മാരാരിക്കുളം: സ്ത്രീകളെ കത്തികാട്ടി ഭീഷണിപ്പെടുത്തി 22 പവന്‍ സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. ചേര്‍ത്തല ഡിവൈ.എസ്.പി വി.കെ. അരവിന്ദാക്ഷന്‍െറ മേല്‍നോട്ടത്തില്‍ ചേര്‍ത്തല സി.ഐ കെ.ജി. അനീഷ്, മാരാരിക്കുളം എസ്.ഐ ഇഗ്നേഷ്യസ്, എ.എസ്.ഐമാരായ പ്രകാശന്‍, നവീന്‍ എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് മുഹമ്മ എ.ബി വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയും എസ്.എല്‍.പുരം സര്‍വീസ് സഹകരണബാങ്ക് സെക്രട്ടറി മാരാരിക്കുളം വടക്ക് ഒമ്പതാം വാര്‍ഡ് മിച്ചാരംവെളി വസന്തവിഹാറില്‍ രാധാകൃഷ്ണന്‍െറ ഭാര്യയുമായ വസന്തകുമാരി (52) മകന്‍ രാഗേഷിന്‍െറ ഭാര്യ കാര്‍ത്തിക (23) എന്നിവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി 22 പവന്‍ സ്വര്‍ണവും 38,000 രൂപയും രണ്ട് മൊബൈല്‍ഫോണുകളും മോഷ്ടിച്ചത്. അടുക്കളവാതിലിന്‍െറ കൊളുത്ത് പൊളിച്ചാണ് മൂന്നംഗസംഘം അകത്തുകടന്നത്. സംഭവത്തില്‍ നിരവധി പേരെ പൊലീസ് ചോദ്യംചെയ്തു. വീടിനടുത്തെ ലെവല്‍ക്രോസിന് സമീപം മോഷ്ടിച്ച മൊബൈല്‍ഫോണുകളും ബാഗുകളും ആഭരണം സൂക്ഷിച്ചിരുന്ന പെട്ടി, കുട, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പൊലീസ് കണ്ടെടുത്തു.
ആശുപത്രിയില്‍ കഴിയുന്ന വസന്തകുമാരിയുടെയും കാര്‍ത്തികയുടെയും മൊഴിപ്രകാരം മധ്യവയസ്കനും രണ്ട് ചെറുപ്പക്കാരുമാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരുടെ രേഖാചിത്രം തയാറാക്കുന്നത് ഉള്‍പ്പെടെ നടപടി പുരോഗമിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍