വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലെ യു.എസ് അംബാസഡര്‍ റയാന്‍ ക്രോക്കര്‍ സ്ഥാനമൊഴിയുന്നു. ഷികാഗോയിലെ നാറ്റോ ഉച്ചകോടി അവസാനിച്ച് മണിക്കൂറുകള്‍ക്കുശേഷമാണ് അദ്ദേഹത്തിന്റെ വിരമിക്കല്‍ വാര്‍ത്ത പുറത്തുവന്നത്. ഇറാഖ്, പാകിസ്താന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ അമേരിക്കന്‍ ദൂതനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന നയതന്ത്രജ്ഞനാണ് റയാന്‍ ക്രോക്കര്‍.
ഏഷ്യന്‍ മേഖലയില്‍നിന്ന് വിരമിക്കുന്ന രണ്ടാമത്തെ നയതന്ത്ര പ്രതിനിധിയാണ് റയാന്‍ ക്രോക്കര്‍. പാകിസ്താനിലെ യു.എസ് അംബാസഡര്‍ കാമറണ്‍ മുള്ളര്‍ ഇസ്ലാമാബാദ് വിടുകയാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏത് ദിവസം വിരമിക്കുമെന്നോ വിരമിക്കലിന്റെ കാരണത്തെക്കുറിച്ചോ കൃത്യമായി പറയാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയാന്‍ തയാറായില്ല. അതേസമയം, അഫ്ഗാനിസ്താന്‍ ജോലി ചെയ്യാന്‍ ബുദ്ധിമുട്ടേറിയ പ്രദേശമാണെന്ന് ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2002ല്‍ അമേരിക്കന്‍ എംബസി കാബൂളില്‍ വീണ്ടും തുറന്നത് റയാന്‍ ക്രോക്കറിന്റെ നേതൃത്വത്തിലായിരുന്നു. അദ്ദേഹത്തിന്റെ സേവനം പരിഗണിച്ച് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം 2009ല്‍ ക്രോക്കറിന് നല്‍കിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍