വടുതല: മേഖലയിലെ യാത്രാദുരിതത്തിന് അറുതിയില്ല. മഴയത്തും വെയിലത്തും കാത്തുനിന്ന് ബസില്‍ കയറുന്നതും നിരങ്ങിനീങ്ങുന്ന യാത്രയും വര്‍ഷങ്ങള്‍ക്കുശേഷവും തുടരുകയാണെന്ന് അരൂക്കുറ്റി മുതല്‍ ചേര്‍ത്തല വരെയുള്ളവര്‍ പറയുന്നു. കായല്‍ ചുറ്റിക്കിടക്കുന്ന പ്രദേശമാണ് അരൂക്കുറ്റിയും വടുതലയും. വള്ളങ്ങളും ബോട്ടുകളും മാത്രമായിരുന്നു മുമ്പത്തെ യാത്രാവാഹനങ്ങള്‍. പിന്നീട് അരൂക്കുറ്റി-ചേര്‍ത്തല റോഡുനിര്‍മിച്ച് ബസുകള്‍ ഓടിത്തുടങ്ങി. തിരുവിതാംകൂറിന്‍െറ രണ്ടാം തലസ്ഥാനമായി അറിയപ്പെട്ട അരൂക്കുറ്റിയിലെ ചുങ്കംപിരിക്കുന്ന ചൗക്കയില്‍നിന്ന് തലച്ചുമടായി ചുങ്കപ്പണം കൊണ്ടുപോകാന്‍ നിര്‍മിച്ച രാജപാതയാണ് റോഡായി മാറിയത്.
അടുത്തടുത്ത് സ്റ്റോപ്പുള്ള റൂട്ടില്‍ സ്വകാര്യബസുകള്‍ നിരങ്ങിനീങ്ങുന്നത് മുമ്പ് യാത്രക്കാര്‍ക്ക് പ്രശ്നമായിരുന്നില്ല. എന്നാല്‍, കൃത്യസമയത്ത് വിദ്യാലയങ്ങളിലും ജോലിസ്ഥലങ്ങളിലും എത്താനുള്ള യാത്രക്കാര്‍ക്ക് ഒച്ചിഴയും വേഗതയിലെ യാത്ര ദുരിതമാകുന്നു. അരൂക്കുറ്റി-അരൂര്‍ പാലം പൂര്‍ത്തിയാക്കാന്‍ വടുതല മേഖലയിലുള്ളവര്‍ നടത്തിയത് ഐതിഹാസിക പ്രക്ഷോഭങ്ങളാണ്. പാലം യാഥാര്‍ഥ്യമായപ്പോള്‍ റോഡ് തകര്‍ന്നു.
പിന്നീട് റോഡ് നിര്‍മിക്കാന്‍ സമരപരമ്പര തുടങ്ങി. ദേശീയപാത ഉപരോധിക്കുന്നതുവരെ പ്രക്ഷോഭം വളര്‍ന്നു. ഒടുവില്‍ ദേശീയപാതക്ക് സമാന്തരമായി റോഡ് ലഭിച്ചെങ്കിലും യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് അറുതിയായില്ല. അരൂക്കുറ്റി-ചേര്‍ത്തല റോഡരികില്‍ യാത്രക്കാര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കാന്‍ വളരെ കുറച്ച് ഷെല്‍ട്ടറുകള്‍ മാത്രമാണുള്ളത്. കൊമ്പനാമുറിയില്‍നിന്ന് തുടങ്ങി പെരുമ്പളം കവലയില്‍ എത്തുന്ന റോഡ് പുനര്‍നിര്‍മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബസ് സര്‍വീസ് പുനരാരംഭിച്ചിട്ടില്ല.
വടുതലയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ കിലോമീറ്ററുകള്‍ നടന്ന് അരൂക്കുറ്റി-ചേര്‍ത്തല റോഡിലെത്തിയാണ് ബസ് കയറുന്നത്. റോഡ് തകര്‍ന്നതിന്‍െറ പേരില്‍ ബസ് സര്‍വീസ് നിര്‍ത്തിവെച്ച മറ്റൊരു റോഡാണ് നദ്വത്ത് നഗര്‍-കുടപുറം റോഡ്. ഇവിടെ റോഡ് പുനര്‍നിര്‍മിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബസ് സര്‍വീസ് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍