അരൂര്‍: ഐസ് നിര്‍മാണ വ്യവസായം പ്രതിസന്ധിയിലായതോടെ പ്ളാന്‍റുകള്‍ പൂട്ടുന്നു. സമുദ്രോല്‍പ്പന്ന കയറ്റുമതി വ്യവസായത്തിന്‍െറ അനുബന്ധ വ്യവസായമായ ഐസ് നിര്‍മാണ-വിപണനം കടുത്ത പ്രതിസന്ധിയിലായിട്ട് നാളുകളേറെയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അശാസ്ത്രീയ നയസമീപനങ്ങളും വൈദ്യുതി ചാര്‍ജ് വര്‍ധനയുമാണ് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയതെന്ന് പ്ളാന്‍റ് ഉടമകള്‍ പറയുന്നു.
ആഴക്കടല്‍ മത്സ്യബന്ധനത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ കേരളതീരങ്ങളില്‍ മത്സ്യങ്ങള്‍ എത്താതായി. ഇതോടെ ഐസ് പ്ളാന്‍റുകളുടെ പ്രവര്‍ത്തനം നിലച്ചമട്ടാണ്. കയറ്റുമതിക്കാവശ്യമായ വിഭവങ്ങള്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിശാലകളില്‍ എത്തുന്നതുവരെ ഐസ് ആവശ്യമാണ്. പീലിങ് ഷെഡുകളില്‍നിന്ന് ഐസ് ചെയ്താണ് സമുദ്രോല്‍പ്പന്ന കയറ്റുമതിശാലയില്‍ എത്തിക്കുന്നത്. ഐസ് പ്ളാന്‍റുകളുടെ വൈദ്യുതി ഉപയോഗത്തിന് നേരത്തേ സബ്സിഡി നല്‍കിയിരുന്നു. ഒട്ടേറെപേര്‍ ഈ രംഗത്തെത്താന്‍ ഇത് ഇടയാക്കി. എന്നാല്‍, സഹായങ്ങള്‍ ഇല്ലാതായതോടെ വ്യവസായത്തില്‍നിന്ന് ഉടമകള്‍ ഒഴിവാകുകയാണെന്ന് ഐസ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് അബ്ദുല്‍ ഖാദര്‍, സെക്രട്ടറി എച്ച്.എ. നവാസ്, ട്രഷറര്‍ ജോസഫ് ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
നിലവില്‍ ബ്ളോക് ഐസിന് 40 രൂപയാണ് വില. എന്നാല്‍, ഐസ് പ്ളാന്‍റിന് അനുവദിക്കുന്ന വൈദ്യുതി ചാര്‍ജ് അനുസരിച്ച് നിര്‍മിച്ചാല്‍ 100 രൂപ ഈടാക്കേണ്ടിവരും. ജലവകുപ്പിന്‍െറ വെള്ളം ഉപയോഗിക്കാന്‍ സെസ് നല്‍കണമെന്ന നിലപാട് പുതിയ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഉടമകള്‍ പറഞ്ഞു. സര്‍ക്കാര്‍ ഐസ് വ്യാപാരികളുടെ കഷ്ടതകള്‍ മനസ്സിലാക്കി നടപടി സ്വീകരിച്ചില്ലെങ്കില്‍ ഫാക്ടറികള്‍ പൂട്ടേണ്ടി വരുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍