12:30:26
18 Jun 2013
Tuesday
Facebook
Google Plus
Twitter
Rssfeed

ഒരു വഴിയേ ഉള്ളൂ

 ഒരു വഴിയേ ഉള്ളൂ

കാളിങ് ബെല്ലിന്റെ ഈണവും, പിന്നാലെ 'വത്സലേ!' എന്ന വിളിയും കേട്ട് എഴുത്തുമുറിയില്‍നിന്ന് ഞാന്‍ എഴുന്നേറ്റു ചെന്നപ്പോഴേക്ക് വീട്ടുകാരി ഉമ്മറവാതില്‍ തുറന്നിരുന്നു.
ഞങ്ങളെ ഇരുവരെയും ഹൈസ്കൂളില്‍ പഠിപ്പിച്ച ഗുരു മുന്നില്‍! 102 വയസ്സ് തികഞ്ഞ അദ്ദേഹം ചമ്രവട്ടം പാലവും ഞങ്ങളെയും കാണാന്‍ വന്നതാണ്.
'ചമ്രവട്ടത്തൊരു പാലം വന്നിട്ടു വേണം ഇനി ശാസ്താവിനെ അവിടെ വന്നു കാണാന്‍' എന്നു പറയുക പതിവാണ്, ഫോണിലായാലും ഞങ്ങള്‍ അരികില്‍ ചെല്ലുമ്പോഴും. അതിനൊരു അനുബന്ധവും പതിവാണ് -'പക്ഷേ, ഈ ജന്മം അതു സാധിക്കില്ല!'
നൂറാംപിറന്നാള്‍ ആഘോഷിച്ച വേളയില്‍, അന്ന് പാലം പണി തുടങ്ങിയിരുന്നതിനാല്‍, ആ അനുബന്ധം ഇങ്ങനെ മാറ്റി: 'എടോ, അത് സാധിക്കും!'
ഞങ്ങളെപ്പോലെ അനേകായിരങ്ങളെ ഞങ്ങളാക്കിയ മാതൃകാഗുരുനാഥനെ വണങ്ങി സ്വീകരിച്ചിരുത്തിയപ്പോള്‍ ഉറക്കെ ഒരു ചിരി, 'എന്തൊരു ഭാഗ്യം!' പിന്നാലെ ഒരു നെടുവീര്‍പ്പും, 'പാവം, കമലം തോണി കടക്കാന്‍ എത്ര കഷ്ടപ്പെട്ടു!' ഒരാണ്ടു മുമ്പ് മരിച്ചുപോയ ഭാര്യയുടെ വീട് തിരൂരാണ്.
ഏക മകള്‍ സതി വാരസ്യാര്‍ കുടുംബത്തെ കൊച്ചിയില്‍ തനിച്ചാക്കി അച്ഛനെ നോക്കാന്‍ പൊന്നാനിയില്‍ ഉണ്ട്. എന്റെ വീട്ടുകാരിയുടെ സഹപാഠിയായ അവര്‍ എന്തോ അത്യാവശ്യത്തിന് കൊച്ചിക്കു പോയിരിക്കയാണ്. തിരികെ വന്നിട്ടാവാം സാറിനെ ചെന്ന് വിളിച്ചുകൊണ്ടുവരുന്നത് എന്ന് വിചാരിച്ചു ഞങ്ങള്‍ ഇരിക്കെ സാര്‍ ക്ഷമയറ്റ് പുറപ്പെട്ട് മുന്നറിയിപ്പില്ലാതെ വന്നതാണ്.
'ധാരാളം മധുരമുള്ള നല്ല ചായ ആവാം!' എന്ന് എന്റെ വീട്ടുകാരിക്ക് കല്‍പന കൊടുത്ത് അദ്ദേഹം എന്റെ നേര്‍ക്കു വിരല്‍ ചൂണ്ടി. ആ നീണ്ടു കൂര്‍ത്ത വിരല്‍ ഇങ്ങനെ ചൂണ്ടിയാല്‍ ഒരു ചോദ്യം പിന്നാലെ വരുന്നു എന്നാണ് പണ്ടേ അര്‍ഥം.
'ദാരുണമായ ഒരു കൊല നടന്നിട്ട് എഴുത്തുകാരനായ നീ ഒന്നും മിണ്ടിയില്ലെന്ന് ആക്ഷേപമുണ്ടല്ലോ, എന്തു പറ്റി?'
'രണ്ടാഴ്ചക്കിടെ മൂന്നുവട്ടം പത്രങ്ങളില്‍ സങ്കടം കുറിച്ചിരുന്നു.'
'ചാനലിലൊന്നും...?'
'സങ്കടമന്വേഷിച്ച് അവരാരും വന്നില്ല.'
ഒരു നിമിഷത്തെ മൗനത്തിനു ശേഷം സാര്‍ തുടര്‍ന്നു: 'അല്ലെങ്കിലും ആര്‍ എത്ര പറഞ്ഞിട്ട് എന്താ കാര്യം? കഥയില്ലാത്ത അക്ഷരവൈരികളല്ലേ ഇത്തരം പാതകം ചെയ്യുന്നത്. ഒരു വരി കവിതയോ ഒരു മുത്തശ്ശിക്കഥയോ കേട്ട് അറിവുള്ളവര്‍ ആരെങ്കിലും ഈ അറുകൊല ചെയ്യുമോ? അപ്പൊപ്പിന്നെ വ്യാസനോ വാല്മീകിയോതന്നെ വീണ്ടും പിറന്ന് ലക്ഷം ശ്ലോകം എഴുതി പ്രതികരിച്ചാലും എന്തു ഫലം!'
അഞ്ചരപ്പതിറ്റാണ്ടിനു ശേഷം സാറിന്റെ ഒരു സ്ഥിരം പല്ലവി വീണ്ടും കേട്ടു: 'അരസികേഷു കവിത്വനിവേദനം ശിരസി മാലിഖ മാലിഖ മാലിഖ!'
ക്ളാസിലിരിക്കയാണെന്ന സ്വപ്നബോധത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നത് സാറിന്റെ 'അടിച്ചിരി' കേട്ടാണ്. തനിക്കും മറ്റുള്ളവര്‍ക്കും ഒരുപോലെ മുന്‍കൂര്‍ വേദനിക്കുന്ന ഒരു ചിരിയുണ്ട്, അടിക്കാന്‍ ചൂരലെടുക്കുമ്പോള്‍. ആരുടെയും നട്ടെല്ലിലൂടെ ഭയത്തിന്റെ അതിശൈത്യം അടിച്ചുകയറ്റാന്‍ ആ ചിരിക്കു കഴിവുണ്ടായിരുന്നു.
'ഒരു വഴിയുണ്ട്. നല്ല പൂശ! നല്ല ശീലം പഠിയുവോളം തുടയില്‍ ഒരു തരി തോലുണ്ടാകരുത്!'
യാത്ര പറയുമ്പോഴും സാന്ത്വനിപ്പിച്ചു, 'നീ വിഷമിക്കേണ്ട! വേറെ വഴി ഇല്ല!'
പാലത്തിലൂടെ അദ്ദേഹം പോയ ശേഷം ഊറിക്കൂടിയ ശൂന്യതയില്‍ വെറുതെ നില്‍ക്കെ ഞാന്‍ അമ്പരന്നു, പക്ഷേ, അങ്ങനെ ശിക്ഷിച്ചു നേരെയാക്കാന്‍ അക്ഷരം പിഴക്കാത്ത ആരുണ്ട് ഗുരുനാഥരായി ഇപ്പോള്‍!


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com