Fri, 05/25/2012 - 00:34 ( 51 weeks 3 daysago)
ചെന്നൈ: ഐ.പി.എല്ലില്‍ മറ്റൊരു ദല്‍ഹി ഡെയര്‍ ഡെവിള്‍സ്- ചെന്നൈ സൂപ്പര്‍ കിങ്സ് പോരാട്ടം ആരും പ്രതീക്ഷിച്ചതല്ല. 16ല്‍ 11ഉം ജയിച്ച് അനായാസം പ്ലേ ഓഫ് റൗണ്ടില്‍ കടന്ന ദല്‍ഹി ഒന്നാം ക്വാളിഫയര്‍ ജയിച്ച് ഫൈനലില്‍ പ്രവേശിക്കുമെന്ന് കരുതിയവരേറെ. നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ മാത്രം അവസാന നാലില്‍പ്പെട്ട ചെന്നൈ എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കരുത്തിന് മുന്നില്‍ മുട്ടുമടക്കുമെന്നും തോന്നിച്ചതാണ്. എന്നാല്‍, ട്വന്റി20യുടെ അനിശ്ചിതത്വം ദല്‍ഹിക്ക് തോല്‍വിയും ചെന്നൈക്ക് ജയവും സമ്മാനിച്ചപ്പോള്‍ വെള്ളിയാഴ്ചത്തെ രണ്ടാം ക്വാളിഫയര്‍ വീരേന്ദര്‍ സെവാഗ്-എം.എസ്. ധോണി പോരാട്ടത്തിന്റെതായി.
പ്രാഥമിക റൗണ്ടില്‍ ഇരു ടീമും ബലാബലത്തിലായിരുന്നു. ദല്‍ഹിയില്‍ നടന്ന ആദ്യ കളിയില്‍ ഡെയര്‍ ഡെവിള്‍സ്, ചെന്നൈയെ 120ന് താഴെ ഒതുക്കി എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ആഘോഷിച്ചു. ചെന്നൈയില്‍ സൂപ്പര്‍ കിങ്സ് ഇതിന് അതേ നാണയത്തില്‍ മറുപടിയും കൊടുത്തു. എതിരാളികളെ 120 കടക്കാന്‍ സമ്മതിക്കാതിരുന്ന ആതിഥേയര്‍ കളി സ്വന്തമാക്കിയത് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി. അതിനാല്‍ത്തന്നെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ എതിരാളികള്‍ ആരാവും എന്ന് പ്രവചിക്കുക ദുഷ്കരം.
ചെകുത്താന് ജയിക്കണം
ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ടീം ഏതെന്ന ചോദ്യത്തിന് ദല്‍ഹി എന്ന ഉത്തരമേയുള്ളൂ. കഴിഞ്ഞ വര്‍ഷങ്ങളില്‍ വേഗം മടങ്ങിയ സെവാഗിന്റെ സംഘം ഇക്കുറി പ്രാഥമിക റൗണ്ടില്‍ ആദിമധ്യാന്തം തിളങ്ങിനിന്നു. അങ്ങനെ ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ രണ്ടാം തവണ മാത്രം ദല്‍ഹിക്ക് സെമി ഫൈനല്‍ പ്രവേശവും കിട്ടി.
പുണെയില്‍ ചൊവ്വാഴ്ച നടന്ന ഒന്നാം ക്വാളിഫയറില്‍ കൊല്‍ക്കത്തയോടേറ്റ തോല്‍വിയുടെ ക്ഷീണം ടീമിനെ ഇനിയും വിട്ടുമാറിയിട്ടില്ല. സെവാഗ്, ഡേവിഡ് വാര്‍നര്‍, മഹേല ജയവര്‍ധനെ, റോസ് ടെയ്ലര്‍, നമാന്‍ ഓജ, വേണുഗോപാല്‍ റാവു എന്നിങ്ങനെ കരുത്തര്‍ അടങ്ങിയ ബാറ്റിങ് നിരക്ക് 163 എന്ന ലക്ഷ്യം മനസ്സുവെച്ചാല്‍ അപ്രാപ്യമായിരുന്നില്ല. ജയിക്കാന്‍ 32 പന്തില്‍ 55 റണ്‍സ് മാത്രം മതിയായിരുന്ന ഘട്ടത്തിലാണ് ജയവര്‍ധനെ നാലാമനായി പുറത്താവുന്നത്. എന്നാല്‍, ക്രീസിലുണ്ടായിരുന്ന റാവു അനാവശ്യമായി പന്തുകള്‍ ഒഴിവാക്കിക്കളഞ്ഞത് വിനയായി. മത്സരഫലം മാറ്റിമറിക്കാന്‍ ശേഷിയുള്ള ടെയ്ലറെ നിര്‍ണായകഘട്ടത്തില്‍ ഇറക്കാതെ ഏഴാമനായാണ് പ്രതിഷ്ഠിച്ചത്. അദ്ദേഹം എത്തുമ്പോഴേക്കും കളി കൈവിട്ടിരുന്നു. വെടിക്കെട്ടുകാരനായ ഇര്‍ഫാന്‍ പത്താനും അവസാനഘട്ടത്തില്‍ എന്തെങ്കിലും ചെയ്യാന്‍ മാത്രം സമയം ബാക്കി കിട്ടിയില്ല.
വിക്കറ്റ് വേട്ടയില്‍ മുന്‍ നിരയിലുള്ള മോര്‍നെ മോര്‍ക്കലും ഉമേഷ് യാദവുമാണ് ഇര്‍ഫാനൊപ്പം ബൗളിങ്ങിലെ പ്രധാന കുന്തമുനകള്‍. നാലാം പേസറായി വരുണ്‍ ആരോണുമുണ്ട്. സ്പിന്നര്‍മാര്‍ അധികം ആവശ്യമെങ്കില്‍ പവന്‍ നെഗിക്ക് പുറമെ ഷഹബാസ് നദീമും കളിക്കും. ഏതായാലും കഴിഞ്ഞ കളിയിലെ അബദ്ധം ആവര്‍ത്തിക്കാതിരിക്കാനായിരിക്കും ഇന്ന് വീരുവിന്റെ ശ്രമം.
തോല്‍ക്കാതിരിക്കാന്‍ രാജാവ്
ഇന്ന് ദല്‍ഹിയെ തോല്‍പിച്ച് ഫൈനലിലെത്തിയാല്‍ ധോണിപ്പടയെ കാത്തിരിക്കുന്നത് ഹാട്രിക് കിരീടമാണ്. ഭാഗ്യം അകമ്പടിയാക്കിയാണ് ഇത്തവണ അവര്‍ പ്ലേ ഓഫില്‍ കടന്നതെങ്കിലും ബംഗളൂരുവില്‍ ബുധനാഴ്ച എലിമിനേറ്ററില്‍ മുംബൈക്കെതിരെ ടീം നേടിയത് ആധികാരിക ജയം. ആ പ്രകടനം തുടര്‍ന്നാല്‍ മൂന്നാം തവണയും അവര്‍ കലാശക്കളിയിലേക്ക് യോഗ്യത നേടുമെന്ന് തീര്‍ച്ച.
മുംബൈക്കെതിരെ ഈ സീസണിലെ പ്രഥമ ജയമായിരുന്നു ചെന്നൈയുടെത്. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ കിങ്സ് തുടക്കത്തില്‍ വന്‍തകര്‍ച്ചയെ അഭിമുഖീകരിച്ചിരുന്നു. എന്നാല്‍, അവസരത്തിനൊത്തുയര്‍ന്ന ധോണി ടീമിന് 187 എന്ന കൊള്ളാവുന്ന സ്കോര്‍ സമ്മാനിച്ചു. സചിന്‍ ടെണ്ടുല്‍കറില്‍ തുടങ്ങുന്ന വമ്പന്മാരടങ്ങിയ ബാറ്റിങ് നിരക്ക് പക്ഷേ, ചെന്നൈ കുറിച്ച വിജയലക്ഷ്യം അത്ര വലുതൊന്നുമായിരുന്നില്ല. മറുപടിയുടെ ആരംഭത്തില്‍ അതിന്റെ സൂചനയും മുംബൈ ഓപണര്‍മാര്‍ നല്‍കിയെങ്കിലും പിന്നെപ്പിന്നെ എല്ലാം കൈവിട്ടു. 38 റണ്‍സിന്റെ ജയം ചെന്നൈക്ക് സമ്മാനിച്ച് ഹര്‍ഭജന്‍സിങ്ങിന്റെ ടീം പുറത്താവുകയും ചെയ്തു.
സ്വന്തം കാണികളുടെ മുന്നില്‍ ഇറങ്ങുക എന്ന സൗഭാഗ്യം ചെന്നൈക്ക് കിട്ടിയത് അപ്രതീക്ഷിതമായാണ്. മത്സരവേദികള്‍ മുമ്പ് നിശ്ചയിച്ചതായിരുന്നെങ്കിലും തിരിഞ്ഞുമറിഞ്ഞ് സൂപ്പര്‍ കിങ്സ് തന്നെ ചെപ്പോക്കിലെത്തി. ധോണിക്ക് പുറമെ മൈക്ക് ഹസി, എസ്. ബദരീനാഥ്, സുരേഷ് റെയ്ന, മുരളീ വിജയ്, രവീന്ദ്ര ജദേജ തുടങ്ങിയവരിലാണ് ബാറ്റിങ് പ്രതീക്ഷകള്‍. ഓള്‍ റൗണ്ട് മികവുമായി ഡ്വയ്ന്‍ ബ്രാവോ കളം വാഴുന്നു. ബെന്‍ ഹില്‍ഫെന്‍ഹോസ്, ആല്‍ബി മോര്‍ക്കല്‍, ആര്‍. അശ്വിന്‍ തുടങ്ങിയവര്‍ ബൗളര്‍മാരായുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍