Thu, 05/24/2012 - 10:41 ( 51 weeks 5 daysago)
വന്യവേഗത്തിന്‍െറ കരുത്തില്‍ ക്രീസിലേക്ക് വജ്രാസ്ത്രമെയ്യുന്ന പൂര്‍വസൂരികളില്‍നിന്ന് സുനില്‍ നാരായണ്‍ തീര്‍ത്തും വ്യത്യസ്തന്‍. കരീബിയന്‍ ക്രിക്കറ്റിന്‍െറ വസന്തകാലത്ത് കളിയെ അത്രമേല്‍ പ്രണയിച്ചിരുന്ന പിതാവ്, മകന് സുനില്‍ നാരായണെന്ന് പേരിട്ടതിന്‍െറ പ്രചോദനം ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കറായിരുന്നു. ഗവാസ്കറെപ്പോലെ മകന്‍ ബാറ്റിങ്ങില്‍ കേമനാകുമെന്ന് പ്രതീക്ഷിച്ച പിതാവിനെ അമ്പരപ്പിച്ച് സുനില്‍ ബൗളിങ് ക്രീസിലേക്ക് തിരിഞ്ഞു. വേഗത്തിന്‍െറ മുഴുനീള റണ്ണപ്പുകളോട് മുഖംതിരിച്ച് പന്തിന്‍െറ വെട്ടിത്തിരിയലുകളില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന സ്പിന്‍ ബൗളിങ്ങിലേക്കായിരുന്നു ആ ഗതിമാറ്റം.
ശനിയാഴ്ച 24 വയസ്സ് തികയുന്ന ഈ ട്രിനിഡാഡുകാരന് രാജ്യാന്തര ക്രിക്കറ്റില്‍ അത്രവലിയ പരിചയസമ്പത്തൊന്നുമില്ല. വെസ്റ്റിന്‍ഡീസ് അണ്ടര്‍ 19 ടീമില്‍ കളിച്ച അനുഭവവും പിന്നെ എട്ടു ഏകദിനങ്ങളില്‍ കരീബിയന്‍ ജഴ്സിയില്‍ പന്തെറിഞ്ഞ പരിചയവും മാത്രമുണ്ട് എടുത്തുപറയാന്‍. എട്ടു കളികളില്‍ 14 വിക്കറ്റ് സ്വന്തമാക്കി. ട്വന്‍റി20 ക്രിക്കറ്റില്‍ രാജ്യാന്തര പാകത തീരെയില്ലെന്നുതന്നെ പറയാം. രണ്ടു കളികളില്‍ വിക്കറ്റൊന്നുമില്ല. ഒരു പരിശീലന മത്സരത്തില്‍ പത്തു വിക്കറ്റും കീശയിലാക്കിയ മിടുക്കാണ് ആദ്യമായി വിന്‍ഡീസ് ടീമില്‍ ഇടം നല്‍കിയത്.
*****
ഏറെയൊന്നും അവകാശപ്പെടാനില്ലാത്ത ഈ നാണംകുണുങ്ങിയെ ഏഴു ലക്ഷം ഡോളറിന് ഷാരൂഖ് ഖാന്‍ തന്‍െറ ഐ.പി.എല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്‍െറ അണിയിലെത്തിക്കുമ്പോള്‍ ചുളിഞ്ഞ പുരികങ്ങള്‍ ഏറെയായിരുന്നു. അഞ്ചാം ഐ.പി.എല്‍ സീസണിന് തുടക്കമാകുമ്പോള്‍ സ്പിന്നര്‍മാര്‍ നിറഞ്ഞ കൊല്‍ക്കത്തയില്‍ നാരായണിനെ ആരും അത്ര ഗൗരവത്തിലെടുത്തിരുന്നില്ലെന്നുവേണം കരുതാന്‍. എന്നാല്‍, കളി പുരോഗമിക്കുന്തോറും കാര്യങ്ങള്‍ മാറിത്തുടങ്ങി. വിന്‍ഡീസുകാരന്‍െറ കൗശലപൂര്‍ണമായ ഓഫ്സ്പിന്‍, കൂറ്റനടിക്ക് ക്രീസിലെത്തിയ എതിരാളികളുടെ മുട്ടുവിറപ്പിക്കുന്നത് പതിവുകാഴ്ചയായി. തന്‍െറ പ്രതിരോധം തകര്‍ത്ത് നാരായണിന്‍െറ പന്ത് മിഡില്‍സ്റ്റമ്പ് കടപുഴക്കുന്നത് കണ്ട് സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍കര്‍ പോലും അമ്പരന്നു. 24 വിക്കറ്റുമായി തകര്‍പ്പന്‍ ഫോം പ്രകടിപ്പിക്കുന്ന നാരായണ്‍ പര്‍പ്പ്ള്‍ ക്യാപിനുള്ള മത്സരത്തില്‍ ഒന്നാമതുള്ള മോര്‍നെ മോര്‍ക്കലിന് ഒരു വിക്കറ്റ് മാത്രം പിന്നിലാണിപ്പോള്‍. ഐ.പി.എല്ലില്‍ ആദ്യമായി കൊല്‍ക്കത്ത ഫൈനലിലെത്തിയപ്പോള്‍ അതിനുപിന്നിലെ നിര്‍ണായക സാന്നിധ്യമായി ഈ ഇന്ത്യന്‍ വംശജന്‍.
്നനാരായണിന്‍െറ കൈയില്‍നിന്ന് പന്ത് പുറപ്പെടുന്നത് ഗണിച്ചെടുത്തശേഷം ഷോട്ട് സെലക്ഷന് ബാറ്റ്സ്മാന്മാര്‍ക്ക് കുറഞ്ഞ സമയമേ ലഭിക്കുന്നുള്ളൂവെന്നത് ബൗളിങ്ങിന്‍െറ പ്രത്യേകതയായി വിലയിരുത്തപ്പെടുന്നു. ബൗളര്‍മാര്‍ക്ക് അവസരം നല്‍കാതെ വീരേന്ദര്‍ സെവാഗ് ബാറ്റു വീശുന്നതിന്‍െറ എതിര്‍പതിപ്പായി നാരായണിനെ ചിലര്‍ വിലയിരുത്തുന്നു. ‘നിരന്തര പരിശീലനം വഴിയാണ് ഞാന്‍ ഇത് പഠിച്ചെടുത്തത്. എനിക്ക് പ്രത്യേകിച്ച് ഗുരുക്കന്മാരൊന്നുമില്ല. ഇപ്പോഴത്തെ ശൈലിയിലേക്ക് ബൗളിങ് വികസിപ്പിച്ചെടുക്കാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്’-നാരായണ്‍ പറയുന്നു. 2011ല്‍ ബൗളിങ് ആക്ഷനില്‍ ചിലര്‍ സംശയം ഉന്നയിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വഴങ്ങിയാണ് തെറ്റുകാരനല്ലെന്ന് ബോധ്യപ്പെടുത്തിയത്.
എന്നാല്‍, നാരായണിന്‍െറ ഇപ്പോഴത്തെ മിടുക്ക് അദ്ദേഹത്തെ ആളുകള്‍ കളിച്ചുപരിചയിക്കുന്നതോടെ ഇല്ലാതാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പറയുന്നു. ശ്രീലങ്കന്‍ ബൗളര്‍ അജന്ത മെന്‍ഡിസിനെ ഇക്കാര്യത്തില്‍ ഗാംഗുലി ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്നു. എന്നാല്‍, ബാറ്റ്സ്മാന്മാര്‍ തന്‍െറ ബൗളിങ്ങിനെ പഠിച്ചെടുക്കുന്നതൊന്നും ആധി പിടിപ്പിക്കുന്നില്ലെന്നു പറഞ്ഞ നാരായണ്‍, കൃത്യതയോടെ പന്തെറിയുന്നതിലായിരിക്കും ഭാവിയിലും തന്‍െറ ശ്രദ്ധയത്രയുമെന്ന് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍