ഖര്‍ത്തൂം: ദക്ഷിണ സുഡാനുമായി സമാധാന ചര്‍ച്ചക്കും സുരക്ഷാ ഉടമ്പടിക്കും സന്നദ്ധമാണെന്ന് സുഡാന്‍ പ്രസിഡന്‍റ് ഉമര്‍ അല്‍ ബശീര്‍ പറഞ്ഞു. സുഡാന്‍ തലസ്ഥാനമായ ഖര്‍ത്തൂമില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്‍റ് താബോ എംബകിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സുഡാന്‍ പ്രശ്നത്തില്‍ മധ്യസ്ഥ ശ്രമവുമായി രംഗത്തെത്തിയ ആഫ്രിക്കന്‍ യൂനിയന്‍െറ പ്രതിനിധിയായാണ് എംബകി ഖര്‍ത്തൂമിലെത്തിയത്. ബശീറുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുണ്ടായിരിക്കേണ്ട സഹകരണത്തെക്കുറിച്ച് ബശീര്‍ തികഞ്ഞ ബോധവാനാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്നത്തില്‍ ദക്ഷിണ സുഡാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും ഇതിനായി, തലസ്ഥാനമായ ജൂബയിലേക്ക് യാത്ര തിരിക്കുമെന്നും എംബകി പറഞ്ഞു.
2005ല്‍ ഉണ്ടാക്കിയ കരാറിന്‍െറ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് അഖണ്ഡ സുഡാന്‍ വിഭജിച്ച് ദക്ഷിണ സുഡാന്‍ സ്വാതന്ത്ര്യം നേടിയത്. എന്നാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നില്ല. കഴിഞ്ഞ ഏപ്രിലില്‍, ദക്ഷിണ സുഡാന്‍ സൈന്യം അതിര്‍ത്തി മേഖലയിലെ ഹെഗ്ലിഗ് എണ്ണപ്പാടങ്ങള്‍ കൈയേറിയതോടെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. പിന്നീട് യു.എന്‍ സമ്മര്‍ദത്തെ തുടര്‍ന്ന് സൈന്യം മേഖലയില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍