12:30:26
25 May 2013
Saturday
Facebook
Twitter
Rssfeed

മികച്ച വിജയം നേടിയിട്ടും ആര്‍.എം.എസ്.എ ഹൈസ്കൂളുകള്‍ വിഷമവൃത്തത്തില്‍

കുമ്പള: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയിട്ടും രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (ആര്‍.എം.എസ്.എ) ഹൈസ്കൂളുകള്‍ അങ്കലാപ്പില്‍. പുതിയ കുട്ടികള്‍ക്ക് പ്രവേശം നല്‍കുന്ന കാര്യമാണ് ഈ സ്കൂളുകളെ വിഷമവൃത്തത്തിലാക്കുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയിലെ 13 ആര്‍.എം.എസ്.എ സ്കൂളുകളില്‍ 11ന് നൂറുശതമാനവും ഒരു സ്കൂളിന് 98 ശതമാനവും വിജയം കൈവരിക്കാന്‍ കഴിഞ്ഞിരുന്നു. മികച്ച സൗകര്യങ്ങളുള്ള സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളോട് മത്സരിച്ചാണ് ഈ നേട്ടം കൈവരിച്ചത്.പുതുതായി പ്രവേശം നേടുന്ന കുട്ടികളെ ഇരുത്തി പഠിപ്പിക്കാനാവശ്യമായ ക്ളാസ്മുറികളോടുകൂടിയ കെട്ടിടമോ ഫര്‍ണിച്ചറോ സ്കൂളുകള്‍ക്കില്ല.
അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഇരിപ്പിടങ്ങളോ ഓഫിസും സ്റ്റാഫ് റൂമുകളോ ഇല്ല. അനുബന്ധ യു.പി സ്കൂളുകളുടെ പരിമിതമായ ചുറ്റുപാടുകളിലാണ് ഇപ്പോള്‍ ഈ സര്‍ക്കാര്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. യു.പി സ്കൂളിലാവട്ടെ, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ ലൈബ്രറിയോ ലാബോ ഇല്ല.
2011 ജൂണില്‍ ഈ സ്കൂളുകള്‍ അനുവദിക്കപ്പെട്ടപ്പോള്‍ തന്നെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു സ്കൂളിന് 58 ലക്ഷം രൂപ എന്ന കണക്കിന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഈ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ അതത് സ്കൂളിലെ പ്രധാനാധ്യാപകരുടെ അക്കൗണ്ടുവരെ എത്തിയതുമാണ്. എന്നാല്‍, ചില കടലാസു കാര്യങ്ങളിലെ അനാസ്ഥയാണ് ആവശ്യത്തിന് ഫണ്ടുണ്ടായിട്ടും സ്കൂളുകളെ ഈ ഗതിയിലാക്കിയത്.
തുക ചെലവഴിക്കണമെങ്കില്‍ സര്‍ക്കാറില്‍നിന്ന് ചില മാര്‍ഗനിര്‍ദേശങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഏതു വഴിക്ക് ഏത് ഇനങ്ങളില്‍ എത്ര തുക ചെലവാക്കാമെന്ന കൃത്യമായ കണക്കുകളുടെ പട്ടിക ലഭിച്ചാലേ ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ. ഈ പട്ടിക ലഭിക്കാത്തതാണ് സ്കൂളുകളെ വെട്ടിലാക്കിയിരിക്കുന്നത്.
ഹൈസ്കൂളുകളുടെ നിയന്ത്രണം ജില്ലാ പഞ്ചായത്തിനാണെന്നിരിക്കെ ഈ സ്കൂളുകളുടെ അധികാരം തങ്ങള്‍ക്ക് വിട്ടുകിട്ടിയിട്ടില്ല, അതുകൊണ്ട് ഇടപെടാനുമാവില്ലെന്ന ന്യായീകരണമാണത്രെ പരാതിയുമായി ചെല്ലുന്ന അധ്യാപകര്‍ക്ക് ജില്ലാ പഞ്ചായത്തില്‍നിന്ന് ലഭിക്കുന്ന ത്. ഇതോടെ ഇനിയേത് വാതിലാണ് ചെന്ന് മുട്ടേണ്ടതെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് അധ്യാപകരും നാട്ടുകാരും.
ആര്‍.എം.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചില ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു സംസ്ഥാനതല സംവിധാനം കഴിഞ്ഞവര്‍ഷം ആരംഭിച്ചിരുന്നു. എന്നാല്‍, ഈ സംവിധാനം ഇതുവരെ ചലിച്ചുതുടങ്ങിയിട്ടില്ല.
ജില്ലയില്‍ ഉദ്യാവര്‍, മൂഢംബയല്‍, കടമ്പാര്‍, കൊടിയമ്മ, പെര്‍ഡാല, കൊളത്തൂര്‍, മുന്നാട്, കാഞ്ഞങ്ങാട്, അജാനൂര്‍ കടപ്പുറം, ചാമുണ്ഡിക്കുന്ന്, പെരുമ്പട്ട, ബാര, പാണത്തൂര്‍, തയ്യേനി എന്നിവിടങ്ങളിലാണ് കഴിഞ്ഞ അധ്യയന വര്‍ഷം ആര്‍.എം.എസ്.എ സ്കൂളുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com