12:30:26
23 May 2013
Thursday
Facebook
Twitter
Rssfeed

ഹജ്ജ് സബ്സിഡി ഉടന്‍ നിര്‍ത്തലാക്കില്ല

ന്യൂദല്‍ഹി: ഹജ്ജ് സബ്സിഡി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവില്‍ തല്‍ക്കാലം നടപടിയില്ലെന്ന് കേന്ദ്ര വിദേശമന്ത്രി എസ്.എം. കൃഷ്ണ വ്യക്തമാക്കി. സുപ്രീംകോടതിയുടെ അന്തിമ വിധി പുറത്തുവന്നശേഷം മാത്രമേ സബ്സിഡി നിര്‍ത്തലാക്കാനുള്ള നടപടികളിലേക്ക് കടക്കുകയുള്ളൂ എന്ന് അദ്ദേഹം അറിയിച്ചു. ന്യൂദല്‍ഹി വിജ്ഞാന്‍ ഭവനില്‍ അഖിലേന്ത്യാ ഹജ്ജ് സമ്മേളനത്തില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ ക്വോട്ടയില്‍ ഹജ്ജിന് പോകുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി പത്തുവര്‍ഷംകൊണ്ട് നിര്‍ത്തലാക്കി അത് സമുദായത്തിന്‍െറ സാമൂഹിക, വിദ്യാഭ്യാസ ഉന്നമനത്തിന് വിനിയോഗിക്കണമെന്ന് ഈ മാസം എട്ടിനാണ് സുപ്രീംകോടതി വിധിച്ചത്.
വിധി സ്വാഗതംചെയ്ത മുസ്ലിം സംഘടനകളൊന്നടങ്കം സുപ്രീംകോടതിയുടെ നിര്‍ദേശം നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് കോടതി നിര്‍ദേശത്തിന്മേല്‍ തല്‍ക്കാലം തുടര്‍നടപടിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്്.
പരമോന്നത കോടതി നല്‍കിയത് ഇടക്കാല ഉത്തരവാണെന്ന് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിധിക്കായി കാത്തിരിക്കുകയാണ്. സബ്സിഡി നിര്‍ത്തലാക്കുന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വന്നാല്‍ തുടര്‍നടപടികളിലേക്ക് കടക്കും. സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാരുമായും ഹജ്ജ് കമ്മിറ്റിയുമായും നിയമ വിദഗ്ധരുമായും കൂടിയാലോചിച്ചാണ് ഈ വര്‍ഷം സുതാര്യമായ ഹജ്ജ് നയമുണ്ടാക്കിയത്. ഹജ്ജിന് അപേക്ഷ നല്‍കാന്‍ പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിട്ടും അപേക്ഷകരുടെ എണ്ണത്തില്‍ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വര്‍ധനയുണ്ടായി. ഈ വര്‍ഷത്തെ നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ ഹജ്ജ് കമ്മിറ്റിയിലെയും വിവിധ മന്ത്രാലയങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഒരു വീഴ്ചയുമുണ്ടാകരുതെന്നും അദ്ദേഹം പ്രതിനിധികളോട് ആവശ്യപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com