Fri, 05/25/2012 - 00:30 ( 1 year 1 dayago)
അരയും തലയും മുറുക്കി ബോള്‍ട്ട്
(+)(-) Font Size
അരയും തലയും മുറുക്കി ബോള്‍ട്ട്
ഇന്ന് ഒസ്ട്രാവ മീറ്റ്

ഒസ്ട്രാവ (ചെക് റിപബ്ലിക്): സ്പ്രിന്റ് രാജന്‍ ഉസൈന്‍ ബോള്‍ട്ടിന്റെ ഒളിമ്പിക് സീസണ് വെള്ളിയാഴ്ച തുടക്കം. യൂറോപ്യന്‍ മണ്ണായ ഒസ്ട്രാവയിലെ ഗോള്‍ഡന്‍ സ്പൈക്ക് മീറ്റില്‍ 100 മീറ്റര്‍ ഓട്ടത്തിനിറങ്ങുന്ന ജമൈക്കക്കാരന് ഉദ്ദേശ്യം ഒന്നേയുള്ളൂ, കൂടുതല്‍ കരുത്തനായി ലണ്ടന്‍ യാത്രക്കൊരുങ്ങുക.
മേയ് അഞ്ചിന് സ്വന്തം നാടായ ജമൈക്കയിലെ കിങ്സ്റ്റണിലാണ് 25 കാരന്‍ ഈ വര്‍ഷം ആദ്യമായി 100 മീറ്ററിലിറങ്ങിയത്. 9.82 സെക്കന്‍ഡ് സമയത്തിലായിരുന്നു ഫിനിഷ്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ സ്ഥാപിച്ച ലോക റെക്കോഡ് പുതുക്കി 2009ല്‍ ബെര്‍ലിന്‍ ലോക മീറ്റില്‍ കുറിച്ച 9.58 സെക്കന്‍ഡ് എന്ന സമയത്തെക്കുറിച്ച് കാര്യമായി ചിന്തിക്കുന്നില്ലെങ്കിലും ഒസ്ട്രാവയില്‍ 9.7 എങ്കിലും ആഗ്രഹിക്കുന്നുണ്ട് ബോള്‍ട്ട്. ലണ്ടനില്‍ കാര്യങ്ങള്‍ അനുകൂലമായാല്‍ അദ്ദേഹത്തിന് 9.4 സെക്കന്‍ഡില്‍ വരെ എത്താന്‍ കഴിയുമെന്നാണ് മുന്‍ സ്വര്‍ണമെഡല്‍ ജേതാവും ഒളിമ്പിക്സിന്റെ പ്രധാന സംഘാടകരിലൊരാളുമായ ലോര്‍ഡ് കോയുടെ പക്ഷം.
നേരത്തെ മരുന്നടിയില്‍ കുടുങ്ങി വിലക്ക് ലഭിക്കുകയും കോടതി കുറ്റവിമുക്തനാക്കിയതിന് ശേഷം ലണ്ടനിലേക്ക് യോഗ്യത നേടുകയും ചെയ്ത ബ്രിട്ടീഷ് താരം ഡ്വെയ്ന്‍ ചേംബേഴ്സ് വെള്ളിയാഴ്ച ബോള്‍ട്ടിനൊപ്പം 100 മീറ്ററില്‍ ഇറങ്ങുന്നുണ്ട്. ഒരു പ്രധാന ചാമ്പ്യന്‍ഷിപ്പില്‍ ഇരുവരും ഒരുമിച്ച് മത്സരിക്കുന്നത് ഇതാദ്യമാണ്. ബ്രിട്ടനിലെ നിയമം ചേംബേഴ്സിന് അനുമതി നല്‍കുന്നുവെങ്കില്‍ ഇക്കാര്യത്തില്‍ തനിക്കൊന്നും പറയാനില്ലെന്നായിരുന്നു ബോള്‍ട്ടിന്റെ പ്രതികരണം. ജമൈക്കക്കാരന്റെ മികവിനെ വാഴ്ത്തിയ ചേംബേഴ്സ് തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
200 മീറ്റര്‍ 19.83 സെക്കന്‍ഡില്‍ ലോക റെക്കോഡോഡെ പൂര്‍ത്തിയാക്കിയാണ് ബെയ്ജിങ്ങില്‍ ബോള്‍ട്ട് സ്വര്‍ണ ജേതാവായത്. തുടര്‍ന്ന്് ബെര്‍ലിനില്‍ ഇത് 19.19 ആക്കി പുതുക്കാന്‍ അദ്ദേഹത്തിനായി. ഒസ്ട്രാവയില്‍ ഈ ഇനത്തില്‍ ബോള്‍ട്ട് പങ്കെടുക്കുന്നില്ലെന്നതിനാല്‍ അമേരിക്കക്കാരായ വാള്‍ട്ടര്‍ ഡിക്സും വാലേസ് സ്പിയര്‍മോനും ബെയ്ജിങ് സമയത്തിന് ഭീഷണിയുയര്‍ത്തുന്നുണ്ട്.
കഴിഞ്ഞ ഒളിമ്പിക്സില്‍ 4 ഃ 100 മീറ്റര്‍ റിലേ ടീമില്‍ അംഗവുമായിരുന്ന ബോള്‍ട്ട് ഇതടക്കം മൂന്നു സ്വര്‍ണമാണ് നേടിയത്. ആ പ്രകടനം ഇക്കുറിയും ആവര്‍ത്തിക്കാനാവുമെന്ന വിശ്വാസത്തിലാണ്. മേയ് 31ന് റോമിലും ജൂണ്‍ ഏഴിന് ഓസ്ലോയിലും നടക്കുന്ന ഡയമണ്ട് ലീഗ് മീറ്റുകളിലും ബോള്‍ട്ട് പങ്കെടുക്കുന്നുണ്ട്.
തുടര്‍ന്ന് പരിശീലനത്തിനായി ജമൈക്കയിലേക്ക് മടങ്ങും. ഒളിമ്പിക്സിന് മുമ്പ് താരത്തിന്റെ അവസാന മത്സരം മൊണാക്കോയില്‍ ജൂലൈ 20ന് നടക്കുന്ന ഡയമണ്ട് ലീഗാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus