പെരമ്പലൂര്‍ക്കാരന്‍ ആണ്ടിമുത്തു രാജ തിഹാര്‍ ജയിലില്‍നിന്ന് പുറത്തുവരുമ്പോള്‍ ചങ്കിടിക്കുന്നത് കലൈജ്ഞര്‍ മുത്തുവേല്‍ കരുണാനിധിക്കാണ്. ഒരായുഷ്കാലം കൊണ്ട് അനുഭവിക്കാവുന്നതെല്ലാം അനുഭവിച്ചുതീര്‍ത്തു. നടത്താവുന്ന അഴിമതികളെല്ലാം നടത്തി. ലോകാവസാനത്തോളം ഡി.എം.കെ അധ്യക്ഷപദവിയിലും തമിഴ്നാട് മുഖ്യമന്ത്രിപദത്തിലും തുടരാനാണ് മോഹമെങ്കിലും ആരോഗ്യം അനുവദിക്കുന്നില്ല. ഇനി നാലു കൊല്ലംകൂടി കാത്തിരുന്നാല്‍ ജയലളിത കളമൊഴിയും. അധികാരത്തില്‍നിന്ന് ഇറങ്ങാനുള്ള കര്‍മങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷംകൊണ്ടുതന്നെ ജയലളിത ചെയ്തുവെച്ചിട്ടുണ്ട്. നാലുകൊല്ലം കൂടി ഇതേരീതിയില്‍ ഭരിച്ചാല്‍ 'അമ്മ'യെ 'മക്കള്‍' (ജനങ്ങള്‍) ഇറക്കിവിട്ടോളും. പ്രതിപക്ഷം ഒന്നും ചെയ്യേണ്ട, നോക്കിനിന്നാല്‍ മതി. പക്ഷേ, നാലു കൊല്ലം കഴിഞ്ഞാല്‍ പരസഹായത്തോടെ എഴുന്നേറ്റുനില്‍ക്കാനുള്ള ത്രാണിയെങ്കിലും ഉടയതമ്പുരാന്‍ ബാക്കിവെക്കുമോ എന്നറിയില്ല. അതുകൊണ്ട് വലിയ മോഹങ്ങളൊന്നും വേണ്ടെന്നുവെച്ചിരിക്കുകയാണ് കലൈജ്ഞര്‍. ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ കനകക്കിരീടം പൊന്നോമന പുത്രന്‍ സ്റ്റാലിന് ചാര്‍ത്തിക്കൊടുക്കുകയും കണ്ണിലുണ്ണിയായ കനിമൊഴിയെ നല്ല നിലയിലെത്തിക്കുകയും ചെയ്ത് ഒരു ഉപരാഷ്ട്രപതിയെങ്കിലുമായി വിശ്രമജീവിതം നയിച്ചാല്‍ കൊള്ളാമെന്നാണ് ഇപ്പോഴത്തെ ആശ.
ഇതിനിടയിലാണ് കുടത്തില്‍നിന്ന് രാജയെന്ന ഭൂതം പുറത്തുചാടിയിരിക്കുന്നത്. നാസ്തികനായതുകൊണ്ട് ഭൂതപ്രേതപിശാചുക്കളെ കലൈജ്ഞര്‍ക്ക് ഭയമില്ല. എന്നാല്‍, കുടം തുറന്ന് ഭൂതത്തെ പുറത്തുചാടിച്ചത് മകന്‍ അഴഗിരിയാണെന്നതാണ് തലവേദന. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ 2ജി അഴിമതികേസില്‍ ഒരു കൊല്ലവും മൂന്നര മാസവും തിഹാര്‍ ജയിലില്‍ കഴിഞ്ഞ രാജ ജാമ്യത്തിലിറങ്ങാന്‍ നീക്കങ്ങളൊന്നും നടത്താതിരുന്നപ്പോള്‍ അവിടെ പരമസുഖമാണെന്നാണ് കരുതിയത്. നേരത്തേ, മകള്‍ കനിമൊഴി തിഹാര്‍ ജയിലിലായിരുന്നപ്പോള്‍ ഇടക്കിടെ കാണാന്‍ പോകുമായിരുന്നു.
കൂട്ടത്തില്‍ രാജയെയും ഒരു നോക്കു കാണും. കനിമൊഴി ജയിലില്‍നിന്നിറങ്ങിയശേഷം ഒരിക്കല്‍പോലും തിഹാര്‍ പരിസരത്തേക്ക് കലൈജ്ഞറോ സ്റ്റാലിനോ തിരിഞ്ഞുനോക്കിയിട്ടില്ല. അഴിമതി നടത്താന്‍ ഒപ്പം നിന്നവര്‍, അഴിയെണ്ണുമ്പോള്‍ തിരിഞ്ഞുനോക്കാത്തതില്‍ രാജക്ക് വേദനയുണ്ടെന്ന് പെരമ്പലൂര്‍ക്കാര്‍ പറഞ്ഞത് കേട്ടിട്ടുണ്ട്. എന്നാലും, 2ജി അഴിമതിയുടെ വിഹിതമായ 3000 കോടി (സി.ബി.ഐയുടെ കണക്കനുസരിച്ച്) കൈയിലുള്ളതുകൊണ്ട് രാജ വേദന മറന്നു. പണത്തിനു മീതെ പരുന്തും പറക്കില്ലല്ലോ.
2ജി കേസില്‍ ദയാനിധി മാരന്‍ അകത്തേക്കു വരുമ്പോള്‍ തനിക്കൊരു കൂട്ടാകുമെന്നാണ് രാജ കരുതിയത്. പട്യാല കോടതി പരിസരത്ത് ഒരിക്കല്‍ മാരനെ കണ്ടപ്പോള്‍ എന്നാണ് തിഹാറിലേക്ക് വരുന്നതെന്ന് കുശലം ചോദിക്കാനും മറന്നില്ല. പക്ഷേ, മാരന്‍ സി.ബി.ഐയുടെ കൈയില്‍ വരാല്‍ മീനിനെപ്പോലെ വഴുതിക്കളിക്കുന്നതു കണ്ട് നിരാശനായി. കക്കാന്‍ മാത്രമല്ല, നില്‍ക്കാനും മാരനറിയാമെന്ന് ബോധ്യമായത് പിന്നീടാണ്. കലൈജ്ഞര്‍ കുടുംബ്ധിലേതല്ലേ വിത്ത്. എയര്‍സെല്‍-മാക്സിസ് ഇടപാടില്‍ മാരനേക്കാള്‍ വലിയ മണിമാരനായി ആഭ്യന്തരമന്ത്രി ചിദംബരം ചെട്ടിയാരും കളത്തിലുള്ളതിനാലാണ് സി.ബി.ഐക്ക് കൈവഴുതുന്നതെന്ന് വ്യക്തമായപ്പോള്‍ കോടതിയില്‍വെച്ച് ഒരമ്പ് അങ്ങോട്ടും തൊടുത്തുനോക്കി. ഏശുന്നില്ലെന്ന് കണ്ടപ്പോള്‍ തല്‍ക്കാലത്തേക്ക് പത്തിമടക്കി ജയിലിനുള്ളില്‍ ചുരുണ്ടുകൂടിയതായിരുന്നു.
അപ്പോഴാണ് രാജയെ കാണാന്‍ അഴഗിരി തിഹാര്‍ ജയിലിലെത്തുന്നത്. സ്വന്തം ഡ്രൈവറെപ്പോലും ഒഴിവാക്കി അടുത്ത അനുയായിക്കൊപ്പം അതീവരഹസ്യമായിട്ടായിരുന്നു സന്ദര്‍ശനം. കനിമൊഴി പോയശേഷം ആദ്യമായാണ് ഒരു ഡി.എം.കെ നേതാവ് തിഹാര്‍ ജയിലിലെത്തി രാജയെ കാണുന്നത്. സന്തോഷിക്കുന്നതിനു പകരം രാജ പേടിച്ചുവിറച്ചുവെന്നാണ് സാക്ഷിമൊഴി. അഴഗിരിയല്ലേ കക്ഷി. സ്നേഹിച്ചാല്‍ നക്കിക്കൊല്ലും. കോപിച്ചാല്‍ ഞെക്കിക്കൊല്ലും. രണ്ടായാലും കാര്യം പോക്കെന്നുറപ്പ്.
2ജി കേസ് കത്തിനില്‍ക്കുന്ന കാലത്ത് രാജയെയും കനിമൊഴിയെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ഡി.എം.കെ ദക്ഷിണമേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി സ്ഥാനത്തുനിന്ന് രാജിവെക്കാനൊരുങ്ങിയ ആളാണ് അഴഗിരി. രാജിക്കത്ത് വാങ്ങിയ കരുണാനിധി അത് ഭാര്യ ദയാളു അമ്മാളിന് കൈമാറി. ദയാലു അമ്മാള്‍ അത് ചുരുട്ടിക്കൂട്ടി ചവറ്റുകൊട്ടയിലിട്ടശേഷമാണ് അഴഗിരി അടങ്ങിയത്.
അങ്ങനെയുള്ള അഴഗിരിയെ തിഹാര്‍ ജയിലിലുള്ള രാജയെ കാണാന്‍ പ്രേരിപ്പിച്ചത് മറ്റൊന്നുമല്ല. ഇളയ സഹോദരന്‍ സ്റ്റാലിനുമായുള്ള മൂപ്പിളമത്തര്‍ക്കം തന്നെ. പ്രായംകൊണ്ട് മൂത്തത് അഴഗിരിയാണെന്ന കാര്യത്തില്‍ സ്റ്റാലിന് തര്‍ക്കമൊന്നുമില്ല. പാര്‍ട്ടിയില്‍ മൂപ്പ് തനിക്കാണെന്ന് അംഗീകരിച്ചാല്‍ മതി. വിദ്യാര്‍ഥിയായിരിക്കേതന്നെ ഡി.എം.കെക്കുവേണ്ടി കൊടിപിടിച്ചു നടന്നതാണ്. മീശ കിളിര്‍ത്തപ്പോള്‍ ചെന്നൈ മേയറായി. 20 കൊല്ലം മേയറായി പണിയെടുത്തശേഷമാണ് എം.എല്‍.എയുടെ കുപ്പായമണിഞ്ഞത്. ഇടക്കാലത്ത് മേല്‍പാലം നിര്‍മാണ അഴിമതിയുടെ പേരില്‍ ജയിലില്‍ കിടന്ന് പാരമ്പര്യം കാത്തുസൂക്ഷിച്ചു. 15 കൊല്ലം നിയമസഭയില്‍ തെക്കും വടക്കും നടന്നശേഷമാണ് തദ്ദേശഭരണ മന്ത്രിപ്പട്ടം ചാര്‍ത്തിക്കിട്ടിയത്. കഴിഞ്ഞ ഡി.എം.കെ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി പദവി കിട്ടുമ്പോഴേക്ക് മൂക്കില്‍ പല്ല് കിളിര്‍ത്തു. ഇപ്പോള്‍ 24 അംഗ ഡി.എം.കെ നിയമസഭാകക്ഷിയുടെ നേതാവാണ്. എം.എല്‍.എ എന്ന നിലക്ക് കരുണാനിധിയും ഇളയ മകന്റെ ആജ്ഞകള്‍ അനുസരിച്ചേ തീരൂ.
നാലുകൊല്ലം കൂടി കാത്തിരുന്നാല്‍ മുഖ്യമന്ത്രിപദത്തിലെത്താമെന്ന നേരിയ സാധ്യതയിലാണ് സ്റ്റാലിന്റെ പ്രതീക്ഷ. അതിനു പക്ഷേ, ഇപ്പോള്‍തന്നെ പാര്‍ട്ടി അധ്യക്ഷപദവി കൈക്കലാക്കണം. മറ്റാരെങ്കിലും പാര്‍ട്ടി പ്രസിഡന്റായാല്‍ മണ്ണും ചാരിനിന്നവന്‍ മുഖ്യമന്ത്രിയാവും. അതൊഴിവാക്കുന്നതിന് പ്രസിഡന്റുപദവിയിലെത്താന്‍ ഒട്ടേറെ കരുനീക്കങ്ങള്‍ നടത്തി. വൈസ് പ്രസിഡന്റ് സ്ഥാനമെങ്കിലും കിട്ടാന്‍ പാര്‍ട്ടി ഉന്നതാധികാരസമിതിയിലും ജനറല്‍ കൗണ്‍സിലിലും പലവട്ടം പയറ്റിനോക്കി. ഇടങ്കോലിടുന്നത് മറ്റാരുമല്ല, അണ്ണന്‍ അഴഗിരി തന്നെ. കാര്യങ്ങള്‍ സ്റ്റാലിന് അനുകൂലമായി നീങ്ങുന്നുവെന്ന് കണ്ടാല്‍ അണ്ണന്‍ വാക്കൗട്ട് നടത്തും. അതോടെ കരുണാനിധി തീരുമാനം മറ്റൊരു ദിവസത്തേക്ക് മാറ്റും.
സ്റ്റാലിന്‍ പാര്‍ട്ടിക്കുവേണ്ടി പണിയെടുക്കുമ്പോള്‍ മധുരയില്‍ ചില്ലറ കൃഷിപ്പണിയും വെട്ടിനിരത്തലും ഗുണ്ടായിസവുമായി കഴിയുകയായിരുന്നു അഴഗിരി. മുന്‍ ഡി.എം.കെ സര്‍ക്കാറിന്റെ കാലത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിലൂടെയാണ് കക്ഷി സജീവരാഷ്ട്രീയത്തിലിറങ്ങുന്നത്. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടന്‍ അഴഗിരി മണ്ഡലത്തില്‍ നങ്കൂരമിട്ട് വേണ്ടതും വേണ്ടാത്തതുമൊക്കെ ചെയ്യും. മഹാഭൂരിപക്ഷത്തോടെ ഡി.എം.കെ സ്ഥാനാര്‍ഥി ജയിക്കും. മൂത്ത മകന്റെ രാഷ്ട്രീയാഭിരുചി വൈകിയാണെങ്കിലും തിരിച്ചറിഞ്ഞ കലൈജ്ഞര്‍ ഡി.എം.കെയില്‍ ദക്ഷിണമേഖലാ ഓര്‍ഗനൈസിങ് സെക്രട്ടറി എന്നൊരു പദവിയുണ്ടാക്കി അതില്‍ അവരോധിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മധുരയില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കി. ജയിച്ച് എം.പിയായപ്പോള്‍ കേന്ദ്രത്തില്‍ കാബിനറ്റ് റാങ്കില്‍ മന്ത്രിപദം തരപ്പെടുത്തിക്കൊടുത്തു. മകന് തമിഴല്ലാതെ മറ്റൊരു ഭാഷയും അറിയില്ലെന്നതിനാല്‍ തമിഴിനെ കേന്ദ്ര ഭരണഭാഷയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. മകനുവേണ്ടി ഒരു പിതാവിന് ഇതില്‍പരം എന്തുചെയ്യാന്‍ കഴിയും?
എന്നാല്‍, അഴഗിരിക്ക് കേന്ദ്രമന്ത്രിപദവിയേക്കാള്‍ മോഹം ഡി.എം.കെ അധ്യക്ഷപദവിയോട് തോന്നിയതാണ് പ്രശ്നം വഷളാക്കിയത്. സ്റ്റാലിന് മുഖ്യമന്ത്രിപദം നല്‍കിയാല്‍ തനിക്ക് പാര്‍ട്ടി പ്രസിഡന്റുപദം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടു. പിതാവ് ജീവിച്ചിരിക്കേ തന്നെ ഡി.എം.കെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇപ്പോള്‍, താന്‍ പ്രസിഡന്റായില്ലെങ്കിലും സ്റ്റാലിന്‍ പ്രസിഡന്റാവരുതെന്നാണ് നിലപാട്.
അണ്ണനല്ലേ എന്നു കരുതി സ്റ്റാലിന്‍ കുറെയൊക്കെ സഹിച്ചും ക്ഷമിച്ചും കഴിഞ്ഞു. ക്ഷമയുടെ നെല്ലിപ്പടി കണ്ടതോടെ വെട്ടിനിരത്തല്‍ തുടങ്ങി. അഴഗിരിയുടെ ആളുകളെന്ന് കാണുന്നവരെയെല്ലാം വെട്ടിനിരത്തുകയാണ് ഇപ്പോള്‍ സ്റ്റാലിന്റെ മുഖ്യജോലി. തെക്കന്‍ ജില്ലയിലെ അഴഗിരിയുടെ നിരവധി അനുയായികള്‍ക്ക് പാര്‍ട്ടിപ്പണി നഷ്ടമായി. സ്വന്തമെന്ന് കരുതിയ ഗുണ്ടകള്‍ പോലും കാലുമാറിത്തുടങ്ങിയതോടെയാണ് അഴഗിരി അറ്റകൈപ്രയോഗത്തിനിറങ്ങിയത്.
2ജി അഴിമതിയുടെ പങ്കുപറ്റിയ പാര്‍ട്ടി നേതാക്കള്‍ ആരൊക്കെയെന്ന് എ. രാജക്കറിയാം. കലൈജ്ഞര്‍ ടി.വി 200 കോടി കോഴ വാങ്ങിയ കേസില്‍പോലും നിരപരാധിയായ കനിമൊഴി ആറുമാസം ജയിലില്‍ കിടന്നു. കോഴയിടപാട് നടക്കുമ്പോള്‍ കലൈജ്ഞര്‍ ടി.വിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാറില്ലാത്തയാളാണ് കനിമൊഴി. ബാല്‍വമാരില്‍നിന്ന് പണം നേരിട്ടുവാങ്ങിയ ഡി.എം.കെ നേതാവ് ആരാണെന്ന കാര്യവും രാജക്കറിയാം. ജാമ്യത്തിലിറങ്ങി രാജ ഇക്കാര്യം തുറന്നുപറയണമെന്നാണ് അഴഗിരിയുടെ ആവശ്യം. ലക്ഷ്യം മറ്റാരുമല്ല, മുഖ്യപ്രതിയോഗിയായ ഇളയസഹോദരന്‍ തന്നെ.
2ജി കേസിലെ ജീവിക്കുന്ന മുഖ്യതെളിവായ രാജ, ജാമ്യത്തിലിറങ്ങാന്‍ ശ്രമിക്കാതെ ഒരു കൊല്ലത്തിലേറെ ജയിലില്‍ കഴിച്ചുകൂട്ടിയത് ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ്. അഴഗിരിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം ജാമ്യാപേക്ഷ നല്‍കി പുറത്തിറങ്ങിയതും ഇതേ കാരണം കൊണ്ടുതന്നെയെന്നാണ് സൂചന. പരസ്യപ്രസ്താവനകളേക്കാള്‍ രാജയെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടിക്കുള്ളില്‍ വിലപേശാനാവും അഴഗിരി മുതിരുക. അതെന്തായാലും ജയിലിനകത്തെ രാജയെക്കാള്‍ അരക്ഷിതാവസ്ഥയിലാണ് ജയിലിനു പുറത്തെ രാജ.

നിങ്ങളുടെ അഭിപ്രായങ്ങള്‍