12:30:26
19 May 2013
Sunday
Facebook
Twitter
Rssfeed

മാതൃഹത്യ നടത്തുന്ന ചട്ടങ്ങള്‍

മാതൃഹത്യ മഹാപാപങ്ങളിലൊന്നായാണ് നാം കാണുന്നത്. നിയമനിര്‍മാണസഭ പാസാക്കുന്ന നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനാണ് അനുബന്ധമായി ചട്ടങ്ങള്‍ നിര്‍മിക്കുന്നത്. പക്ഷേ, ചട്ടങ്ങള്‍തന്നെ മാതൃനിയമത്തെ വകവരുത്തിയാലോ? കേരള ഹൈകോടതി വിവരാവകാശ നിയമത്തിനു നിര്‍മിച്ച 2006ലെ ചട്ടങ്ങള്‍ അത്തരത്തിലൊന്നാണ്. (കേരള ഹൈകോടതി വിവരാവകാശചട്ടങ്ങള്‍-2006)
സുപ്രീംകോടതിയിലെയും സംസ്ഥാന ഹൈകോടതികളിലെയും ചീഫ് ജസ്റ്റിസുമാര്‍ക്ക് അതത് കോടതികളില്‍ നിയമം നടപ്പാക്കാനാവശ്യമായ ചട്ടങ്ങള്‍ നിര്‍മിക്കാന്‍ വിവരാവകാശ നിയമത്തിലെ 28ാം വകുപ്പ് അധികാരം നല്‍കുന്നു. ഈ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഒരു ചട്ടവും ഉണ്ടാക്കിയിട്ടില്ല. എന്നാല്‍, കേരള ഹൈകോടതി ചട്ടങ്ങള്‍ നിര്‍മിക്കുകയും 2006 ജൂണ്‍ 27ന് അത് നിലവില്‍വരുകയും ചെയ്തു.
കേരളത്തിലെ കീഴ്കോടതികള്‍ക്കും ട്രൈബ്യൂണലുകള്‍ക്കുമായി സമാനമായ മറ്റൊരു ചട്ടവും നിലവില്‍വന്നു. (ഠവല ൃശഴവ േീേ ശിളീൃാമശേീി- ൗെയീൃറശിമലേ രീൗൃsേ മിറ rൃേയൗിമഹ-െ ൃൗഹല,െ2006). നിയമങ്ങള്‍ വ്യാഖ്യാനിക്കുന്ന അടിസ്ഥാന തത്ത്വങ്ങള്‍ പ്രകാരം, ചട്ടങ്ങളെല്ലാം മാതൃനിയമത്തിന് അനുബന്ധവും അനുരൂപവുമായിരിക്കണം. മാതൃനിയമത്തിന്റെ അടിസ്ഥാന പരികല്‍പനകള്‍ക്ക് വിരുദ്ധമായ നിയമങ്ങള്‍ അതിനാല്‍തന്നെ അസാധുവാകുന്നു. 1992ലെ ആദായനികുതി കമീഷണറും ഗ്വാളിയോര്‍ റയോണ്‍സും തമ്മിലുള്ള കേസില്‍ സുപ്രീംകോടതിയും ഇക്കാര്യം അര്‍ഥശങ്കക്ക് ഇടവില്ലാത്തവിധം പ്രസ്താവിച്ചിട്ടുള്ളതാണ്. 'മാതൃനിയമം നടപ്പാക്കുന്നതിനാണ് ചട്ടങ്ങളും അനുബന്ധ നിയമങ്ങളും ഉള്ളത്. നിയമം അനുബന്ധമായ ചട്ടങ്ങളുപയോഗിച്ച് ഇല്ലായ്മ ചെയ്യരുത്'. സുപ്രീംകോടതി വിധി, ഭരണഘടനയുടെ 141ാം അനുച്ഛേദപ്രകാരം രാജ്യത്തെ നിയമവുമാണ്. ഇനി, വിവരാവകാശ നിയമത്തിന് കേരള ഹൈകോടതി ചിട്ടപ്പെടുത്തിയ ചട്ടങ്ങള്‍ പരിശോധിക്കാം.
റൂള്‍ 12. നീതിന്യായ നടപടികളുമായി ബന്ധപ്പെട്ട രേഖയോ വിവരമോ ആവശ്യപ്പെടുന്ന അപേക്ഷ ഈ ചട്ടപ്രകാരം സ്വീകരിക്കുന്നതല്ല.
റൂള്‍ 13. പരിഗണനയിലിരിക്കുന്ന നയപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട രേഖയോ വിവരമോ ആവശ്യപ്പെടുന്ന അപേക്ഷ പരിഗണിക്കുന്നതല്ല.
നിയമത്തിലെ എട്ട്, ഒമ്പത് വകുപ്പുകളിലെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു മാത്രമേ വിവരം നിഷേധിക്കാന്‍ കഴിയൂ എന്ന് വിവരാവകാശ നിയമത്തിലെ ഏഴ് (1) വകുപ്പ് പറയുന്നു. അങ്ങനെയെങ്കില്‍ പാര്‍ലമെന്റ് നിര്‍മിച്ച നിയമത്തില്‍ അപേക്ഷ തള്ളാന്‍ പുതിയ കാരണം കൂട്ടിച്ചേര്‍ക്കാന്‍ യുക്താധികാരിയായ ചീഫ് ജസ്റ്റിസിന് അധികാരമുണ്ടോ? റൂള്‍ 12, 13 ചൂണ്ടിക്കാട്ടി ഭൂരിപക്ഷ അപേക്ഷകളും നിരാകരിച്ചപ്പോള്‍ ഒരു കേസില്‍ വിവരാവകാശ കമീഷന്‍ തന്നെ ഇടപെട്ടു. ഹൈകോടതിയുടെ അപ്പലേറ്റ് അതോറിറ്റി അപേക്ഷ നിരാകരിച്ചതിനെ ചോദ്യം ചെയ്ത് ആലപ്പുഴ സ്വദേശി ഇബ്രാഹീം കുഞ്ഞ് സമര്‍പ്പിച്ച ഹരജിയില്‍ രേഖകള്‍ അപേക്ഷകന് നല്‍കാന്‍ ഹൈകോടതിയോട് കമീഷന്‍ ഉത്തരവിട്ടു. കമീഷന്റെ ഉത്തരവിനെ ഹൈകോടതിയില്‍ ചോദ്യം ചെയ്ത് സ്റ്റേവാങ്ങി. ഇതുവരേയും ആ കേസ് അന്തിമവാദത്തിനായി എത്തിയില്ല. ഹൈകോടതി നിര്‍മിച്ച ഈ ചട്ടങ്ങള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജിയും ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളിക്കളഞ്ഞു.
വിവരാവകാശ നിയമത്തിന്റെ അതിപ്രഭാവമാണ് ഇതര നിയമങ്ങളേക്കാള്‍ ഇതിനെ കരുത്തുറ്റതാക്കുന്നത്. വിവരാവകാശ നിയമ വ്യവസ്ഥകള്‍ മറ്റു നിയമത്തിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ വിവരാവകാശ നിയമ വ്യവസ്ഥകള്‍ക്കായിരിക്കും പ്രാബല്യം. 1923ലെ ഔദ്യോഗിക രഹസ്യനിയമത്തിനും മറ്റേതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപംകൊടുത്ത ചട്ടങ്ങള്‍ക്കും ഇതുബാധകമായിരിക്കുമെന്ന നിയമത്തിലെ 22ാം വകുപ്പ് യുക്താധികാരി ലംഘിച്ചിരിക്കുകയാണ്.
ഇംഗ്ളണ്ടിലെ ഏറ്റവും സ്വേച്ഛാധിപതിയായ ഭരണാധികാരിയായിരുന്നു ഹെന്റി എട്ടാമന്‍. അതുകൊണ്ടാവണം, നിയമങ്ങളുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട്, ഏകാധിപത്യ സ്വഭാവം പ്രദര്‍ശിപ്പിക്കുന്ന ഇത്തരം ചട്ടങ്ങളെ 'ഹെന്റി എയ്ത്ത് കേ്ളാസ്' എന്നാണ് നിയമ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.
മാതൃകയായി നല്ലൊരു ചട്ടം കിട്ടാത്തതുകൊണ്ടാകാം കേരള ഹൈകോടതി ഇത്തരമൊരു ചട്ടമുണ്ടാക്കിയതെന്ന് കരുതാം. സുപ്രീംകോടതി 28ാം വകുപ്പനുസരിച്ചുള്ള ഫീസ് ചട്ടം തന്നെ നിര്‍മിച്ചിട്ടില്ല. അപ്പീലിനുമില്ല ചട്ടം. പിന്നെ എങ്ങനെയാണ് അവര്‍ വിവരം കൊടുക്കുന്നതെന്ന് ചോദിച്ചാല്‍ കേന്ദ്രസര്‍ക്കാറിന്റെ ചട്ടപ്രകാരമെന്ന് മറുപടി. (ഞശഴവ േീേ ശിളീൃാമശേീി-ൃലഴൗഹമശേീി ീള ളലല െമിറ രീtെേ-ൃൗഹല,െ 2005) യഥാര്‍ഥത്തില്‍, ഫീസ് നല്‍കുന്നതിനുള്ള ഈ ചട്ടം നിര്‍മിക്കുന്നതുവരെ വിവരം സൗജന്യമായി നല്‍കാന്‍ ഇവര്‍ ബാധ്യസ്ഥരാണ്.
വിവരാവകാശ അപേക്ഷകരില്‍നിന്ന് 10 രൂപ ഫീസ് വാങ്ങാന്‍ നിയമം അനുവദിക്കുന്നില്ല. ചട്ടം ഉണ്ടാക്കുന്നതുവരെ സുപ്രീംകോടതി അപേക്ഷകരില്‍നിന്നും ഫീസ് വാങ്ങാതിരിക്കുന്നതാണ് ഉത്തമം. മാതൃനിയമത്തിന് അനുബന്ധ നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അത് ഗസറ്റില്‍ വിജ്ഞാപനം ചെയ്താലേ ബാധകമാകൂ എന്ന് നരേന്ദ്രകുമാര്‍-ഭാരതസര്‍ക്കാര്‍ കേസില്‍ അഞ്ചംഗങ്ങളുള്ള സുപ്രീംകോടതി ബെഞ്ച് തന്നെയാണ് പറഞ്ഞത്.
ഗസറ്റില്‍ വിജ്ഞാപനം ചെയ്തില്ല എന്ന കാരണത്താല്‍ കേന്ദ്ര വിവരാവകാശ കമീഷന്റെ മാനേജ്മെന്റ് ചട്ടങ്ങള്‍ ദല്‍ഹിയില്‍ ഹൈകോടതി അസാധുവായി പ്രഖ്യാപിക്കുകയും ചെയ്തു.
പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നല്‍കിയ മറുപടിയില്‍ അതൃപ്തിയുള്ള അപേക്ഷകന് അപ്പീല്‍ അധികാരിമുമ്പാകെ ഒന്നാം അപ്പീല്‍ സമര്‍പ്പിക്കാം. പി.ഐ.ഒയുടെ സീനിയര്‍ ഉദ്യോഗസ്ഥനാണ് അപ്പീല്‍ അധികാരി. ഹൈകോടതിയിലാണെങ്കില്‍ രജിസ്ട്രാര്‍ ജനറല്‍ ആണ് അപ്പീല്‍ അധികാരി. നിയമത്തിലെ 19 (1) വകുപ്പനുസരിച്ച് ഒന്നാം അപ്പീല്‍ സമര്‍പ്പിക്കുന്നയാള്‍ 50 രൂപ ഫീസ് അടക്കണമെന്നാണ് ഹൈകോടതി ചട്ടം പറയുന്നത്. 6 (1) വകുപ്പ് പ്രകാരം അപേക്ഷ ഫീസ് ഏര്‍പ്പെടുത്താന്‍ മാത്രമാണ് അനുവാദം നല്‍കുന്നത്. അപ്പീലിന് ഫീസ് ചുമത്താന്‍ വിവരാവകാശ നിയമം ചീഫ് ജസ്റ്റിസിന് അധികാരം നല്‍കുന്നില്ല. നിയമത്തിലെ 28 (2) വകുപ്പും അപ്പീലിന് ഫീസ് ചുമത്താന്‍ അനുവദിക്കുന്നില്ല. സുപ്രീംകോടതിയോ കേന്ദ്രസര്‍ക്കാറോ കേരള സര്‍ക്കാറോ അപ്പീലിന് ഫീസ് ചുമത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. മദ്രാസ്, കര്‍ണാടക, ആന്ധ്രപ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡിഷ, രാജസ്ഥാന്‍ എന്നീ ഹൈകോടതികളും അപ്പീലിന് ഫീസ് ചുമത്തിയിട്ടില്ല. ഒരണപോലും പാര്‍ലമെന്റിന്റെ അനുമതിയില്ലാതെ പൗരനില്‍നിന്നും നികുതിയായോ ഫീസായോ പിരിക്കാന്‍ പാടില്ലെന്ന പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വത്തിനെതിരാണ് ഈ നടപടി.
(ദല്‍ഹി ഹൈകോടതി അപ്പീല്‍ ഫീസായി ആദ്യം തീരുമാനിച്ചത് 500 രൂപയാണ്. പിന്നീട് 50 രൂപയായി കുറച്ചു.)
വിവരം മൂന്ന് ദിവസത്തിനകം അപേക്ഷകന്‍ നല്‍കണമെന്നും അതിനുശേഷം വൈകുന്ന ഒരോ ദിവസത്തിനും 250 രൂപവെച്ച് ഉദ്യോഗസ്ഥന് പിഴചുമത്താന്‍ വിവരാവകാശ കമീഷന്‍ നിയമം അധികാരം നല്‍കുമ്പോള്‍ ഹൈകോടതിയുടെ റൂള്‍ നാല് പ്രകാരം 'രജിസ്ട്രാര്‍ ജനറല്‍ വിവരം നല്‍കാന്‍ എല്ലാ ശ്രമവും നടത്തും' എന്നാണ് പറയുന്നത്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com