അറബ് വസന്തത്തിന്‍െറ ഇടിമുഴക്കം കണ്ട ഈജിപ്ത് നിര്‍ണായകമായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ പടിവാതില്‍ക്കലാണ്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി നടക്കുന്ന വോട്ടെടുപ്പ് രാജ്യത്തിന്‍െറ ചരിത്രത്തിലെ പ്രഥമ സ്വതന്ത്ര തെരഞ്ഞെടുപ്പായിരിക്കും എന്നാണ് പറയപ്പെടുന്നതെങ്കിലും 100 ശതമാനം അങ്ങനെയാവാന്‍ ഇടയില്ലെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനകീയ പ്രക്ഷോഭത്തിനുശേഷം സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ ജനുവരിയില്‍ പുതിയ പാര്‍ലമെന്‍റ് നിലവില്‍വന്നെങ്കിലും സൈനിക കൗണ്‍സില്‍ അധികാരം കൈയടക്കിയിരിക്കുകയാണ്. പുതിയ പ്രസിഡന്‍റ് നിലവില്‍വന്ന ശേഷം ജൂണ്‍ 30ന് അധികാരം കൈമാറാമെന്നാണ് കൗണ്‍സിലിന്‍െറ വാഗ്ദാനമെങ്കിലും അത് കാത്തിരുന്നു കാണണം.
23 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നെങ്കിലും സൈനിക കൗണ്‍സില്‍ രൂപംനല്‍കിയ സുപ്രീം പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ കമീഷന്‍ മൂന്നു പ്രമുഖര്‍ ഉള്‍പ്പെടെ 10 പേരെ അയോഗ്യരാക്കി. നാല് ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്. ഏറ്റവും വലിയ ജനകീയ പ്രസ്ഥാനമായ മുസ്ലിം ബ്രദര്‍ഹുഡിന്‍െറ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ (എഫ്.ജെ.പി) മുഹമ്മദ് മുര്‍സി, സ്വതന്ത്ര ഇസ്ലാമിസ്റ്റ് ഡോ. അബ്ദുല്‍ മുന്‍ഇം അബുല്‍ ഫതൂഹ്, അറബ് ലീഗ് മുന്‍ സെക്രട്ടറി ജനറല്‍ അംറ് മൂസ, മുന്‍ പ്രധാനമന്ത്രി അഹ്മദ് ശഫീഖ് എന്നിവരാണ് സാധ്യത കല്‍പിക്കപ്പെടുന്ന പ്രമുഖര്‍. ആദ്യ റൗണ്ടില്‍ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് 50 ശതമാനം വോട്ടുകള്‍ ലഭിച്ചില്ലെങ്കില്‍ ജൂണ്‍ 16, 17 തീയതികളില്‍ രണ്ടാം റൗണ്ട് വേണ്ടിവരും.
കഴിഞ്ഞ വര്‍ഷം വരെ മുസ്ലിം ബ്രദര്‍ഹുഡിന്‍െറ നേതാവായിരുന്നു ഡോ. അബ്ദുല്‍ മുന്‍ഇം അബുല്‍ ഫതൂഹ്. കാല്‍ നൂറ്റാണ്ടുകാലം പ്രസ്ഥാനപാതയില്‍ സജീവമായിരുന്ന അദ്ദേഹം സംഘടനാ തീരുമാനം ലംഘിച്ച് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് പുറത്താവുകയായിരുന്നു. എന്നാല്‍, ഇടക്കാല ഭരണത്തില്‍ സൈന്യം നടത്തിവരുന്ന ക്രമക്കേടുകളും അഴിമതിയും വര്‍ധിച്ചപ്പോള്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം മാറ്റി ജനകീയനും പ്രമുഖ വ്യവസായിയുമായ ഖൈറാത് അശ്ശാത്വിറിന്‍െറ സ്ഥാനാര്‍ഥിത്വം ബ്രദര്‍ഹുഡ് പ്രഖ്യാപിക്കുന്നതാണ് പിന്നീട് കണ്ടത്. ഭാവി പ്രസിഡന്‍റാകുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് സൈനിക ഭരണകൂടവും ഇലക്ഷന്‍ കമീഷനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയിലൂടെ ശാത്വിര്‍ അയോഗ്യനാക്കപ്പെട്ടത്. ഹുസ്നി മുബാറകിന്‍െറ കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചുവെന്നതായിരുന്നു അയോഗ്യതക്കുള്ള കാരണം. ശിക്ഷിക്കപ്പെട്ടയാള്‍ മോചിതനായി ആറു വര്‍ഷത്തിനുശേഷമേ മത്സരിക്കാന്‍ പാടുള്ളൂവെന്നാണ് നിയമം. ജനകീയ പ്രക്ഷോഭത്തിലൂടെ മുബാറകിനെയും പരിവാരങ്ങളെയും തൂത്തെറിഞ്ഞിട്ടും ആ ഏകാധിപതിക്കെതിരെ പ്രക്ഷോഭം നടത്തിയതിന്‍െറ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ചത് വലിയ അയോഗ്യതയായി കണ്ട ഇലക്ഷന്‍ കമീഷന്‍െറ താല്‍പര്യങ്ങള്‍ വ്യക്തമാവാന്‍ മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ.
മുബാറകിനു കീഴില്‍ അധികാരം കൈയാളിയവരെ ഇലക്ഷനില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കണമെന്ന നിയമം ബ്രദര്‍ഹുഡിന് (എഫ്.ജെ.പി) മേധാവിത്വമുള്ള പാര്‍ലമെന്‍റ് പാസാക്കിയിരുന്നു. ഇതിന്‍റ അടിസ്ഥാനത്തില്‍ 10 വര്‍ഷം മുബാറകിന്‍െറ വിദേശമന്ത്രിയായിരുന്ന അംറ് മൂസയും ജനകീയ പ്രക്ഷോഭത്തിന്‍െറ അവസാന നാളുകളില്‍ വരെ രഹസ്യാന്വേഷണവിഭാഗം മേധാവിയും തുടര്‍ന്ന് വൈസ് പ്രസിഡന്‍റുമായ ഉമര്‍ സുലൈമാനും, പ്രധാനമന്ത്രി പദവിയില്‍ പ്രതിഷ്ഠിക്കപ്പെട്ട അഹ്മദ് ശഫീഖും അയോഗ്യരാക്കപ്പെടേണ്ടതായിരുന്നു. അംറ് മൂസയെ തൊടാതിരുന്ന കമീഷന്‍, മറ്റു രണ്ടുപേരെ അയോഗ്യരാക്കി. ശഫീഖ് നല്‍കിയ അപ്പീലിന്മേല്‍ 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ഥിത്വം പുന$സ്ഥാപിച്ചത്. ചുരുക്കത്തില്‍, മുബാറകിന്‍െറ ‘അവശിഷ്ടങ്ങള്‍’ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സജീവമായി രംഗത്തുവന്നുവെന്നു മാത്രമല്ല, സാധ്യത കല്‍പിക്കപ്പെടുന്ന നാലു സ്ഥാനാര്‍ഥികളില്‍ ഉള്‍പ്പെടുകയും ചെയ്തു.
പാര്‍ലമെന്‍റിലെ രണ്ടാമത്തെ വലിയ കക്ഷിയും സലഫിസ്റ്റ് ആശയക്കാരുമായ നൂര്‍ പാര്‍ട്ടിയുടെ നേതാവ് ഹാസിം സലാഹ് അബൂ ഇസ്മാഈലിന്‍െറ സ്ഥാനാര്‍ഥിത്വം വിലക്കിയത് മാതാവിന് അമേരിക്കന്‍ പൗരത്വമുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു. സ്ഥാനാര്‍ഥിയും അദ്ദേഹത്തിന്‍െറ ഭാര്യയും മാതാപിതാക്കളും ഈജിപ്ഷ്യന്‍ പൗരത്വം മാത്രമുള്ളവരായിരിക്കണമെന്ന് ഇലക്ഷന്‍ നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.
498 അംഗ പാര്‍ലമെന്‍റില്‍ 235 സീറ്റുകളുമായി (47.2 ശതമാനം) വന്‍ ഭൂരിപക്ഷം നേടിയ എഫ്.ജെ.പിക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലും പ്രസ്തുത വിജയം ആവര്‍ത്തിക്കാന്‍ കഴിയേണ്ടതാണ്. എന്നാല്‍, ഇസ്ലാമിസ്റ്റുകളായ രണ്ട് സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത് ശക്തമായ വെല്ലുവിളിയായിരിക്കുന്നു. ബ്രദര്‍ഹുഡിന്‍െറ റെബലായി അറിയപ്പെടുന്ന ഫതൂഹിന്‍െറ കരിസ്മ ഔദ്യാഗിക സ്ഥാനാര്‍ഥി മുര്‍സിക്ക് ഇല്ലെന്ന പ്രചാരണം ശക്തമാണ്. ഖൈറാത് അശ്ശാത്വിര്‍ ആയിരുന്നു സ്ഥാനാര്‍ഥിയെങ്കില്‍ സാധ്യത വര്‍ധിക്കുമായിരുന്നു. ഇസ്ലാമിസ്റ്റുകള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ വിഭജിക്കപ്പെടുന്നത് അംറ് മൂസയെയാണ് സഹായിക്കുക. സലഫിസ്റ്റുകള്‍ക്ക് സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ അവര്‍ ഫതൂഹിനെ പിന്തുണക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. അധികാരം ഒരു പാര്‍ട്ടിയിലേക്ക് ഒതുങ്ങരുതെന്ന നിലപാടുള്ളതുകൊണ്ടാണ് ഈ തീരുമാനമെന്നാണ് ന്യായം. എന്നാല്‍, സലഫികളില്‍ ശക്തമായ ഭിന്നതയുള്ളതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അബ്ദുല്‍ ഫതൂഹ് വിട്ടുവീഴ്ച ചെയ്യുന്നയാളാണെന്നും ഇസ്ലാമിക നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ ആത്മാര്‍ഥത ഇല്ലെന്നുമാണ് തീവ്ര ആശയക്കാരായ സലഫികളില്‍ ഒരു വിഭാഗത്തിന്‍െറ ആരോപണം. കോപ്റ്റിക് ക്രിസ്ത്യാനിയോ വനിതയോ പ്രസിഡന്‍റാകുന്നതിനെ താന്‍ പിന്തുണക്കുമെന്ന ഫതൂഹിന്‍െറ അഭിപ്രായവും അവരെ ചൊടിപ്പിച്ചിട്ടുണ്ട്. സലഫികളുടെ ശക്തികേന്ദ്രമായ അലക്സാണ്ട്രിയയിലെ വലിയൊരു വിഭാഗം നേതൃതീരുമാനം അംഗീകരിക്കാന്‍ തയാറല്ല.
കര്‍ഷക പുത്രനായി ജനിച്ച് അമേരിക്കയിലെ സൗത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ പിഎച്ച്.ഡി നേടിയ മുഹമ്മദ് മുര്‍സിക്കുവേണ്ടി പ്രചാരണത്തിന്‍െറ അവസാന ഘട്ടത്തില്‍ ബ്രദര്‍ഹുഡിന്‍െറ മുഴുവന്‍ കേഡറുകളും സജീവമായി രംഗത്തുണ്ടായിരുന്നു. കൈറോ മുതല്‍ അലക്സാണ്ട്രിയ വരെ 760 കി.മീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ച് രാജ്യത്തെ ഏറ്റവുംവലിയ പാര്‍ട്ടി തങ്ങളാണെന്ന് എഫ്.ജെ.പി തെളിയിക്കുകയും ചെയ്തു.
വ്യക്തിപരമായി മികവുറ്റ സ്ഥാനാര്‍ഥിയാണ് മുര്‍സിയെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നു. മുബാറക് ഭരണത്തില്‍ മൂന്നു പതിറ്റാണ്ടോളം ഈജിപ്തിലെ സാധാരണ ജനങ്ങള്‍ ശ്വാസംമുട്ടുമ്പോള്‍ സേവന പ്രവര്‍ത്തനങ്ങളുമായി അവര്‍ക്കിടയില്‍ സജീവമായി അദ്ദേഹം രംഗത്തുണ്ടായിരുന്നു. കോപ്റ്റിക് ന്യൂനപക്ഷത്തിന്‍െറ അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഈജിപ്തിന്‍െറ ഇസ്ലാമിക പാരമ്പര്യം ശക്തിപ്പെടുത്തുമെന്നും ഇസ്രായേലി ബാന്ധവം അവസാനിപ്പിക്കുമെന്നും എഫ്.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്.
മുബാറക് ഭരണത്തിലെ ‘അവശിഷ്ടങ്ങള്‍’ (ഫലൂല്‍)ക്കെതിരെ വിധിയെഴുതുകയെന്ന ആഹ്വാനമാണ് ഇസ്ലാമിസ്റ്റുകളും ഇടതുപക്ഷ സ്ഥാനാര്‍ഥികളും ഉയര്‍ത്തുന്നത്. ഉന്നം അംറ് മൂസയും അഹ്മദ് ശഫീഖുമാണ്. കരിയര്‍ ഡിപ്ളോമാറ്റായ അംറ് മൂസ ഇന്ത്യയിലും യു.എന്നിലും ഈജിപ്തിന്‍െറ സ്ഥാനപതിയായ ശേഷമാണ് മുബാറകിന്‍െറ വിദേശമന്ത്രിയായത്. തുടര്‍ന്ന് അറബ് ലീഗിന്‍െറ സെക്രട്ടറി ജനറലായി 2001 മുതല്‍ സേവനമനുഷ്ഠിച്ച ശേഷമാണ് ഈ 74കാരന്‍ പ്രസിഡന്‍റ് പദവിയിലേക്ക് ഉറ്റുനോക്കുന്നത്.
41 വര്‍ഷത്തെ സൈനിക പാരമ്പര്യമാണ് അഹ്മദ് ശഫീഖിന്‍െറ മുഖ്യ പ്രചാരണായുധം. 1973ലെ യുദ്ധത്തില്‍ ഇസ്രായേലിന്‍െറ രണ്ട് യുദ്ധ വിമാനങ്ങള്‍ 53 മിനിറ്റുകളുടെ ഇടവേളയില്‍ വെടിവെച്ചുവീഴ്ത്തി 17 ഭടന്മാരെ വധിച്ച വീര കഥകള്‍, അതിന്‍െറ പേരില്‍ ലഭിച്ച ബഹുമതികള്‍, പ്രസ്തുത സംഭവം നടന്ന ഒക്ടോബര്‍ 14 രാജ്യം വ്യോമസേനാ ദിനമായി ആചരിക്കുന്നത് തുടങ്ങിയവയൊക്കെയാണ് അദ്ദേഹത്തിന്‍െറ തുറുപ്പുശീട്ട്. കാര്യങ്ങള്‍ വെട്ടിത്തുറന്നു പറയാന്‍ ശഫീഖ് മടികാട്ടാറില്ല. ജനങ്ങള്‍ വെറുക്കുന്ന ഹുസ്നി മുബാറകിനെ മാതൃകാ പുരുഷനെന്ന് വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് എങ്ങനെ വോട്ടുകിട്ടുമെന്നും ചോദിക്കരുത്. മരിക്കുംവരെ മുബാറക് തന്നെയാണ് തന്‍െറ ഗുരുവെന്ന് കഴിഞ്ഞ ദിവസവും അദ്ദേഹം വ്യക്തമാക്കിയത് സൈന്യത്തില്‍നിന്ന് ഭാവിയില്‍ സഹകരണം കിട്ടുമെന്ന ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണോയെന്ന സന്ദേഹമുയര്‍ന്നിട്ടുണ്ട്.
മുബാറകിന്‍െറ ‘അവശിഷ്ടങ്ങള്‍’ ഈജിപ്തിനെ വീണ്ടും കാര്‍ന്നുതിന്നാനുള്ള പുറപ്പാടിലാണോയെന്ന സംശയങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്നാണ് പ്രസ്താവന സൂചിപ്പിക്കുന്നത്. സമ്പൂര്‍ണാധികാരമുള്ള പ്രസിഡന്‍ഷ്യല്‍ സംവിധാനം മാറ്റി പാര്‍ലമെന്‍ററി സംവിധാനമാണ് പുതിയ ഭരണഘടന നടപ്പാക്കുന്നതെങ്കില്‍ തന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടപ്പാക്കാനാവില്ലെന്നും സ്ഥാനത്ത് തുടരില്ലെന്നുമാണ് ശഫീഖിന്‍െറ നിലപാട്. പ്രകടന പത്രികയില്‍ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരാമര്‍ശിക്കാന്‍ ശഫീഖ് തയാറായിട്ടില്ലെന്നത് അദ്ദേഹം ആരെ പ്രതിനിധാനം ചെയ്യുന്നുവെന്നതിന്‍െറ വ്യക്തമായ സൂചനയാണ്. മുബാറകിന്‍െറ കാലത്ത് നടന്ന വ്യാപകമായ ഭൂമി അഴിമതിയില്‍ അദ്ദേഹത്തിന്‍െറ പങ്കുണ്ടെന്നും ആരോപണമുണ്ട്.
തെരഞ്ഞെടുപ്പ് നിരീക്ഷിക്കാന്‍ അന്താരാഷ്ട്ര സംഘങ്ങളെ അനുവദിക്കുമെന്ന് പട്ടാള സുപ്രീം കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഒരുപാട് നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. വോട്ടെടുപ്പ് വേളയില്‍ 30 മിനിറ്റ് മാത്രമേ നിരീക്ഷകര്‍ക്ക് പോളിങ് ബൂത്തുകളില്‍ പ്രവേശമുള്ളൂ. അതിനുപോലും ബന്ധപ്പെട്ട അധികാരിയുടെ സമ്മതം വേണം. അവസാന ബാലറ്റുകള്‍ എണ്ണുന്നത് നിരീക്ഷിക്കാനും അവസരമില്ല. വല്ല ക്രമക്കേടുകളും നിരീക്ഷകര്‍ കണ്ടെത്തിയാല്‍തന്നെ അവ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ല. എല്ലാ പരാതികളും ഇലക്ഷന്‍ കമീഷനെ മാത്രമേ അറിയിക്കാവൂ.
ജനകീയ സംഘടനകളോ നിരീക്ഷകരോ വല്ല ക്രമക്കേടുകളും കണ്ടെത്തിയാലും അന്തിമ തീരുമാനം ഇലക്ഷന്‍ കമീഷന്‍േറതായിരിക്കുമെന്ന് ഇടക്കാല ഭരണഘടനയിലെ 28ാം ഖണ്ഡിക പറയുന്നു. കമീഷന്‍െറ തീരുമാനങ്ങളെ കോടതിയില്‍ ചോദ്യംചെയ്യാനും പറ്റില്ല. പ്രസ്തുത വകുപ്പിന്‍െറ പേരിലാണ് ഈയിടെ അബ്ബാസിയയില്‍ രൂക്ഷമായ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. പാര്‍ലമെന്‍റ് ഈയിടെ ഇതിനൊരു ഭേദഗതി കൊണ്ടുവന്നെങ്കിലും അതൊന്നും വോട്ടിങ് കേന്ദ്രങ്ങളില്‍ നടക്കുന്ന കൃത്രിമത്വങ്ങള്‍ തടയാന്‍ പര്യാപ്തമല്ലെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പക്ഷം. 2005ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലേതിനേക്കാള്‍ പരിതാപകരമാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നു. അന്ന് ഭരണകൂടത്തിന്‍െറ നിലപാടിനെതിരെ കോടതി ഇടപെട്ട് പോളിങ് സ്റ്റേഷനുകളില്‍ നിരീക്ഷകര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം അനുവദിക്കുകയുണ്ടായി.
പ്രവാസി വോട്ടുകള്‍ നിര്‍ണായകമാണെങ്കിലും രജിസ്റ്റര്‍ ചെയ്ത 5,86,000 വോട്ടര്‍മാരില്‍ ലക്ഷത്തിലേറെ പേര്‍ മാത്രമാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. മേയ് 11 മുതല്‍ 17 വരെയാണ് വിവിധ രാജ്യങ്ങളിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും വോട്ടുചെയ്യാന്‍ സംവിധാനം ഒരുക്കിയിരുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഈജിപ്ഷ്യന്‍ പ്രവാസികള്‍ കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചപ്പോള്‍ അമേരിക്കയിലെയും യൂറോപ്പിലെയും വോട്ടര്‍മാര്‍ പൊതുവെ നിസ്സംഗതയാണ് പുലര്‍ത്തിയത്.
അറബ് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പോരില്‍ ഇതാദ്യമായി രണ്ട് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ ടെലിവിഷനില്‍ മുഖാമുഖം ഏറ്റുമുട്ടുകയുണ്ടായി. അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന സംവാദം അംറ് മൂസയും അബുല്‍ ഫതൂഹും തമ്മിലായിരുന്നു. അല്‍അഹ്റാം സെന്‍ററും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഡിസിഷ്യന്‍ സപ്പോര്‍ട്ട് സെന്‍ററും സംയുക്തമായി നടത്തിയ അഭിപ്രായ സര്‍വേയില്‍ അംറ് മൂസയും അബുല്‍ ഫതൂഹും ഒപ്പത്തിനൊപ്പമാണ്. അഹ്മദ് ശഫീഖും മുര്‍സിയും മൂന്നും നാലും സ്ഥാനത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍