ഷികാഗോ: ആന്റി നാറ്റോ പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച വീണ്ടും ഷികാഗോ തെരുവ് പടിച്ചെടുത്തു. കഴിഞ്ഞ ദിവസം നാറ്റോ വിരുദ്ധ സമരങ്ങള്‍ക്കെതിരെ ഉണ്ടായ പോലീസിന്‍റെ ക്രൂരമായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് വീണ്ടും തെരുവ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെ പൊലീസ് എഴുപത് പേരെ അറസ്റ്റ് ചെയ്യുകയും ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് നടപടിയെ പ്രസിഡന്റ് ബറാക് ഒബാമ പ്രശംസിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ഒബാമ, ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റ് ഫ്രാങ്സ്വാ ഓലന്‍ഡ് തുടങ്ങി 60ഓളം രാഷ്ട്ര തലവന്മാര്‍ പങ്കെടുക്കുന്ന നാറ്റോ സമ്മേളനം നടക്കുന്ന ബോയിംഗ് സെന്ററിനു മുന്നിലാണ് ഇരുന്നൂറിലധികം വരുന്ന പ്രക്ഷോഭകാരികള്‍ തിങ്കളാഴ്ച തടിച്ചു കൂടിയത്. പിന്നീട് വ്യത്യസ്തമായ സമരപരിപാടികള്‍ക്കാണ് ബോയിംഗ് സെന്റര്‍ സാക്ഷ്യം വഹിച്ചത്.
'ഞങ്ങളെ തടയാനാവില്ല, പുതിയ ഒരു ലോകം സാധ്യമാണ്' എന്ന് മുദ്രാവാക്യം വിളിച്ച സമരക്കാര്‍, പ്രതീകാത്മക ബോംബുകള്‍ എറിയുകയും നീണ്ട വര്‍ണ്ണപേപ്പറുകള്‍ മുകളിലേക്ക് പറപ്പിക്കുകയും ചെയ്തു. റോഡില്‍ മരിച്ചതു പോലെ കിടക്കുകയും കറുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീ മരിച്ചു കിടക്കുന്നവരുടെ ശരീരത്തിന് ചുറ്റും ചോക്ക് കൊണ്ട് വരയിടുകയും ചെയ്തു. ഇതേ സമയം ഒരാള്‍ മെഗാഫോണിലൂടെ ഭരണകൂടത്തിന്‍റെ യുദ്ധക്കൊതിക്കെതിരെ മുദ്രാവാക്യം വിളിച്ചു.
ബാരിക്കേഡുകള്‍ ഉയര്‍ത്തി കനത്ത സന്നാഹങ്ങളോടെയാണ് പോലീസ് ബോയിംഗ് സെന്ററിനു മുമ്പില്‍ നിലയുറപ്പിച്ചിരുന്നത്. 2014ന്ശേഷം അഫ്ഗാനില്‍നിന്നും നാറ്റോ പിന്‍വാങ്ങിയതിന്് ശേഷമുള്ള കാര്യങ്ങളുടെ തീരുമാനമാണ് നാറ്റോഉച്ചകോടിയുടെ പ്രധാന അജണ്ട.
ഞായറാഴ്ച നടന്ന പ്രക്ഷോഭത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് ആവശ്യപ്പെട്ടിട്ടും പ്രക്ഷോഭകര്‍ തെരുവില്‍ നിന്നും ഒഴിഞ്ഞു പോകാഞ്ഞതിനെത്തുടര്‍ന്ന് പോലീസ് ഒഴിപ്പിക്കല്‍ ആരംഭിക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദന മുറകളാണ് പോലീസ് പുറത്തെടുത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ആളുകളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. തൊണ്ണൂറോളം പേര്‍ അറസ്റ്റിലായതായാണ് പോലീസ് പ്രതികരിച്ചത്. അതേസമയം, കഴിഞ്ഞാഴ്ച പ്രക്ഷോഭത്തില്‍ പിടിയിലായവരെ പോലീസ് തീവ്രവാദ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍