കോന്നി: നാല് വര്‍ഷമായി നാലംഗ കുടുംബം പാഷന്‍ ഫ്രൂട്ട് ചെടിക്ക് കീഴെ അന്തിയുറങ്ങുന്നു. പഞ്ചായത്തില്‍ നിന്നനുവദിച്ച തുകകൊണ്ട് വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്. വകയാര്‍ കൈതക്കര പാലനില്‍ക്കുന്നതില്‍ ബിനുവിനും കുടുംബത്തിനുമാണ് ഈ ദുര്‍ഗതി.
2008 ല്‍ പ്രമാടം ഗ്രാമപഞ്ചായത്തില്‍ നിന്നും ഭവനരഹിത പദ്ധതി പ്രകാരമാണ് ഇവര്‍ക്ക് വീട് അനുവദിച്ചത്. ഒരു ലക്ഷം രൂപയായിരുന്നു പദ്ധതി തുക. തുക ഉപയോഗിച്ച് മൂന്ന് മുറിയും അടുക്കളയും സിറ്റൗട്ടും പണിത് കട്ടകെട്ടി. എന്നാല്‍, കോണ്‍ക്രീറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. കൂലിപ്പണിക്കാരനായ ബിനുവിന്‍െറ വരുമാനം വീടിന്‍െറ ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാന്‍ തികഞ്ഞില്ല. ഭാര്യയും രണ്ട് കുട്ടികളുമായി വീട് നിര്‍മാണവേളയില്‍ താല്‍ക്കാലികമായി കെട്ടിയ ഷെഡിലായിരുന്നു താമസം. ഷെഡിന് മുകളിലേക്ക് പടര്‍ന്ന് കയറിയ പാഷന്‍ ഫ്രൂട്ട് ചെടി പന്തലിച്ച് വീടിന് കവചമായി നില്‍ക്കുന്നു. നാല് വര്‍ഷമായി ഷെഡ് കെട്ടി മേയാത്തതിനാല്‍ മഴയും വെയിലും ഏല്‍ക്കാതെ കുടുംബത്തെ കാക്കുന്നത് ചെടിയാണ്.
വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ താല്‍ക്കാലിക വീടിന്‍െറ മേല്‍ക്കൂരക്കും തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ച് തുടങ്ങിയിട്ടുണ്ട്. ജൂണില്‍ ആരംഭിക്കുന്ന ഇടവപ്പാതിക്ക് മുമ്പ് വീട് പണി പൂര്‍ത്തീകരിച്ച് പുതിയ വീട്ടിലേക്ക് മാറണം എന്നതാണ് ഇവരുടെ ആഗ്രഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍