Thu, 05/24/2012 - 00:17 ( 1 year 3 weeksago)
വിഖ്യാതതാരങ്ങളോട് ക്രിക്കറ്റ് ബോര്‍ഡ് കണക്ക് തീര്‍ത്തു
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബി.സി.സി.ഐ)ന്റെ ഒറ്റത്തവണ ആനുകൂല്യ പദ്ധതിയില്‍നിന്ന് വിഖ്യാത താരങ്ങളെ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദം കൊഴുക്കുന്നു. ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ കപില്‍ദേവ്, അന്നത്തെ ടീമില്‍ അംഗങ്ങളായിരുന്ന ദിലീപ് വെങ്സര്‍ക്കാര്‍, സയ്യിദ് കിര്‍മാനി, മോഹിന്ദര്‍ അമര്‍നാഥ്, കീര്‍ത്തി ആസാദ്, മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍, കിരണ്‍ മോറെ, ഗുണ്ടപ്പ വിശ്വനാഥ് തുടങ്ങിയവരാണ് ബി.സി.സി.ഐ പട്ടികയില്‍നിന്ന് പുറത്തായിരിക്കുന്നത്. ഐ.പി.എല്ലിലെ പ്ലേ ഓഫ് മുതല്‍ ഫൈനല്‍ വരെയുള്ള നാലു കളികളുടെ വേദിയില്‍ തുക കൈപ്പറ്റാന്‍ ക്ഷണിക്കപ്പെട്ടവരില്‍ മേല്‍പ്പറഞ്ഞവരില്ല. വിവിധ കാരണങ്ങളാലാണ് ഇവര്‍ ആനുകൂല്യപ്പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതെങ്കിലും വിവാദം മൂര്‍ച്ഛിച്ചതോടെ ചിലരുടെ കാര്യത്തില്‍ ബി.സി.സി.ഐ തീരുമാനം മാറ്റിയതായി അറിയുന്നു.
ആരാണീ കപില്‍ ദേവ്?
1983ല്‍ ഇന്ത്യക്ക് വേണ്ടി ലോകകിരീടം ഏറ്റുവാങ്ങിയ കപില്‍ദേവിന് വിനയായത് ബി.സി.സി.ഐയുമായുള്ള മോശം ബന്ധമാണ്. വിമത ടൂര്‍ണമെന്റായ ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിന്റെ (ഐ.സി.എല്‍) സൂത്രധാരന്‍ കപിലായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ബി.സി.സി.ഐ പൊതുമാപ്പ് പ്രഖ്യാപിച്ചെങ്കിലും അത് സ്വീകരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇതോടെ വിവിധ കാലങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ച 65 പേര്‍ ഉള്‍പ്പെടുന്ന ആനൂകൂല്യപ്പട്ടികയില്‍ നിന്ന് കപില്‍ പുറത്താവുകയും ചെയ്തു.
പരിപാടിക്ക് ക്ഷണിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നാണ് കപില്‍ ഈ നടപടിയോട് പ്രതികരിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിന് താന്‍ നല്‍കിയ സംഭാവനകള്‍ അവര്‍ക്ക് മനസ്സിലാക്കാനാവുന്നില്ലെങ്കില്‍ ഒരു നിര്‍വാഹവുമില്ല. ഇഷ്ടമുള്ളവരെ ക്ഷണിക്കുകയും ഒഴിവാക്കുകയും ചെയ്യാം. ഇക്കുറി ഐ.പി.എല്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും താന്‍ അത് ആസ്വദിക്കുന്നുണ്ടെന്നും തുടക്കത്തില്‍ ടൂര്‍ണമെന്റിനെ എതിര്‍ത്ത അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിമത ക്രിക്കറ്റ് ലീഗ് കൊണ്ടുവന്നതിനെ ന്യായീകരിക്കുന്നതിനാലാണ് കപിലിനെ പരിഗണിക്കാത്തതെന്ന് രണ്ടു ദിവസം മുമ്പ് ബി.സി.സി.ഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, ബുധനാഴ്ച ബോര്‍ഡ് ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഐ.സി.എല്‍ ബന്ധം മൂലമാണ് മുന്‍ ക്യാപ്റ്റനെ ആനുകൂല്യവിതരണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെങ്കിലും ഒന്നരക്കോടി രൂപയുടെ ചെക് അദ്ദേഹത്തിന് അയച്ചുകൊടുക്കുമെന്ന് ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
അതിനിടെ, പൊതുമാപ്പിന് അപേക്ഷിച്ച് തുക നേടാന്‍ ശ്രമിക്കുമെന്ന് മുന്‍ വിക്കറ്റ് കീപ്പറായ കിരണ്‍ മോറെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐക്ക് കത്തയച്ചതായി അദ്ദേഹം പറഞ്ഞു. കപിലിനെക്കൂടാതെ പൊതുമാപ്പ് സ്വീകരിക്കാതിരുന്ന ഏക മുന്‍ താരം മോറെയാണ്. അദ്ദേഹത്തിന്റെ അപേക്ഷ അധികൃതര്‍ സ്വീകരിക്കുന്ന പക്ഷം 60 ലക്ഷം രൂപ ആനുകൂല്യമായി ലഭിക്കും.
സഹായം കിട്ടിയവര്‍ക്ക്
വീണ്ടും കൊടുക്കാന്‍ പണമില്ല !
കോഴ വിവാദത്തെത്തുടര്‍ന്നുണ്ടായ ആജീവനാന്ത വിലക്കാണ് അസ്ഹറിന് തിരിച്ചടിയായതെങ്കില്‍ ദിലീപ് വെങ്സര്‍ക്കാര്‍, സയ്യിദ് കിര്‍മാനി, മോഹിന്ദര്‍ അമര്‍നാഥ്, ഗുണ്ടപ്പ വിശ്വനാഥ് എന്നിവരെ തഴയാന്‍ കാരണം മറ്റൊന്നാണ്. കളിക്കളം വിട്ടശേഷം ഇവര്‍ക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിന് ബി.സി.സി.ഐ പലപ്പോഴായി നടത്തിയ സൗഹൃദ മത്സരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിഖ്യാത താരങ്ങളെ മാറ്റി നിര്‍ത്തിയിരിക്കുന്നത്.
ഇന്ത്യയെ പ്രതിനിധാനംചെയ്ത കളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യ മാനദണ്ഡം അനുസരിച്ച് കിര്‍മാനിക്കും വെങ്സര്‍ക്കാറിനും ഒന്നരക്കോടിക്കും വിശ്വനാഥിന് ഒരു കോടിക്കും മോഹിന്ദറിന് 75 ലക്ഷം രൂപക്കും അവകാശമുണ്ട്. വിനു മങ്കാദ്, ഏകാന്ത് സോള്‍ക്കര്‍, രമാകാന്ത് ദേശായി, കൃപാല്‍ സിങ് എന്നിവരുടെ വിധവകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി. എന്നാല്‍, ലോകത്തെ ഏറ്റവും സമ്പത്തുള്ള രണ്ടാമത്തെ കായിക സംഘടനയായ ബി.സി.സി.ഐ ഇന്ത്യന്‍ ക്രിക്കറ്റിന്റെ യശസ്സുയര്‍ത്താന്‍ ഒരു പുരുഷായുസ്സ് നീക്കിവെച്ചവരെ എന്തിനാണ് ഒഴിവാക്കിയതെന്ന ചോദ്യം ബാക്കിയാവുകയാണ്. എല്ലാ കളിക്കാരെയും പരിപാടിയിലേക്ക് ക്ഷണിക്കാന്‍ കഴിയില്ലെന്നും പട്ടികയിലില്ലാത്തവര്‍ക്കും ചെക് അയച്ചുകൊടുക്കുമെന്നുമുള്ള വിശദീകരണവുമായി അധികൃതര്‍ ബുധനാഴ്ച രംഗത്തെത്തിയിട്ടുണ്ട്.
അപകീര്‍ത്തി ആസാദിന് വിന
ഏറ്റവുമൊടുവില്‍ ബി.സി.സി.ഐക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയയാളാണ് മുന്‍ താരവും ലോക്സഭാംഗവുമായ കീര്‍ത്തി ആസാദ്. ആനുകൂല്യപ്പട്ടികയില്‍നിന്ന് അവസാന നിമിഷം ആസാദിന്റെ പേരൊഴിവാക്കി അദ്ദേഹത്തോടും ക്രിക്കറ്റ് ബോര്‍ഡ് കണക്കുതീര്‍ത്തു. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഒരു പ്രതികരണവും അധികൃതര്‍ നല്‍കുന്നില്ല.
ഐ.പി.എല്ലിലെ കള്ളപ്പണം അന്വേഷിക്കണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ട ആസാദ് പണക്കൊഴുപ്പിന്റെ ടൂര്‍ണമെന്റ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഈയിടെ ദല്‍ഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന് മുന്നില്‍ നിരാഹാര സത്യഗ്രഹവും നടത്തിയിരുന്നു. എന്നാല്‍, ആനുകൂല്യ വിഷയം സംബന്ധിച്ച് ബി.സി.സി.ഐ ഇതുവരെ താനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ത്തന്നെ, പണം സ്വീകരിക്കുമോ ഇല്ലയോ എന്ന ചോദ്യത്തിന് നിലവില്‍ പ്രസക്തിയില്ലെന്നും ആസാദ് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍