തിരുവല്ല: മാലിന്യം മറവുചെയ്യാനെന്നപേരില്‍ നഗരസഭാ വസ്തുവില്‍നിന്ന് മണ്ണ് ഖനനം നടത്തിയത് തദ്ദേശവാസികള്‍ തടഞ്ഞു.
എം.സി റോഡില്‍ തിരുവല്ല തിരുമൂലപുരം കാളച്ചന്തയിലെ മല ഇടിച്ച് നടത്തിയ മണ്ണെടുക്കലാണ് നാട്ടുകാര്‍ തടഞ്ഞത്. തിരുവല്ല ചെയര്‍മാന്‍സ് റോഡില്‍ പാര്‍ക്കിനോട് ചേര്‍ന്ന പാടശേഖരത്ത് തള്ളിയ മാലിന്യം മണ്ണിട്ട് നികത്താനാണ് തിരുമൂലപുരത്തുനിന്ന് ശനിയാഴ്ച രാവിലെ 7.30 ന് മണ്ണെടുപ്പ് ആരംഭിച്ചത്. അഞ്ച് ലോഡ് മണ്ണ് ഇവിടെനിന്ന് നീക്കം ചെയ്തെങ്കിലും ചെയര്‍മാന്‍സ് റോഡില്‍ രണ്ട് ലോഡ് മണ്ണ് മാത്രമേ എത്തിയുള്ളൂ. ബാക്കി മൂന്ന് ലോഡ് മണ്ണും അനധികൃതമായി കടത്തുകയായിരുന്നത്രേ. 2011 ലെ നഗരസഭാ ബജറ്റില്‍ മണ്ണെടുത്ത സ്ഥലത്ത് പുതിയ കല്യാണമണ്ഡപം നിര്‍മിക്കാന്‍ തുക നീക്കിവെച്ചെങ്കിലും പദ്ധതി ഉപേക്ഷിച്ചിരുന്നു. ഇത്തവണയും ഇതിന് പണം വക കൊള്ളിച്ചിട്ടുണ്ട്. മണ്ണ് മാഫിയയുമായി ചേര്‍ന്ന് നഗരസഭയുടെ അനധികൃത നടപടികളാണ് ഇവിടെ നടക്കുന്നതെന്ന് നഗരസഭാ പ്രതിപക്ഷനേതാവ് അഡ്വ.കെ.രഘുകുട്ടന്‍പിള്ള ആരോപിച്ചു. തിരുമൂലപുരം പ്രദേശത്തെ വികസനത്തിന് മാത്രമെ ഇവിടെയുള്ള മണ്ണ് നീക്കം ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്ന് കൗണ്‍സിലര്‍ ബിനോജ് വര്‍ഗീസ് പറഞ്ഞു. മുമ്പ് ഇവിടെനിന്ന് നൂറുകണക്കിന് ലോഡ് മണ്ണെടുത്ത് റോഡ് നിര്‍മാണത്തിന് കൊണ്ടുപോയിരുന്നു. ഇതുമൂലം സമീപത്തെ വീടുകളും മറ്റ് കെട്ടിടങ്ങളും ദുരന്ത ഭീഷണിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍