മനാമ: ബഹ്റൈനിലെ തൊഴിലാളികളുടെ ഇടയില്‍ നിലനില്‍ക്കുന്ന തൊഴില്‍ നിയമങ്ങളിലുള്ള അറിവില്ലായ്മ പരിഹരിക്കാനും അവരെ തൊഴില്‍ നിയമങ്ങളുടെ ബലത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കാനും തൊഴില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനുമുള്ള വേദി ഒരുക്കാനും ലക്ഷ്യമിട്ട് നിയമ ഉപദേശക വേദി എന്ന പേരില്‍ കൂട്ടായ്മ രൂപവത്കരിച്ചു. വിവിധ സംഘടനാ പ്രതിനിധികളുടെ സഹകരണത്തോടെയാണ് കൂട്ടായ്മ രൂപവത്കരിച്ചത്. തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ബോധവത്കരണം നടത്താനും നിയമോപദേശം നല്‍കാനും വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.
നിയമ വിരുദ്ധമായി പാസ്പോര്‍ട്ട് ആവശ്യപ്പെടുന്ന തൊഴില്‍ ദായകരോട്, പാസ്പോര്‍ട്ട് വാങ്ങി സൂക്ഷിച്ചിരിക്കുന്നു എന്ന് സമ്മതിക്കുന്ന രേഖ തൊഴിലാളികള്‍ വാങ്ങി സൂക്ഷിക്കേണ്ടതാണെന്ന് നിയമ ഉപദേശക വേദിയുടെ യോഗത്തില്‍ പങ്കെടുത്ത നിയമ വിദഗ്ധര്‍ നിര്‍ദേശിച്ചു. ബഹ്റൈിനില്‍ നിലവിലുള്ള തൊഴില്‍ നിയമങ്ങളും അത് നടപ്പാക്കാന്‍ പരിശ്രമിക്കുന്ന തൊഴില്‍ വകുപ്പും മുന്നോട്ടു വെക്കുന്ന തൊഴില്‍ അവകാശങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാല്‍ തൊഴിലാളികള്‍ നിരവധി പീഢനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തായ പാസ്പോര്‍ട്ട് പോലുള്ള രേഖകള്‍ അവരവരുടെ കൈകളില്‍ സൂക്ഷിക്കാന്‍ അവകാശം ഉണ്ടെന്നിരിക്കെ അത് ബലമായി വാങ്ങിവെച്ച് തൊഴില്‍ ദായകന്‍ ഭയരഹിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
തൊഴില്‍ കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതിന്‍െറ ഒരു കോപ്പി തൊഴിലാളി സൂക്ഷിക്കേണ്ടതുണ്ട്. ശൂന്യമായ ഒരു പേപ്പറിലും ഒപ്പിട്ടു കൊടുക്കാന്‍ കരാറില്‍ ഏര്‍പ്പെടുന്നവര്‍ തയ്യാറാകരുത്. തൊഴിലാളിക്ക് മനസിലാക്കാന്‍ കഴിയാത്ത ഭാഷയിലാണ് കരാര്‍ എഴുതി ഉണ്ടാക്കിയിട്ടുള്ളതെങ്കില്‍ അത് മറ്റുള്ളവരുടെ സഹായത്താല്‍ വായിച്ചു മനസ്സിലാക്കിയ ശേഷമേ കരാറില്‍ ഏര്‍പ്പെടാവൂ. നാട്ടില്‍നിന്ന് പുതുതായി വരുന്ന ആളുകള്‍ വിസയില്‍ സൂചിപ്പിക്കുന്ന കമ്പനിയുടെ വിശദാംശങ്ങള്‍ എല്‍.എം.ആര്‍.എയുടെ ഔദ്യാഗിക സൈറ്റില്‍നിന്ന് മനസ്സിലാക്കണമെന്നും അവര്‍ വ്യക്തമാക്കി.
ഒരു തൊഴിലാളിയേയും ദിവസം തുടര്‍ച്ചയായി 11 മണിക്കൂറില്‍ കൂടുതല്‍ പണിചെയ്യിക്കാന്‍ തൊഴില്‍ നിയമം അനുവദിക്കുന്നില്ല. തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ ഇടവേള അനുവദിക്കേണ്ടതാണ്. ആഴ്ചയിലെ പരമാവധി ജോലി സമയം 48 മണിക്കൂറില്‍ കൂടാന്‍ പാടില്ല. അതില്‍ കൂടുതല്‍ പണി ചെയ്യേണ്ടി വരുമ്പോള്‍ പകല്‍ സമയം അടിസ്ഥാന ശമ്പളത്തിനൊപ്പം 25 ശതമാനം കൂടുതല്‍ നല്‍കാന്‍ തൊഴില്‍ ഉടമ ബാധ്യസ്ഥനാണ്. ജോലി സമയം വൈകുന്നേരം ഏഴ് മണിക്കും രാവിലെ ഏഴിനും ഇടയിലാണെങ്കില്‍ 50ശതമാനം കൂടുതല്‍ തുക ശമ്പളത്തിനൊപ്പം നല്‍കേണ്ടതാണ്. അവധി ദിനങ്ങളില്‍ പണി എടുക്കേണ്ടി വന്നാല്‍ 150 ശതമാനം അധികം ശമ്പളത്തിനൊപ്പം നല്‍കാന്‍ തൊഴില്‍ ദാതാവ് ബാധ്യസ്ഥനാണ്.
അതിന് തയ്യാറല്ലെങ്കില്‍ അവധി ദിനത്തില്‍ തൊഴിലെടുത്തതിനു പകരം മറ്റൊരു ദിവസം അവധി ലഭിക്കന്‍ തൊഴിലാളി അര്‍ഹനാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് 45 ദിവസം ശമ്പളത്തോടെയുള്ള പ്രസവ അവധിക്ക് യോഗ്യതയുണ്ട്. 15 ദിവസം കൂടി അവര്‍ക്ക് ശമ്പള രഹിത അവധി എടുക്കാവുന്നതാണ്. പ്രസവത്തിനു ശേഷം രണ്ടു വര്‍ഷം വരെ തൊഴില്‍ സമയത്തിലെ ഒരു മണിക്കൂര്‍ കൂടുതല്‍ ഇളവു ലഭിക്കാന്‍ സ്ത്രീ തൊഴിലാളികള്‍ക്ക് യോഗ്യതയുണ്ട്. പണിസ്ഥലത്ത് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തൊഴിലാളി ഉടനെ സല്‍മാനിയാ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതും അതിനു ശേഷം സല്‍മാനിയ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗോസി കൗണ്ടറില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊടുത്ത് തങ്ങളുടെ അപകടത്തിന്‍െറ വിശദാംശങ്ങള്‍ രേഖപ്പെടുത്തേണ്ടതുമാണ്.
മാസത്തില്‍ ഒരിക്കല്‍ തൊഴിലാളികള്‍ക്ക് നേരിട്ട് അവരുടെ പരാതികള്‍ ബോധിപ്പിക്കാനും അവര്‍ക്ക് നിയമോപദേശങ്ങള്‍ നല്‍കാനും മനാമയില്‍ നിയമ ഉപദേശക സമിതി സിറ്റങ് സംഘടിപ്പിക്കും. സമിതിയുടെ നിയമോപദേശകരായി അഡ്വ. ലതീഷ് ഭരതന്‍, അഡ്വ. ഷബീര്‍, അഡ്വ. ഷാജി സാമുവല്‍, അഡ്വ. അനുജ തുടങ്ങിയവര്‍ പ്രവര്‍ത്തിക്കും. ഇതിന്‍െറ പീപ്പിള്‍ ബെഞ്ചില്‍ കെ.ടി. സലീം, കെ. ആര്‍. നായര്‍, ജെയിംസ് കൂടല്‍, കെ.വി. പ്രകാശ്, യോഗാനന്ദന്‍, പങ്കജ് തുടങ്ങിയവര്‍ സഹായങ്ങള്‍ ലഭ്യമാക്കും. വിശദ വിവരങ്ങള്‍ക്ക് 39304316, 33834632 നമ്പറുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍