ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കയര്‍മേഖലയെ ഉള്‍പ്പെടുത്താനുള്ള സാധ്യത പഠിക്കാന്‍ കേന്ദ്രസംഘം തിങ്കളാഴ്ച കേരളത്തിലെത്തും. കയര്‍മേഖല അഭിമുഖീകരിക്കുന്ന തൊണ്ടിന്‍െറ ദൗര്‍ലഭ്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ എത്രമാത്രം സഹായം ചെയ്യാന്‍ കഴിയുമെന്ന് പഠിക്കുകയാണ് ലക്ഷ്യം. തൊണ്ടുസംഭരണത്തെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം നേരത്തേ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. 21 മുതല്‍ 24 വരെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കുമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തില്‍ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ തൊഴില്‍സമയം രാവിലെ ഒമ്പതുമുതല്‍ വൈകുന്നേരം നാലുവരെയാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ശിപാര്‍ശ നല്‍കാന്‍ യോഗം തീരുമാനിച്ചു. ഏഴുമണിക്കൂര്‍ ജോലിയെന്ന നിബന്ധനയുടെ അടിസ്ഥാനത്തില്‍ തൊഴില്‍സമയം നിജപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്രം പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നടത്തും. പദ്ധതിയിലൂടെ കുളങ്ങള്‍ നവീകരിച്ചത് വിലയിരുത്താന്‍ കഞ്ഞിക്കുഴി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ഡി. പ്രിയേഷ്കുമാര്‍, തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡന്‍റ് പത്മാവതിയമ്മ, ഗാന്ധി ഗ്രാമസേവാകേന്ദ്രം സെക്രട്ടറി കെ.ജി. ജഗദീശന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ നിയോഗിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വൃത്തിയാക്കുന്ന കുളങ്ങള്‍ കയര്‍ഭൂവസ്ത്രവും മറ്റും ഉപയോഗിച്ച് സംരക്ഷിക്കാന്‍ പഞ്ചായത്തുകള്‍ പദ്ധതി തയാറാക്കണം. തൊഴിലുറപ്പ് കൂലി 200 രൂപയായി വര്‍ധിപ്പിക്കാന്‍ നടപടി പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 2012-’13 വര്‍ഷത്തില്‍ 134 കോടിയുടെ ലേബര്‍ ബജറ്റാണ് തയാറാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നല്‍കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടില്ല. പഞ്ചായത്തുകള്‍ തൊഴിലുറപ്പ് പദ്ധതിപ്പണം ചെലവഴിച്ചത് സംബന്ധിച്ച വിവരങ്ങളും രേഖകളും മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സംവിധാനത്തില്‍ (എം.ഐ.എസ്) കൃത്യമായി സമര്‍പ്പിച്ചാല്‍ പണം ലഭിക്കും. പഞ്ചായത്തുകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. എം.ഐ.എസ് സമര്‍പ്പിക്കാന്‍ കാലതാമസമെടുക്കുന്നത് പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളുടെ ഭവന നിര്‍മാണ പദ്ധതിയായ ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടും. പദ്ധതിപ്രകാരം വായ്പ എടുക്കുന്നവരോട് സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് ബാങ്കുകള്‍ വസ്തു ഈടായി ആവശ്യപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ലീഡ് ബാങ്ക് മാനേജരോട് ആവശ്യപ്പെട്ടു. ആലപ്പുഴ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതുവരെ 42 കോടി ചെലവഴിച്ചു.
ദേശീയ വാര്‍ധക്യകാല പെന്‍ഷന് അപേക്ഷിക്കുന്നവര്‍ പ്രായം തെളിയിക്കാന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ സമര്‍പ്പിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ പരാതികള്‍ പരിഹരിക്കാനും പൊട്ടിയ പൈപ്പുകള്‍ നന്നാക്കാനും ജല വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നിര്‍ദേശിച്ചു.
എ.ഡി.എം കെ.പി. തമ്പി, പി.എം.ജി.എസ്.വൈ ജോയന്‍റ് ഡെവലപ്മെന്‍റ് കമീഷണര്‍ ബി.എസ്. തിരുമേനി, ഡി. രാജേഷ്, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ജോയന്‍റ് പ്രോഗ്രാം കോഓഡിനേറ്റര്‍ വിജയകുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ വനജകുമാരി, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍