Wed, 05/23/2012 - 00:52 ( 1 year 1 dayago)
വിം കോവെര്‍മാന്‍സ് ഇന്ത്യന്‍ ഫുട്ബാള്‍ കോച്ചാവും
(+)(-) Font Size
വിം കോവെര്‍മാന്‍സ് ഇന്ത്യന്‍ ഫുട്ബാള്‍ കോച്ചാവും

ന്യൂദല്‍ഹി: നെതര്‍ലന്‍ഡ്സിന്റെ മുന്‍ രാജ്യാന്തര താരം വിം കോവെര്‍മാന്‍സ് ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ പരിശീലകനാവും. ഇപ്പോള്‍ അയര്‍ലന്‍ഡ് ഫുട്ബാള്‍ അസോസിയേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന 51കാരന്റെ നിയമനത്തിന് ഓള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) ജൂണില്‍ അംഗീകാരം നല്‍കും. രണ്ടു വര്‍ഷത്തേക്കാണ് കരാര്‍. ആഗസ്റ്റില്‍ നടക്കുന്ന നെഹ്റു കപ്പാണ് കോവെര്‍മാന്‍സിന്റെ ആദ്യ ദൗത്യം.
ഇംഗ്ളീഷുകാരനായ ബോബ് ഹൂട്ടനെ 2011 ആദ്യത്തില്‍ പുറത്താക്കിയതിനുശേഷം ഒരു മുഴുവന്‍ സമയ പരിശീലകനുവേണ്ടി എ.ഐ.എഫ്.എഫ് നടത്തുന്ന അന്വേഷണത്തിനാണ് കോവെര്‍മാന്‍സിന്റെ ആഗമനത്തോടെ അന്ത്യമാവുന്നത്. ഹൂട്ടന് ശേഷം അര്‍മാന്‍ഡോ കൊളാസോയെയും തുടര്‍ന്ന് സാവിയോ മെദീരയെയും താല്‍ക്കാലികമായി നിയമിച്ചു. മെദീരയുടെ കാലാവധി മേയ് 31ന് അവസാനിക്കും. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറായി ചുമതലയേറ്റ ഡച്ചുകാരന്‍ റോബ് ബാനിന് മുഖ്യ പരിശീലകനെ കണ്ടെത്തുക എന്ന ദൗത്യം കൂടിയുണ്ടായിരുന്നു. ഈ സ്ഥാനത്തേക്ക് ബാന്‍ നാട്ടുകാരനായ കോവെര്‍മാന്‍സിനെ നിര്‍ദേശിക്കുകയും ചെയ്തു.
അടുത്ത മാസം ഏഴിനോ എട്ടിനോ നടക്കുന്ന എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ പുതിയ കോച്ചിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് എ.ഐ.എഫ്.എഫ് വൈസ് പ്രസിഡന്റ് എ.ആര്‍. ഖലീല്‍ അറിയിച്ചു. കോവെര്‍മാന്‍സിന്റെ കാര്യത്തില്‍ ധാരണയായിട്ടുണ്ട്. കരാര്‍ വ്യവസ്ഥകള്‍ അദ്ദേഹം അംഗീകരിച്ചു. ആദ്യം രണ്ട് വര്‍ഷത്തേക്കായിരിക്കും നിയമനമെന്നും പ്രകടനം തൃപ്തികരമായാല്‍ കരാര്‍ നീട്ടുന്നകാര്യം പരിഗണിക്കുമെന്നും ഖലീല്‍ കൂട്ടിച്ചേര്‍ത്തു.
1988ല്‍ യൂറോ കപ്പ് ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്സ് ടീമില്‍ അംഗമായിരുന്നു കോവെര്‍മാന്‍സ്. ദേശീയ ജഴ്സിയണിഞ്ഞ് ഈ ഡിഫന്‍ഡര്‍ ഒരു തവണ മാത്രമേ കളത്തിലിറങ്ങിയുള്ളൂവെങ്കിലും ഒരു വ്യാഴവട്ടക്കാലം ആഭ്യന്തരഫുട്ബാളില്‍ സജീവസാന്നിധ്യമായിരുന്നു. 1990ലാണ് ആദ്യമായി പരിശീലകന്റെ കുപ്പായമിടുന്നത്. വിവിധ ക്ളബുകളുടെയും 2002 മുതല്‍ 2008 വരെ നെതര്‍ലന്‍ഡ്സ് യൂത്ത് ടീമിന്റെയും കോച്ചായി. ഇക്കാലയളവില്‍ വെസ്ലീ സ്നീഡര്‍, റോബിന്‍ വാന്‍പേഴ്സി, ഡിര്‍ക് ക്യുയിറ്റ് തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ വളര്‍ച്ചക്ക് മേല്‍നോട്ടം വഹിച്ചു. 2010ല്‍ കുറച്ചുകാലം ദേശീയ അണ്ടര്‍ 21 ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്.
അതേസമയം, അണ്ടര്‍ 22 ഇന്ത്യന്‍ ടീമിന്റെയും എ.ഐ.എഫ്.എഫ് സംഘമായ പൈലാന്‍ ആരോസിന്റെയും കോച്ചാവാന്‍ ഡച്ചുകാരന്‍ റെയ്മണ്ട് ലിബ്രെറ്റ്സ് വിസമ്മതിച്ചു. നവി മുംബൈയിലെ എ.ഐ.എഫ്.എഫ് റീജനല്‍ അക്കാദമി തലവനായ ആസ്ട്രേലിയക്കാരന്‍ ആര്‍തസ് പപാസായിരിക്കും ഈ സ്ഥാനത്തേക്ക് വരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus