വാഷിങ്ടണ്‍: അഫ്ഗാനിസ്താനിലേക്കുള്ള നാറ്റോയുടെ ചരക്കുവാഹനങ്ങള്‍ കടന്നുപോകുവാന്‍ പാകിസ്താന്‍ വീണ്ടും തങ്ങളുടെ അധീനതയിലുള്ള ചരക്കു പാതകള്‍ തുറന്നുകൊടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നവംബര്‍ 26ന് 24 പാക് സൈനികരുടെ കൊലയില്‍ കലാശിച്ച യു.എസ് ആക്രമണത്തെ തുടര്‍ന്ന് അടച്ച ചരക്കുപാത ഉടന്‍തന്നെ തുറക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുകയാണെന്ന് മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ഇസ്ലാമാബാദില്‍ പറഞ്ഞു. ഉടന്‍തന്നെ അഫ്ഗാനിലേക്ക് നാല് നാറ്റോ ട്രക്കുകള്‍ പാകിസ്താന്‍ വഴി കടന്നുപോകുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെ പാക് അംബാസഡര്‍ ഷെറി റഹ്മാനും കഴിഞ്ഞദിവസം ഇതുസംബന്ധിച്ച സൂചന നല്‍കി. നവംബര്‍ 24ലെ സംഭവത്തെ അമേരിക്കന്‍ ഭരണകൂടം അപലപിക്കുന്നതുവരെ ചരക്കുപാതകള്‍ തുറക്കില്ലെന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, ഇത്തരം വ്യവസ്ഥകള്‍ ചര്‍ച്ചക്കായി പരഗണിക്കില്ലെന്നും കൂടുതല്‍ ക്രിയാത്മകമായ ചര്‍ച്ചകളാണ് രാജ്യം ആവശ്യപ്പെടുന്നതെന്നുമായിരുന്നു ഷെറി റഹ്മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. അതേസമയം, ചരക്കുവാഹനങ്ങള്‍ക്ക് പാകിസ്താന്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓരോ കണ്ടെയ്നറിനും 5000 മുതല്‍ 6000 ഡോളര്‍ വരെ നികുതിയാണ് പാകിസ്താന്‍ ചുമത്താനുദ്ദേശിക്കുന്നതത്രെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍