മാരാരിക്കുളം: മണിക്കൂറുകള്‍ കവര്‍ച്ചാസംഘത്തിന്‍െറ കത്തിമുനയില്‍നിന്നതിന്‍െറ നടുക്കത്തിലാണ് വസന്തകുമാരി ടീച്ചറും മരുമകള്‍ കാര്‍ത്തികയും. വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനാണ് മാരാരിക്കുളം പ്രദേശത്തെ നടുക്കിയ കവര്‍ച്ച അരങ്ങേറിയത്. മാരാരിക്കുളം വടക്ക് ഒമ്പതാം വാര്‍ഡ് മിച്ചാരംവെളി വസന്തവിഹാറില്‍ രാധാകൃഷ്ണന്‍ നായരുടെ വീട്ടിലാണ് മോഷ്ടാക്കള്‍ വൈദ്യുതിയും ഫോണും വിച്ഛേദിച്ച് മണിക്കൂറുകള്‍ വിഹരിച്ചത്.
പുരുഷന്മാര്‍ വീട്ടില്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മോഷ്ടാക്കള്‍ വസന്തകുമാരിയുടെയും കാര്‍ത്തികയുടെയും മുഴുവന്‍ ആഭരണങ്ങളും അലമാരയില്‍നിന്ന് സ്വര്‍ണവും പണവും മൊബൈല്‍ഫോണുകളും അപഹരിച്ചത്. 22 പവന്‍െറ സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ചാസംഘം ഊരിയത്. പണമായി 38,000 രൂപയും.
രാധാകൃഷ്ണന്‍ നായരും മകനും കാര്‍ത്തികയുടെ ഭര്‍ത്താവുമായ രാഗേഷും വീട്ടില്‍ ഇല്ലെന്ന് അറിയാവുന്നവരാണ് കവര്‍ച്ച നടത്തിയതെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. അമ്മയുടെ മരണത്തെത്തുടര്‍ന്ന് രാധാകൃഷ്ണന്‍ നായര്‍ കണിച്ചുകുളങ്ങരയിലെ കുടുംബവീട്ടിലായിരുന്നു. രാഗേഷിന്‍െറ സഹോദരന്‍ പ്രദേഷ് ചെന്നൈയിലാണ്. രാഗേഷ് അമേരിക്കയിലും. മൂന്നുമാസംമുമ്പ് നിര്‍മിച്ച ഇരുനില വീട്ടിലാണ് വസന്തകുമാരിയും മരുമകളും താമസം. രണ്ടാഴ്ച മുമ്പായിരുന്നു രാഗേഷിന്‍െറയും കാര്‍ത്തികയുടെയും വിവാഹം.
താഴത്തെ നിലയില്‍ ഉറങ്ങിയ ഇവര്‍ അടുക്കളവാതില്‍ പൊളിക്കുന്ന ശബ്ദംകേട്ടാണ് ഉണര്‍ന്നത്. ടോര്‍ച്ചുവെട്ടത്തിലാണ് മോഷ്ടാക്കളെ കണ്ടത്. ഉടന്‍ അവരുടെ കൈയിലുണ്ടായിരുന്ന ഇരുമ്പുവടികൊണ്ട് വസന്തകുമാരിയുടെ തലക്കടിച്ചു.
തുടര്‍ന്ന് താലിമാല ഉള്‍പ്പെടെ കാര്‍ത്തികയില്‍നിന്നും വസന്തകുമാരിയില്‍നിന്നും ഊരിവാങ്ങി. മുഹമ്മ എ.ബി വിലാസം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് വസന്തകുമാരി.
നിങ്ങളുടെ അഭിപ്രായങ്ങള്‍