലിനമാകുന്നു. രാസ പദാര്‍ഥങ്ങളും പൊടിപടലങ്ങളും അന്തരീക്ഷത്തില്‍ ദിനേന കലരുന്നതിനാല്‍ ശ്വാസകോശ രോഗങ്ങളും മേഖലയില്‍ വ്യാപകമാണ്. ഒരേക്കര്‍ 20 സെന്‍റ് സ്ഥലം മാത്രമുണ്ടായിരുന്ന പാറമട ഉടമ റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 43 ഹെക്ടറോളം പുറമ്പോക്ക് ഭൂമിയും സര്‍ക്കാര്‍ സ്ഥലവും സ്വന്തമാക്കിയതായും അല്ലിയാര്‍ പൗരസമിതി ഭാരവാഹികള്‍ ആരോപിച്ചു.
ഒരുദിവസം 12 ടണ്ണില്‍ താഴെ മാത്രം പാറ പൊട്ടിക്കാനാണ് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അനുമതി നല്‍കിയത്. എന്നാല്‍, പുലര്‍ച്ചെ അഞ്ച് മുതല്‍ രാത്രി 11 വരെ പാറ പൊട്ടിച്ച് ദിനേന 100 ലോഡ് കല്ലാണ് കടത്തിക്കൊണ്ടുപോകുന്നത്.
പാറമടക്കെതിരെ ശബ്ദമുയര്‍ത്തിയ 14 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുത്ത് ജയിലിലടക്കുകയും 12 പേര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്തതായി ഭാരവാഹികള്‍ ആരോപിച്ചു. പാറമട ഉടമയുടെ സ്വാധീനം മൂലം റവന്യൂ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് പ്രദേശത്തെ ജനത്തെ ദ്രോഹിക്കുകയാണ്.
ജീവനും സ്വത്തിനും ഭീഷണിയായ പാറമടക്ക് നല്‍കിയ എന്‍.ഒ.സി പഞ്ചായത്ത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പാമ്പാടുംപാറ പഞ്ചായത്തോഫിസിലേക്ക് ബഹുജന മാര്‍ച്ച് നടത്തും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്യുമെന്ന്് പൗരസമിതി കണ്‍വീനര്‍ എം.എം. അനീഷ്കുമാര്‍, ചെയര്‍മാന്‍ ടി.ആര്‍. സന്തോഷ്കുമാര്‍, രാജപ്പന്‍ പുത്തന്‍പുരക്കല്‍, ടി. സോമന്‍, സ്കറിയ തോമസ്, കെ. സുമേഷ്, വിജയമ്മ മണ്ണാട്ട്, പങ്കജാക്ഷി പുത്തന്‍പുരക്കല്‍, വിജയമ്മ കടവുപ്ളാക്കല്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍