പത്തനംതിട്ട: പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്, ബി.ജെ.പി, എസ്.ഡി.പി.ഐ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണവും സമാധാനപരവും. പത്തനംതിട്ടയില്‍ പ്രകടനം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍ ഭവനില്‍ കടന്നുകയറി അക്രമത്തിന് മുതിര്‍ന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കി. ഏതാനും ചെടിച്ചട്ടികള്‍ പ്രകടനക്കാര്‍ നശിപ്പിച്ചു.
പത്തനംതിട്ട സര്‍വീസ് സഹകരണ ബാങ്കിലും പ്രകടനക്കാര്‍ കയറി മുദ്രാവാക്യം മുഴക്കിയശേഷം ഇറങ്ങിപ്പോയി. പിന്നീട് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഉപരോധിച്ചു. രാവിലെ മുതല്‍ കെ.എസ്.ആര്‍.ടി.സി നാമമാത്രമായി സര്‍വീസുകള്‍ നടത്തിയിരുന്നു. ഡിപ്പോ ഉപരോധം ഒരു മണിക്കൂറോളം നീണ്ടു. ഈ സമയം പുറപ്പെടാനിരുന്ന മൂന്ന് ബസുകള്‍ ഓട്ടം ഉപേക്ഷിച്ചു. ഉപരോധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയെങ്കിലും പിന്നീട് ബസ് സര്‍വീസുകള്‍ കാര്യമായി നടത്തിയില്ല.
രാവിലെ മുതല്‍ ജില്ലയിലെ ആറ് ഡിപ്പോകളില്‍ നിന്ന് ബസുകള്‍ സര്‍വീസ് നടത്തിയെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ വഴിനീളെ തടഞ്ഞിട്ടതിനാല്‍ പൂര്‍ത്തിയാക്കാനായില്ല. 9.30 ഓടെ പത്തനംതിട്ട ഡിപ്പോയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. കോഴഞ്ചേരിയില്‍ ബസ് തടഞ്ഞ സമരക്കാര്‍ ഡ്രൈവറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു.
കോട്ടയം അടക്കം മറ്റ് ഡിപ്പോകളില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ ബസുകള്‍ മടക്കയാത്രക്കൊരുങ്ങുമ്പോഴാണ് സമരക്കാര്‍ ഉപരോധവുമായി എത്തിയത്. ഉപരോധം സി.പി.ഐ ജില്ലാ സെക്രട്ടറി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയാ ആക്ടിങ് സെക്രട്ടറി പി.എന്‍. ശശി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. തോമസ് ജോസഫ്, മലയാലപ്പുഴ മോഹന്‍, ബെന്‍സി തോമസ്, സലിം പി.ചാക്കോ, കെ.അനില്‍കുമാര്‍, പി.ആര്‍. പ്രസാദ്, റോയി മാടപ്പള്ളില്‍, നൗഷാദ് കണ്ണങ്കര, ആര്‍.എം. ഭട്ടതിരി, അബ്ദുല്‍ ഷുക്കൂര്‍, സാബു കണ്ണങ്കര, എം.ജെ. രവി, എ. അഹമ്മദ്, സി.ജെ. സാജന്‍ എന്നിവര്‍ സംസാരിച്ചു.
ബസുകള്‍ വഴിനീളെ തടഞ്ഞതിനാല്‍ പൊലീസ് സംരക്ഷണമില്ലാതെ ഓടിക്കേണ്ടെന്ന് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചു. പൊലീസ് സംരക്ഷണത്തോടെ ചില റൂട്ടുകളില്‍ കോണ്‍വോയി ആയി സര്‍വീസ് നടത്തി. ഡിപ്പോകളില്‍ ജീവനക്കാര്‍ ഭൂരിഭാഗവും ജോലിക്കെത്തിയിരുന്നു. ജില്ലയിലെ മറ്റ് ഓഫിസുകളിലും ഹാജര്‍നിലയില്‍ വലിയ കുറവ് വന്നില്ല. സ്വകാര്യബസുകളും ഓട്ടോ, ടാക്സി, ടെമ്പോ തൊഴിലാളികളും പൂര്‍ണമായും പണിമുടക്കി. സ്വകാര്യ വാഹനങ്ങള്‍ മിക്കയിടത്തും നിരത്തിലിറങ്ങി. തടയാന്‍ രാവിലെ സമരക്കാര്‍ മുതിര്‍ന്നെങ്കിലും പിന്തിരിഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ നാമമാത്രമാണ് തുറന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍