ദോഹ: പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി ശില്‍പശാല സംഘടിപ്പിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് ദേശീയ മനുഷ്യാവകാശ സംഘടനയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. വൈകല്യമുള്ളവരുടെയും കുട്ടികളുടെയും അവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും പ്രഭാഷണങ്ങളുമെല്ലാമാണ് ശില്‍പശാലയിലുണ്ടാവുക.
ഭരണഘടനയുടെ 23ാം അനുഛേദം അനുസരിച്ചുള്ള, ബുദ്ധിപരമായും ശാരീരികമായും പ്രയാസങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നല്‍കേണ്ട അവകാശങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിശദീകരിച്ചു.
ഇവരുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട രാജ്യാന്തര കരാറുകള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുക എന്നതാണ് രണ്ട് സംഘടനകളുടെയും ലക്ഷ്യമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് ജനറല്‍ സെക്രട്ടറി ഹമദ് ബിന്‍ മുഹമ്മദ് ആല്‍ ഫഹീദ് അല്‍ഹാജിരി വ്യക്തമാക്കി. പ്രത്യേക പരിചരണം ആവശ്യമുള്ളവരുടെ പ്രശ്നങ്ങള്‍ ഖത്തറിന്‍െറ മുന്‍ഗണനാക്രമത്തില്‍ ഒന്നാമത്തേതാണെന്നും ഭരണകൂടം അതിന് പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ലക്ഷ്യത്തിലേക്കായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ നിര്‍മിക്കുകയും ഇത്തരം ആളുകളെ സമൂഹത്തിലെ സാധാരണ മനുഷ്യരുടെ ജീവിത നിലവാരത്തിലേക്ക് ഉയര്‍ത്താനാവശ്യമായ നയപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും സംരക്ഷണവും നല്‍കുകയും ചെയ്യുന്നുണ്ട്. തങ്ങളുടേതല്ലാത്ത·കാരണങ്ങളാല്‍ പ്രയാസങ്ങള്‍ നേരിടുന്ന ഇത്തരക്കാരെ സംരക്ഷിക്കല്‍ തീര്‍ച്ചയായും സാമൂഹിക ബാധ്യതയാണ്.
രാജ്യം നിയമപരമായിത്തന്നെ അവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ വകവെച്ചുകൊടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. 2008ലെ അമീരി ഉത്തരവ് 44 പ്രകാരമുള്ള കുടുംബ സ്ട്രാറ്റജിയുടെ ഭാഗമായി ഇത്തരക്കാര്‍ക്ക് വകവെച്ചുനല്‍കേണ്ട അവകാശങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. കൂടാതെ ഇത്തരക്കാരുടെ വ്യക്തിപരവും സാമൂഹികവും നിയമപരവുമായ അവകാശങ്ങളെ സംബന്ധിച്ച് അവരുടെ കുടുംബങ്ങളിലടക്കം വ്യക്തമായ ബോധവത്കരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍