Tue, 05/22/2012 - 10:46 ( 52 weeks 21 hoursago)
കോച്ചാണ് താരം
(+)(-) Font Size
കോച്ചാണ് താരം

അറ്റ്ലാന്റിക്കിനും ഐറിഷ് കടലിനും ഇടക്കുള്ള വലിയ ദ്വീപായിരുന്നു ഇന്നത്തെ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്. 1922ല്‍ ഈ വലിയ ദ്വീപിനെ രാഷ്ട്രീയ-വര്‍ഗീയ ഇടപെടലുകളെത്തുടര്‍ന്ന് വിഭജിച്ചപ്പോള്‍ ഇംഗ്ളണ്ടിനോട് ചേര്‍ന്നുള്ള ചെറിയ ഭാഗം വടക്കന്‍ അയര്‍ലന്‍ഡായി മാറി. ഇപ്പുറം റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡുമായി.
1801 മുതല്‍ 1922 വരെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു ഇന്നത്തെ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്. ബ്രിട്ടീഷ് സാമ്രാജ്യം രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച നാളുകളില്‍ 1845 മുതല്‍ 1849 വരെ നിലനിന്ന വരള്‍ച്ചയും ദാരിദ്യ്രവും ഒന്നര ദശലക്ഷം ജനങ്ങളുടെ ജീവനാണ് ഇവിടെനിന്ന് അപഹരിച്ചത്. ഏതാണ്ട് അത്രയും പേര്‍ കിട്ടിയ നൗകകളിലൊക്കെ കയറിക്കൂടി അമേരിക്കന്‍ ഐക്യനാടുകളിലും ചെന്നെത്തി.
സമാധാനപ്രിയരായിരുന്ന ഐറിഷ് ജനതയുടെ സ്വാതന്ത്രൃമോഹം ബ്രിട്ടീഷ് സാമ്രാജ്യത്തെ ചൊടിപ്പിച്ചിരുന്നു. നിരന്തര പോരാട്ടങ്ങളോടെ അന്നത്തെ ലോക മഹാശക്തികളെ വിറപ്പിച്ചുകൊണ്ട് വേര്‍പിരിയല്‍ യാഥാര്‍ഥ്യമാക്കിയപ്പോള്‍ 1921 ഡിസംബര്‍ ആറിന് അവര്‍ ആരംഭിച്ച അന്തിമ പോരാട്ടം ചോരപ്പുഴയൊഴുക്കി അടിച്ചമര്‍ത്താനാണ് ബ്രിട്ടീഷ് സൈന്യം ശ്രമിച്ചത്. ബ്രിട്ടന്റെ മേല്‍ക്കോയ്മ അംഗീകരിക്കണമെന്ന വ്യവസ്ഥയോടെ സ്വതന്ത്രഭരണാധികാരമുള്ള ഐറിഷ് ഫ്രീ സ്റ്റേറ്റ് 1922ല്‍ നിലവില്‍ വന്നു. രണ്ട് അയര്‍ലന്‍ഡുകളും ഈ വ്യവസ്ഥയുടെ പേരില്‍ ഏകോപിക്കപ്പെട്ടുവെങ്കിലും കേവലം ഒരു മാസത്തെ യോജിപ്പിനുശേഷം വടക്കന്‍ അയര്‍ലന്‍ഡ് വീണ്ടും ഇംഗ്ളീഷ് ഭൂഭാഗമായി മാറി. ഒടുവില്‍ നിലനില്‍പിനുവേണ്ടി മഹാറാണിയുടെ ഭരണം അംഗീകരിച്ച് ഇന്നത്തെ അയര്‍ലന്‍ഡ് നിലവില്‍വന്നു. തുടര്‍ന്നും ഈ മേഖല നിരന്തര സംഘര്‍ഷഭൂമിയായി നിലനിന്നു. പിന്നീടാണ് ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ പിറവിയും 1998ലെ ബല്‍ഫാസ്റ്റ് കരാറും ജനഹിത പരിശോധനയും. ഇതോടെ നോര്‍ത് അയര്‍ലന്‍ഡിന്റെ മേലുള്ള അയര്‍ലന്‍ഡിന്റെ അവകാശവാദം ഉപേക്ഷിച്ചു. മേഖല സമാധാനത്തിന്റെ താവളമായിത്തീര്‍ന്നു.
ബ്രിട്ടീഷ് സാമ്രാജ്യ വികസന കാലത്തുതന്നെ കാല്‍പന്തുകളി ലോകമെങ്ങും ചെന്നെത്തിയതുപോലെ, അയര്‍ലന്‍ഡിലുമെത്തി.
യൂറോപ്യന്‍ യോഗ്യതാ മത്സരത്തില്‍ ഗ്രൂപ് 'ബി'യില്‍ ആയിരുന്നു അയര്‍ലന്‍ഡ് മത്സരിച്ചത്. റഷ്യയോട് പൊരുതിത്തോറ്റതോടെ (3-2) ഗ്രൂപ്പില്‍ പ്രഥമ സ്ഥാനം നഷ്ടപ്പെട്ടു. പ്ലേ ഓഫില്‍ എസ്തോണിയയെ 4-0ത്തിന് വീഴ്ത്തിയാണ് തങ്ങളുടെ രണ്ടാം യൂറോ ഫൈനല്‍ റൗണ്ട് പ്രവേശം സാര്‍ഥകമാക്കിയത്.
ഇറ്റലിക്കാരനായ ഇതിഹാസതാരവും പരിശീലകചക്രവര്‍ത്തിയെന്ന അപരനാമവുമുള്ള യോവാന്‍ ട്രാപ്പറ്റോണിയാണ് 2008 മുതല്‍ അയര്‍ലന്‍ഡ് ടീമിന്റെ ആചാര്യന്‍. ക്ളബ് ഫുട്ബാളില്‍ 'ട്രാപ്പ' ഇതുവരെ നേടാത്തതൊന്നുമില്ല. എ.സി മിലാനുവേണ്ടി 274 തവണ മത്സരിച്ച ഈ 72കാരന്‍ ലോക ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നുതവണ ജേതാവായി. എ.സി മിലാനും ബയേണ്‍ മ്യൂണിക്കിനുമായി 10 തവണ വിവിധ രാജ്യങ്ങളിലെ ലീഗ് ചാമ്പ്യന്‍പട്ടം, ചാമ്പ്യന്‍സ്ലീഗ്, യുവേഫ കപ്പ് എന്നിവയൊക്കെ ഷോക്കേസിലെത്തിച്ചു.
പരമ്പരാഗത ഇറ്റാലിയന്‍ ശൈലിയായ സമ്പൂര്‍ണ ഡിഫന്‍സിവ് ശൈലിയിലാണ് ഭൂമിയിലെ ഹരിതവര്‍ണക്കാരെന്ന പേരുള്ള അയര്‍ലന്‍ഡിനെ ട്രാപ്പറ്റോണി അണിയിച്ചൊരുക്കിയിരിക്കുന്നത്. അവരുടെ തനിമയായിരുന്ന മധ്യനിര കേന്ദ്രീകരിച്ചുള്ള ആക്രമണശൈലി അതോടെ അസ്ഥാനത്തായി.
പ്രായാധിക്യംകൊണ്ട് 'വിഷമിക്കുന്ന' അയര്‍ലന്‍ഡിന്റെ ഏറ്റവും പ്രശസ്ത താരം 36കാരനായ ഷേയ്ഗിവണ്‍ ആണ് ഇത്തവണയും ഗോള്‍വല കാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. 120 തവണ ദേശീയ കുപ്പായമണിഞ്ഞിട്ടുണ്ട് ഈ ആസ്റ്റണ്‍വില്ലാ താരം. ലോകനിലവാരം പോയിട്ട് ദേശീയ നിലവാരം പോലുമില്ലാത്തയാളാണ് 'ഗിവ'നെങ്കിലും അനിവാര്യനിമിഷങ്ങളിലെ ഭാഗ്യം അദ്ദേഹത്തെ നിത്യഹരിതനായകനായി നിലനിര്‍ത്തുന്നു.
പ്രതിരോധനിരക്കാണ് ട്രാപ്പ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ആസ്റ്റണ്‍ വില്ലയുടെതന്നെ 32കാരനായ റിച്ചാര്‍ഡ് ഡ്യൂണേയാണ് വലതുവശം കാക്കുക. റൈറ്റ് ഇന്‍ ആയി വരുന്നത് സണ്ടര്‍ലന്‍ഡിന്റെ ജോണ്‍ ഓ ഷിയയും. ഇവരുടെ സുവര്‍ണയുഗം എന്നേ അവസാനിച്ചുവെങ്കിലും കോച്ചിന്റെ കണ്ണില്‍ അവര്‍തന്നെ പ്രധാന താരങ്ങള്‍. മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിശ്വസ്തനായ ഗ്രേഗ് കണ്ണിങ്ഹാമിന് 21 വയസ്സേ ഉള്ളൂവെങ്കിലും അസാധാരണ ഫോമിലാണിപ്പോള്‍. ലെഫ്റ്റ് ഇന്‍ സ്ഥാനം ഇവിടെ സുരക്ഷിതം. ആദ്യ യൂറോകപ്പ് മത്സരമാണ് കണ്ണിങ്ഹാമിന്റേത്. എവര്‍ട്ടന്റെ സീമസ് കോള്‍മന്‍ (23) കൂടിയാകുമ്പോള്‍ ഇറ്റാലിയന്‍ ടച്ചുള്ള അയര്‍ലന്‍ഡ് പ്രതിരോധനിര തയാര്‍.
ഇപ്പോള്‍ സ്പാര്‍ട്ടക് മോസ്കോക്ക് കളിക്കുന്ന മുന്‍ സെല്‍റ്റിക് ഗ്ളാസ്കോ താരം എയ്ഡന്‍ മക്ഗേസി (25) ആയിരിക്കും അയര്‍ലന്‍ഡിന്റെ തുറുപ്പുശീട്ട്. മധ്യനിരയിലെ ഈ 'സംവിധായകന്‍' ഭാവനാസമ്പന്നമായ മുന്നേറ്റങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനൊപ്പം പ്രതിരോധ, ആക്രമണ നിരകളെ സംയോജിപ്പിച്ചു മുന്നേറും. വോള്‍വര്‍ഹാംപ്ടന്റെ സ്റ്റീഫന്‍ ഹണ്ടും ഫു ള്‍ഹാമിന്റെ ഡാമിയന്‍ ഡഫും ആയിരിക്കും, മക്ഗേസിന്റെ സഹതാരങ്ങള്‍. 4:3:3 ശൈലിയാണ് ട്രാപ്പറ്റോണി സജ്ജീകരിച്ചിരിക്കുന്നത്. സാര്‍വദേശീയ മത്സരങ്ങളില്‍ അയര്‍ലന്‍ഡിനു വേണ്ടി ഗോളുകളടിച്ചുകൂട്ടുന്ന റോബീ കീനിലാണ് ആക്രമണ നിരയുടെ നേതൃത്വം. ഇംഗ്ളീഷ് ലീഗിലെ ഏതാണ്ടെല്ലാ വമ്പന്‍ ടീമുകള്‍ക്കും വേണ്ടി ബൂട്ടുകെട്ടിയ കീന്‍ ഇപ്പോള്‍ ലോസ് ആഞ്ജലസ് ഗാലക്സിയുടെ താരമാണ്. ഇതിനകം 114 അന്തര്‍ദേശീയ മത്സരങ്ങളില്‍ കീന്‍ പച്ചക്കുപ്പായമണിഞ്ഞിട്ടുണ്ട്. വോള്‍വര്‍ഹാംപ്ടന്റെ അതിവേഗക്കാരനായ കെവിന്‍ ഡോയലും വെസ്റ്റ് ബ്രോംവിച്ചിന്റെ ഷേയ്ന്‍ ലോംഗുമാണ് കീനിനൊപ്പം മുന്നേറ്റ നിരയില്‍. എന്നാല്‍, കെവിന്‍ ഡോയല്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് സന്നാഹ മത്സരങ്ങളില്‍നിന്ന് മാറിനില്‍ക്കുകയാണ്. ജൂണിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കില്‍ സെല്‍റ്റിക്കിന്റെ 22കാരനായ സിലിയാന്‍ ഷെറീഡാന് നറുക്ക് വീണേക്കും. യോഗ്യതാ മത്സരങ്ങളില്‍ തികച്ചും 'നിരുപദ്രവകാരികളുടെ' കൈയില്‍പ്പെട്ടതുകൊണ്ടായിരുന്നു അയര്‍ലന്‍ഡ് ഇത്തവണ കടന്നുകൂടിയത്. റോബി കീന്‍ അണിയില്‍ സജീവമായിരുന്നതും പ്ലേ ഓഫ് മത്സരങ്ങളില്‍ 'എസ്തോണിയയെ' കിട്ടിയതും അവരുടെ മഹാഭാഗ്യമായി.
സാധ്യത: അതിശക്തമായ ഡിഫന്‍സും കീനിന്റെ ഗോളടി മികവുമാണ് അയര്‍ലന്‍ഡിന്റെ പ്ലസ്പോയന്റ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, യോഗ്യതാ മത്സരങ്ങളിലെ 'ഭാഗ്യം' കലാശപ്പോരാട്ടങ്ങളില്‍ അവര്‍ക്കൊപ്പമുണ്ടാകാതെ പോയി. ഒപ്പമുള്ളത് ശക്തരില്‍ ശക്തരും കപ്പിനവകാശികളായേക്കാവുന്നവരുമായ നിലവിലെ ലോക,യൂറോ ചാമ്പ്യന്മാരായ സ്പെയിനും കരുത്തരായ ഇറ്റലിയും. പിന്നെ അട്ടിമറിക്ക് പ്രശസ്തരായ ക്രൊയേഷ്യയും. മൂന്നു മത്സരങ്ങളിലും തലവണങ്ങി ഹരിത പതാക താഴ്ത്തി അയര്‍ലന്‍ഡ് മടങ്ങിയേക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus