12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

പല്ല് കൊഴിയുന്ന നാറ്റോ

പല്ല് കൊഴിയുന്ന നാറ്റോ

ലോകത്തെ കൈയിലെടുത്ത് അമ്മാനമാടിയിരുന്ന നോര്‍ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ എന്ന സാമ്രാജ്യത്വ-മുതലാളിത്ത രാജ്യങ്ങളുടെ കൂട്ടുമുന്നണി എന്തുമാത്രം ദുര്‍ബലമായിപ്പോയി എന്നു വ്യക്തമാക്കുന്നതായിരുന്നു മേയ് 20, 21 തീയതികളില്‍ അമേരിക്കയിലെ ഷികാഗോയില്‍ നടന്ന നാറ്റോ ഉച്ചകോടി. ശക്തമായ എന്തെങ്കിലും തീരുമാനങ്ങളെടുക്കാനോ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ശക്തി പ്രകടിപ്പിക്കാനോ നാറ്റോക്ക് സാധിച്ചില്ല. അമേരിക്കയടക്കം 28 നാറ്റോ അംഗരാഷ്ട്രങ്ങളുടെ തലവന്മാരെക്കൂടാതെ 50 രാഷ്ട്ര നേതാക്കളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്. എന്നാല്‍, ഉച്ചകോടിയെക്കാള്‍ പലപ്പോഴും ശ്രദ്ധിക്കപ്പെട്ടത് അതിനെതിരെ ഷികാഗോയില്‍ നടന്ന രൂക്ഷവും ശക്തവുമായ ജനകീയ സമരപരിപാടികളായിരിക്കും. 'വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രക്ഷോഭ'ത്തിനുശേഷം അമേരിക്കയില്‍ ഉയര്‍ന്നുവരുന്ന ജനകീയ സമരങ്ങളുടെ തുടര്‍ച്ച ഷികാഗോ ഉച്ചകോടി പരിസരത്തും ശക്തമായിരുന്നു. മുതലാളിത്തത്തിന്റെ ഗര്‍ഭഗൃഹങ്ങളില്‍തന്നെ അതിനെതിരെയുയരുന്ന എതിര്‍ശബ്ദങ്ങള്‍ പുതിയ യൂറോ സോണ്‍ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.
11 വര്‍ഷംമുമ്പ്, നാറ്റോയുടെ മേല്‍വിലാസത്തില്‍, അമേരിക്കന്‍ നേതൃത്വത്തില്‍ തുടങ്ങിയ അഫ്ഗാന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചതാണ് നാറ്റോ ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നത്. 2014ഓടെ, അഫ്ഗാനിസ്താനില്‍ വിന്യസിച്ചിരിക്കുന്ന 1,30,000 നാറ്റോ സൈനികരെ പിന്‍വലിക്കാനുള്ള നിര്‍ദേശത്തിന് ഉച്ചകോടി അംഗീകാരം നല്‍കിയിരിക്കുകയാണ്. അഫ്ഗാനികളോടുള്ള സ്നേഹംകൊണ്ടോ അധിനിവേശത്തിനെതിരായ താത്ത്വിക നിലപാടുകൊണ്ടോ അല്ല ഈ പിന്മാറ്റ തീരുമാനം. മറിച്ച്, രണ്ടു ദിവസംകൊണ്ട് അഫ്ഗാനിസ്താനെ ഇടിച്ചുപൊളിച്ച് കൈയില്‍ കൊടുക്കാം എന്ന ചിന്തയുമായി അവിടെയെത്തിയ നാറ്റോ പടക്കെതിരെ അസാമാന്യമായ ചെറുത്തുനില്‍പാണ് താലിബാന്റെ നേതൃത്വത്തില്‍ അവിടെയുണ്ടായത്. 11 വര്‍ഷം കഴിഞ്ഞിട്ടും തലസ്ഥാനമായ കാബൂളിലെ ഏറ്റവും 'സുരക്ഷിത' കേന്ദ്രങ്ങളെപ്പോലും സംരക്ഷിച്ചുനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. നിരവധി നാറ്റോ ഭടന്മാര്‍ക്ക് ജീവഹാനി നേരിട്ടു. എല്ലാറ്റിലുമുപരി, അധിനിവേശത്തിന്റെ സാമ്പത്തിക ഘടകം അവരെ ശരിക്കും ഉലക്കുകയായിരുന്നു. നാല് ബില്യന്‍ ഡോളറാണ് ഈ വര്‍ഷത്തെ നാറ്റോയുടെ അഫ്ഗാന്‍ ചെലവ്. പ്രസ്തുത ചെലവിലേക്ക് അംഗരാജ്യങ്ങളുടെ വിഹിതം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉച്ചകോടിയിലെ അഭ്യര്‍ഥനക്ക് വളരെ വിരസമായ പ്രതികരണമാണ് ലഭിച്ചത്. ജൂലൈയില്‍ ഈ വിഷയത്തില്‍ ടോക്യോവില്‍ പ്രത്യേകം യോഗം വിളിക്കാനും തീരുമാനിച്ചിരിക്കുകയാണ്.
അഫ്ഗാനിസ്താനിലെ നാറ്റോ സൈനികര്‍ക്ക് ചരക്കുകളും വിഭവങ്ങളും എത്തിക്കാനുള്ള പാത പാകിസ്താന്‍ കഴിഞ്ഞ നവംബര്‍ മുതല്‍ അടച്ചിട്ടിരിക്കുകയാണ്. തങ്ങളുടെ 24 സൈനികരെ നാറ്റോ സേന വധിച്ചതാണ് പാകിസ്താന്റെ പ്രകോപനം. പാക് പ്രസിഡന്റ് ആസിഫലി സര്‍ദാരിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ച് പാത തുറക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പാകിസ്താന്‍ അതിന് സന്നദ്ധമായിട്ടില്ല. ദുര്‍ബലനും അമേരിക്കന്‍ ദാസനുമായ സര്‍ദാരിയാകട്ടെ, പാകിസ്താനിലെ കടുത്ത ജനരോഷം ഭയക്കുന്നതുകൊണ്ടാണ് പാത തുറക്കാന്‍ സന്നദ്ധമാകാത്തത്. ദിഫായെ പാകിസ്താന്‍ കമ്മിറ്റി എന്ന പേരില്‍ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മത, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍, നാറ്റോ പാത തുറക്കാനുള്ള നീക്കത്തിനെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ അവിടെ നേരത്തേ ആരംഭിച്ചുകഴിഞ്ഞിരുന്നു. അങ്ങനെ നാട്ടിലും മറുനാട്ടിലും ജനങ്ങളാല്‍ വെറുക്കപ്പെട്ട രാഷ്ട്രാന്തരീയ സംഘടനയായി നാറ്റോ മാറിയിരിക്കുകയാണ്.
റഷ്യന്‍ പ്രസിഡന്റ് പുടിനെ ഉച്ചകോടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. താഴേക്കിടയിലുള്ള ഉദ്യോഗസ്ഥരെ പറഞ്ഞയക്കുകയാണ് റഷ്യ ചെയ്തത്. അംഗരാജ്യങ്ങളില്‍ പുതിയ മിസൈല്‍ കവച റഡാര്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാനുള്ള നാറ്റോ തീരുമാനം റഷ്യയെ ചൊടിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ ആണവ, ആയുധ ലക്ഷ്യങ്ങളെ പുതിയ സംവിധാനം ബാധിക്കുമെന്ന് റഷ്യ ഭയക്കുന്നു. എന്നാല്‍, റഷ്യയല്ല, ഇറാനാണ് തങ്ങളുടെ ലക്ഷ്യമെന്ന് നാറ്റോ ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും വിശ്വാസത്തിലെടുക്കാന്‍ അവര്‍ സന്നദ്ധമായിട്ടില്ല. മിസൈല്‍ കവച പദ്ധതിക്കെതിരെ അതിര്‍ത്തിയില്‍ റോക്കറ്റുകള്‍ വിന്യസിക്കുമെന്ന് റഷ്യ ഭീഷണി മുഴക്കുകയും ചെയ്തിട്ടുണ്ട്.
യൂറോസോണ്‍ പ്രതിസന്ധി (യൂറോ വിനിമയ നാണയമായി ഉപയോഗിക്കുന്ന രാജ്യങ്ങളിലെ സാമ്പത്തിക ഉലച്ചില്‍) നാറ്റോയുടെ സാധ്യതകളെ അത്യന്തം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അഫ്ഗാനിസ്താന്‍ അടക്കമുള്ള ഏറ്റെടുത്ത ദൗത്യങ്ങള്‍ മാന്യമായി അവസാനിപ്പിക്കാനുള്ള വഴിയെക്കുറിച്ചാണ് അവര്‍ ചിന്തിക്കുന്നത്. ലോകത്തെ വിറപ്പിച്ചുനിര്‍ത്തിയിരുന്ന ഈ സാമ്രാജ്യത്വ സ്ഥാപനത്തിന്റെ പല്ലുകള്‍ കൊഴിയുന്നതിന്റെ ചിത്രമാണ് ഷികാഗോ ഉച്ചകോടി നല്‍കിയത്. ഒപ്പം, പുതിയ ലോകക്രമത്തിനായി ലോകത്താകമാനം ഉയര്‍ന്നുപൊങ്ങുന്ന ജനകീയ പ്രതിരോധ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം നേടിക്കൊണ്ടിരിക്കുന്നു എന്ന ആഹ്ലാദവും. ഏകധ്രുവ ലോകം എന്ന പേരില്‍ നമ്മളൊക്കെ ആശങ്കിച്ചിരുന്ന കാര്യങ്ങളൊന്നും അത്ര എളുപ്പത്തില്‍ നടക്കാന്‍ പോകുന്നില്ലെന്നും ലോകം ഒരുപാട് മാറിപ്പോയെന്നുമുള്ള സന്ദേശമാണ് പുതിയ സംഭവഗതികള്‍ നല്‍കുന്നത്. ഇനിയും ഏറെ മാറേണ്ട ലോകത്ത് അതിനായി പണിയെടുക്കുന്നവര്‍ക്ക് തീര്‍ച്ചയായും പ്രതീക്ഷകളുമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com