12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

ബാല്യം ഓടിക്കളിച്ച സ്കൂള്‍ മുറ്റത്ത് അരനൂറ്റാണ്ടിനുശേഷം വീണ്ടും...

അന്തിക്കാട്: ഓര്‍മകളുടെ മധുരസ്മരണകളുമായി 50 വര്‍ഷങ്ങള്‍ക്കുശേഷം പള്ളിക്കൂടമുറ്റത്ത് അവര്‍ ഒത്തുചേര്‍ന്നു. ജീവിതത്തിന്‍െറ പല കാലങ്ങളില്‍നിന്നും സ്ഥലങ്ങളില്‍നിന്നുമായി 36 പേര്‍.
അധികം പേരുടെയും പല്ലുകള്‍ കൊഴിഞ്ഞിരുന്നു. കുഞ്ഞിഷര്‍ട്ടും കുട്ടിയുടുപ്പും ധരിച്ച പഴയ ഗ്രൂപ്പ് ഫോട്ടോയില്‍ സ്വന്തം ബാല്യം തിരിച്ചറിയാനാവാതെ 65 കഴിഞ്ഞ ഈ പൂര്‍വ വിദ്യാര്‍ഥികള്‍ കുഴങ്ങി.
പണ്ടത്തെ ഇരട്ടപ്പേര് വിളിച്ച് കളിയാക്കി ചിരിച്ചും പാട്ടുപാടിയും അനുഭവങ്ങള്‍ പങ്കിട്ടും ഒരു പകല്‍ മുഴുവന്‍... പഴുവില്‍ കുറുമ്പിലാവ് സ്വാമി ബോധാനന്ദ ഹൈസ്കൂളിലെ 1961-62ലെ എസ്.എസ്.എല്‍.സി ബാച്ചിലെ 36 പേരാണ് അരനൂറ്റാണ്ടിനുശേഷം സ്കൂളില്‍ സംഗമിച്ചത്.
അന്ന് 55 വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. പലരും മരിച്ചു. ജീവിച്ചിരിക്കുന്നവരില്‍ പലരും വിദേശത്താണ്. നാട്ടിലുള്ള ചിലര്‍ സൂക്ഷിച്ചിരുന്ന മേല്‍വിലാസത്തില്‍ കത്തെഴുതിയാണ് കൂട്ടുകാരെ അന്വേഷിച്ച് കണ്ടെത്തിയത്. അങ്ങനെയാണ് 36 പേരെത്തിയത്.
സഹപാഠികളായിരുന്ന ജോയി, രാജന്‍, ബാലന്‍, വിജയലക്ഷ്മി, വല്‍സല, രാമന്‍ എന്നിവരുടെ മരണം ‘കൂട്ടുകാരെ’ വല്ലാതെ വേദനിപ്പിച്ചു.നീണ്ട വര്‍ഷത്തിനുശേഷം എത്തുന്നവരെ വരവേല്‍ക്കാന്‍ പഴയകാല സഹപാഠി അന്ന് ക്ളാസില്‍ എടുത്ത് സൂക്ഷിച്ചുവെച്ചിരുന്ന ഗ്രൂപ്പ് ഫോട്ടോ ഗേറ്റിനു സമീപം വലുപ്പത്തില്‍ സ്ഥാപിച്ചിരുന്നു. വരുന്നവരെ പടം കാണിച്ചാണ് സ്കൂളിലേക്ക് പ്രവേശിപ്പിച്ചത്.
മിക്കവര്‍ക്കും തങ്ങളുടെ ചെറുപ്പകാലത്തെ ഫോട്ടോ തിരിച്ചറിയാന്‍ പാടുപെടേണ്ടിവന്നു. പഴയഫോട്ടോയിലെ ഉടുപ്പു ധരിച്ച രൂപം കണ്ട് വൃദ്ധരായ ഇവര്‍ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. 50 വര്‍ഷത്തിനിടയിലെ പല കാര്യങ്ങളും ഓരോരുത്തരും വിവരിച്ചു.ഇവരെ ആദ്യകാലത്ത് പഠിപ്പിച്ച 85 വയസ്സിനു മുകളിലുള്ള ഏഴ് അധ്യാപകരും അനാരോഗ്യം കണക്കിലെടുക്കാതെ സംഗമത്തില്‍ എത്തിയത് അപൂര്‍വ കാഴ്ചയായി. സ്വാമിനാഥന്‍ മാസ്റ്റര്‍, സി.വി. പോള്‍, പി.ആര്‍. മാധവന്‍, കെ.ഡി. വര്‍ഗീസ്, കെ.ആര്‍. ലീല, പി. കാര്‍ത്യായനി, ഇ.വി. സുഭദ്രകുട്ടി എന്നിവരാണ് ഇവരെ പഠിപ്പിച്ചത്. അധ്യാപകരെ പൊന്നാട ചാര്‍ത്തി ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചാണ് പൂര്‍വവിദ്യാര്‍ഥി സംഗമം ആരംഭിച്ചത്. സ്വാമിനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ഇ. അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.
നൂറുദ്ദീന്‍ കോല്‍പറമ്പില്‍, ആന്‍േറാ ജോണ്‍, കെ.കെ. ഗോപാലന്‍, എം.എ. ആനി, സി.എ. കുഞ്ഞിട്ടി എന്നിവര്‍ സംസാരിച്ചു.
നൃത്തവും പാട്ടുമായും ഭക്ഷണം കഴിച്ചുമാണ് യോഗം പിരിഞ്ഞത്. ഇനിയും കാണാമെന്നുപറഞ്ഞ് പിരിയുമ്പോള്‍ എല്ലാവരുടെയും മുഖത്ത് വേര്‍പാടിന്‍െറ അടയാളങ്ങള്‍ ബാക്കിയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com