ശാന്തപുരം: നിലമ്പൂര്‍- പെരുമ്പിലാവ് സംസ്ഥാനപാതയും പട്ടിക്കാട്-വടപുറം പാതയും സംഗമിക്കുന്ന പട്ടിക്കാട് ചുങ്കം ജങ്ഷനിലെ ഗതാഗതക്കുരുക്ക് അഴിയുന്നു. വെട്ടത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ രൂപത്കരിച്ച ട്രാഫിക് ക്രമീകരണ സമിതി കഴിഞ്ഞയാഴ്ച മുതല്‍ ഇവിടെ ഗതാഗത പരിഷ്കാരം നടപ്പാക്കിയിരുന്നു. മൂന്ന് റോഡുകളില്‍നിന്ന് വരുന്ന ബസുകള്‍ ജങ്ഷനില്‍നിന്ന് 50 മീറ്റര്‍ മാറിയാണ് നിലവില്‍ നിര്‍ത്തുന്നത്. ഇത് സെന്‍ട്രല്‍ ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായിട്ടുണ്ട്. നിലവിലെ പാര്‍ക്കില്‍ റോഡിനോട് ചേര്‍ന്ന് ഓട്ടോറിക്ഷകള്‍ നിര്‍ത്തുന്നത് അപകടസാധ്യതയുണ്ടാക്കുന്നതായി സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഓട്ടോകള്‍ റോഡരികില്‍നിന്ന് മാറ്റി ഒറ്റവരിയായി നിര്‍ത്തണമെന്നാണ് ആവശ്യം.
പെരിന്തല്‍മണ്ണ റോഡിലെ ബസ് വെയ്റ്റിങ് ഷെഡിന് മുന്‍വശത്ത് ചൊവ്വാഴ്ച ബസ്ബേ നിര്‍മാണം തുടങ്ങി. റോഡരികിലെ മണ്ണ് നീക്കി മെറ്റല്‍ കൊണ്ടുവന്നിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് പ്രവൃത്തി നടത്തുന്നത്. നിലവിലെ ഓട്ടോ പാര്‍ക്കിന്‍െറ ഭാഗവും ജങ്ഷനില്‍ ഉപയോഗശൂന്യമായ ബസ് സ്റ്റോപ്പ് പൊളിച്ചും ഈ ഭാഗങ്ങളില്‍ വീതികൂട്ടി ടാര്‍ ചെയ്ത് ജങ്ഷന്‍ വിപുലപ്പെടുത്താനാണ് ആലോചന. മൂന്നു റോഡുകളും വീതി കൂട്ടുന്നതോടൊപ്പം സെന്‍ട്രല്‍ ജങ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കും. നിലവില്‍ മൂന്നു പൊലീസുകാരുടെ സേവനം ജങ്ഷനിലുണ്ട്. ഗതാഗത പരിഷ്കാരത്തില്‍ അപാകതകളുണ്ടെങ്കില്‍ അവ പരിഹരിക്കാന്‍ സമിതി അടുത്ത ആഴ്ച യോഗം ചേരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍