Fri, 05/25/2012 - 00:25 ( 51 weeks 2 daysago)
സര്‍വീസസിനെ കീഴടക്കാനാകും -ജേക്കബ്
(+)(-) Font Size
സര്‍വീസസിനെ കീഴടക്കാനാകും -ജേക്കബ്

കട്ടക് (ഒഡിഷ): സര്‍വീസസിനെതിരായ സന്തോഷ് ട്രോഫി സെമിഫൈനലില്‍ സ്വതസിദ്ധമായ ഗെയിം പുറത്തെടുക്കാനാകും കേരളത്തിന്റെ ശ്രമമെന്ന് കോച്ച് എം.എം. ജേക്കബ്. സെമി ഫൈനലിലേക്കുള്ള പ്രയാണത്തിനിടെ നേരിട്ട എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍വീസസിനെ കീഴടക്കാനാകുമെന്നാണ് വിശ്വാസമെന്നും ജേക്കബ് ടെലിഫോണില്‍ 'മാധ്യമ'ത്തോടു പറഞ്ഞു. 'സര്‍വീസസിനെതിരായ സെമിഫൈനലില്‍ ആത്മവിശ്വസത്തോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍, അമിത ആത്മവിശ്വാസം അപ്പോഴുമില്ല. അവര്‍ മികച്ച കളി കാഴ്ചവെക്കുന്ന നിരയാണ്. ഇത്തരമൊരു മത്സരത്തില്‍ ഒരിക്കലും അവരെ എഴുതിത്തള്ളാന്‍ കഴിയില്ല. ടൂര്‍ണമെന്റില്‍ നമ്മള്‍ ഇതുവരെ പുറത്തെടുത്ത ഗെയിമിന്റെ ആവര്‍ത്തനമാണ് സെമിയിലും ഉന്നമിടുന്നത്. പ്രീ ക്വാര്‍ട്ടര്‍ ലീഗിലും ക്വാര്‍ട്ടര്‍ ലീഗിലുമടക്കം എല്ലാ മത്സരങ്ങളിലും ടീം പ്രശംസനീയമായ പ്രകടനമാണ് പുറത്തെടുത്തത്. അവസരങ്ങള്‍ പലതും പാഴാക്കുന്നതൊഴിച്ചാല്‍ മറ്റെല്ലാ മേഖലയിലും സംതൃപ്തിയേകുന്ന പ്രകടനമാണ് കുട്ടികളുടേത്. കഴിഞ്ഞ മത്സരങ്ങളില്‍ അവലംബിച്ച അതേ തന്ത്രങ്ങളിലൂന്നിയാകും സര്‍വീസസിനെതിരെയും പന്തുതട്ടുകയെന്നും കോച്ച് വ്യക്തമാക്കി.
'ടൂര്‍ണമെന്റിനു മുന്നോടിയായി വേണ്ടത്ര ഒരുക്കം നടത്താന്‍ കഴിഞ്ഞുവെന്നതാണ് മികച്ച പ്രകടനത്തിന് തുണയാകുന്നത്. നായനാര്‍ കപ്പില്‍ കളിക്കാന്‍ കഴിഞ്ഞത് മിക്ക താരങ്ങള്‍ക്കും ആവശ്യത്തിന് മത്സരപരിചയം ആര്‍ജിക്കാന്‍ അവസരമൊരുക്കി. ചിരാഗ് യുനൈറ്റഡിനെതിരെ പരിശീലന മത്സരങ്ങളില്‍ കളിച്ചതും ഏറെ ഗുണം ചെയ്തു. കുറേ മത്സരങ്ങളില്‍ ഒന്നിച്ചു കളിക്കാന്‍ കഴിഞ്ഞത് ടീമിന് മികച്ച ഒത്തിണക്കം കാട്ടാന്‍ സഹായകമായി. സന്തോഷ് ട്രോഫിയില്‍ മത്സര പരിചയം താരതമ്യേന കുറഞ്ഞ യുവതാരങ്ങളെയാണ് കേരളം കളത്തിലിറക്കുന്നതെങ്കിലും സഭാ കമ്പം കൂടാതെ കളിച്ചു തെളിയാന്‍ മുന്നൊരുക്കം തുണയാവുകയും ചെയ്തു. ക്ളസ്റ്റര്‍ മത്സരങ്ങള്‍ മുതല്‍ കളിച്ചു മുന്നേറേണ്ടി വന്നത് കട്ടക്കിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ തുണയായി. മത്സരങ്ങള്‍ക്കിടെ കാര്യമായ ഇടവേളകളില്ലെങ്കിലും അനുയോജ്യമായ കോമ്പിനേഷന്‍ രൂപപ്പെടുത്തിയെടുക്കുന്നതിനും അതു ഗുണകരമായെന്നു പറയാം. -ജേക്കബ് കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus