അടൂര്‍: ഹൈകോടതി നിരോധം നിലനില്‍ക്കേ ആനന്ദപ്പള്ളിയില്‍ മരമടി ഉത്സവം നടത്താന്‍ നീക്കം. എല്ലാ വര്‍ഷവും ആഗസ്റ്റ് 15നായിരുന്നു മരമടി നടത്തിയിരുന്നത്. ഇക്കുറി മത്സരം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘാടകര്‍ ആര്‍.ഡി.ഒക്ക് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍ ഇരുപതോളം സ്ഥലങ്ങളില്‍ ജെല്ലിക്കെട്ട് നടക്കുന്നതും തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഇത്തരം മേളകള്‍ നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമര്‍പ്പിച്ചത്.
2009ല്‍ ആനന്ദപ്പള്ളി മരമടി മത്സരത്തിന് അനുമതി നിഷേധിച്ച് അന്നത്തെ ജില്ലാ കലക്ടര്‍ ടി.ടി. ആന്‍റണിയുടെ ഉത്തരവിനെതിരെ ആനന്ദപ്പള്ളി കര്‍ഷകസമിതിക്കുവേണ്ടി ജനറല്‍ കണ്‍വീനര്‍ ആനന്ദപ്പള്ളി സുരേന്ദ്രന്‍ നല്‍കിയ ഹരജിയിലായിരുന്നു ഹൈകോടതിയുടെ നിരോധന ഉത്തരവ്. മൃഗങ്ങള്‍ പീഡിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാലായിരുന്നു നിരോധിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ മരമടി മത്സരത്തിനും ഉത്തരവ് ബാധകമാണെന്നും കോടതി വ്യക്തമാക്കി.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലുണ്ടായ കേസുകളാണ് ആനന്ദപ്പള്ളി മരമടിക്ക് വിനയായത്. സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മത്സരം നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ 2008ലും മത്സരം ഉപേക്ഷിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിന്‍െറ വെളിച്ചത്തിലാണ് മരമടി തടഞ്ഞ് ഹൈകോടതി ഉത്തരവിട്ടത്.
ആനന്ദപ്പള്ളി മരമടി മത്സരത്തില്‍ മൃഗങ്ങളെ പീഡിപ്പിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഉരുക്കളില്‍ ചിലതിനെ മാത്രമാണ് പ്രത്യേക ഭക്ഷണം നല്‍കി വളര്‍ത്തിയിരുന്നത്. അല്ലാത്തവയെ വിരട്ടിയും പീഡിപ്പിച്ചുമാണ് ഓടിച്ചിരുന്നത്. വ്യാപക പിരിവും മദ്യവില്‍പ്പനയും വാതുവെപ്പും നടന്നിരുന്നതായും ആരോപണമുണ്ട്. മേളയുടെ സംഘാടകര്‍ക്ക് കര്‍ഷികരംഗവുമായി ബന്ധമില്ലാത്തതും പേരിനുമാത്രമായി വിദേശികളെ വാടകക്ക് കൊണ്ടുവന്ന് വ്യാജപ്രചാരണം നടത്തിയിരുന്നതും വിവാദമായിരുന്നു. മേള വിനോദസഞ്ചാര, സ്പോര്‍ട്സ് വകുപ്പുകള്‍ ഏറ്റെടുക്കണമെന്ന സംഘാടകരുടെ ആവശ്യത്തിനിടയിലാണ് 2009ല്‍ നിരോധം വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍