വെള്ളിത്തിര കീഴടക്കി 'ഛോട്ടാ ഭീം'

വെള്ളിത്തിര കീഴടക്കി 'ഛോട്ടാ ഭീം'

കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയിലാകമാനമുള്ള കുട്ടികളെ ടിവിക്കു മുമ്പില്‍ പിടിച്ചിരുത്തുന്ന ഛോട്ടാ ഭീം എന്ന ആനിമേഷന്‍ കഥാപാത്രം ഒടുവില്‍ വെള്ളിത്തിരയിലെത്തി. 'ഛോട്ടാ ഭീം ആന്‍ഡ് ദി കഴ്സ് ഓഫ് ദംയാന്‍' എന്ന ചിത്രം കഴിഞ്ഞാഴ്ചയാണ് റിലീസ് ചെയ്തത്. റിലീസിംഗ് കേന്ദ്രങ്ങളിലെല്ലാം ചിത്രം കുട്ടികള്‍ ആര്‍ത്തുല്ലസിച്ച് ആഘോഷമാക്കുകയാണ്.

കുട്ടികളുടെ ആനിമേഷന്‍ പരമ്പരയായ ഛോട്ടാ ഭീം 2008 ലാണ് പുറത്തിറങ്ങിയത്. ഇന്ത്യയിലെ പ്രമുഖ ആനിമേഷന്‍ ഗ്രൂപ്പായ ഗ്രീന്‍ ഗോള്‍ഡ് ആനിമേഷന്‍ സിഇഒ രാജിവ് ചിലക ആണ് ഭീമിന്റെ സൃഷ്ടാവ്. കാര്‍ട്ടൂണ്‍ ചാനലായ പോഗോ ടിവിയിലൂടെയായിരുന്നു ഛോട്ടാ ഭീം കുട്ടികള്‍ക്കു മുന്നിലെത്തിയിരുന്നത്. വളരെ പെട്ടെന്നാണ് ഭീം ഇന്ത്യയിലാകമാനമുള്ള കുട്ടികളുടെ ഹരമായി മാറിയത്. ഛോട്ടാ ഭീമിന്റെ വിജയത്തെത്തുടര്‍ന്ന് നിരവധി ചെറു ആനിമേഷന്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെടുകയും വിജയം നേടുകയും ചെയ്തിരുന്നു. ഇതിന്റെ പ്രചോദനത്തിലാണ് ഒരു മുഴുനീള ചിത്രമായി ഛോട്ടാ ഭീം വെള്ളിത്തിരയിലെത്തിയിരിക്കുന്നത്.

ഹിന്ദി, ഇംഗ്ളീഷ്, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രം കുട്ടികളോടൊപ്പം മുതിര്‍ന്നവരെയും ആകര്‍ഷിക്കുകയാണ്. റിലീസിംഗിനു ശേഷം ഛോട്ടാ ഭീം കളിക്കുന്ന തിയ്യറ്ററുകളില്‍ നിന്നു കേള്‍ക്കുന്നതെല്ലാം കൗതുകം നിറഞ്ഞ വാര്‍ത്തകളാണ്.തിയ്യറ്ററുകള്‍ക്കു മുമ്പില്‍ കുട്ടികള്‍ കൂടി നില്‍ക്കുന്നത് കണ്ടാല്‍ നഴ്സറി തിയ്യറ്ററിലേക്ക് മാറ്റിയോ എന്നു തോന്നും. നഗരങ്ങളിലെ മള്‍ട്ടിപ്ലക്സുകളില്‍ ഛോട്ടാ ഭീമിന്റെ ചിത്രമുള്ള ടീ ഷര്‍ട്ടുകള്‍ ധരിച്ചെത്തുന്ന കുട്ടികള്‍ സ്ക്രീനില്‍ തങ്ങളുടെ ഹീറോയെ കാണുമ്പോള്‍ ആര്‍ത്തുവിളിക്കുകയാണ്.

ഛോട്ടാ ഭീം പരമ്പരയിലൂടെ കുട്ടികളുടെ ഹരമായി മാറിയ പ്രധാന കഥാപാത്രങ്ങളായ ജഗ്ഗു, ബോലു, ദോലു, രാജു, ചുട്കി, കാലിയ എന്നിവരെല്ലാം സിനിമയിലും തകര്‍ക്കുന്നുണ്ട്. ഈ ഏഴു പേരെചുറ്റിയാണ് കഥ നീങ്ങുന്നതും.

'ഛോട്ടാ ഭീം ആന്‍ഡ് ദി കഴ്സ് ഓഫ് ദംയാന്‍'ന്റെ ആനിമേഷന്‍ വര്‍ക്കുകള്‍ ആവറേജ് ആയി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും, ഛോട്ടാ ഭീമിന്റെ തമാശകളും സാഹസികതയും വീരശൂരപരാക്രമങ്ങളും വെള്ളിത്തിരയെയും കീഴ്പ്പെടുത്തുകയാണ്. അമിതാഭ് ബച്ചനും സഞ്ജയ് ദത്തും തകര്‍ത്തഭിനയിച്ച രാംഗോപാല്‍ വര്‍മ്മയുടെ 'ഡിപാര്‍ട്മന്റെ്' പോലും ഛോട്ടാ ഭീമിന്റെ ജൈത്രയാത്രയില്‍ മുങ്ങിപ്പോകുമെന്നാണ് കേള്‍ക്കുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus