12:30:26
24 May 2013
Friday
Facebook
Twitter
Rssfeed

കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷന് അനുമതി

കാക്കനാട്: കാക്കനാട്ട് സൈബര്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കിയതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കൊച്ചി നഗരത്തെ ഡിജിറ്റല്‍ വലയത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് എടച്ചിറയില്‍ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സൈബര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. സുരക്ഷാപ്രശ്നം വര്‍ധിക്കാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് കൊച്ചിയെ ഡിജിറ്റല്‍ നെറ്റ്വര്‍ക്കിന്‍െറ വലയത്തിലാക്കുന്നത്. സംവിധാനം നടപ്പാക്കുന്നതോടെ വീട് പൂട്ടി പുറത്ത് പോകുന്നവര്‍ക്ക് വീട്ടില്‍ ആരെങ്കിലും പ്രവേശിക്കുകയാണെങ്കില്‍ മൊബൈലിലൂടെ അറിയാന്‍ സാധിക്കും. കൊച്ചിയില്‍ കവര്‍ച്ചയും മറ്റും കൂടിയതിനെത്തുടര്‍ന്നാണ് സിറ്റിയില്‍ ഇത്തരം സംവിധാനം ഏര്‍പ്പെടുത്തുന്നത്. ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകത്തില്‍ പങ്കുള്ള ഉന്നതന്മാരെയും നേതൃത്വം കൊടുത്തവരെയും പിടികൂടുമെന്ന് മന്ത്രി പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാനാണ് ചിലര്‍ പൊലീസ് സ്റ്റേഷനില്‍ ധര്‍ണയും മറ്റും നടത്തുന്നത്. കോടതിയെ പോലും ധിക്കരിച്ച് ശുംഭനെന്ന് വിളിച്ച സി.പി.എം നേതാവ് ഇതിന് പിന്നിലുണ്ടെന്ന് മന്ത്രി ആരോപിച്ചു. എത്ര പ്രകോപനമുണ്ടായാലും കുറ്റവാളികളെ സമയബന്ധിതമായി പിടിക്കപ്പെടുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നാണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നത്. എന്നാല്‍, തല്‍ക്കാലം എടച്ചിറ ജങ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ സ്റ്റേഷന്‍ ആരംഭിക്കും. തൃക്കാക്കര പൊലീസ് അധികൃതര്‍ സ്വകാര്യ വ്യക്തിയുടെ കെട്ടിടം ഇതിന് കണ്ടെത്തിയിട്ടുണ്ട്. കെട്ടിടത്തിന്‍െറ വാടക നിശ്ചയിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനും കാലപ്പഴക്കം തുടങ്ങി മറ്റ് കാര്യങ്ങള്‍ സംബന്ധിച്ച് അറിയുന്നതിന് കണയന്നൂര്‍ തഹസില്‍ദാര്‍, തൃക്കാക്കര നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കും പൊലീസ് അധികാരികള്‍ കത്ത് നല്‍കിയിട്ടുണ്ട്.
ഇന്‍ഫോപാര്‍ക്ക്, സ്മാര്‍ട്ട് സിറ്റി ഉള്‍പ്പെടെ വികസന സമുച്ചയങ്ങളും പദ്ധതികളും ആരംഭിച്ച കാക്കനാട്ട് സൈബര്‍ പൊലീസ് സ്റ്റേഷന്‍ വേണമെന്ന ആശയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടുത്തെ എം.എല്‍.എയും ഇപ്പോഴത്തെ എക്സൈസ് മന്ത്രിയുമായ കെ. ബാബുവാണ് കൊണ്ടുവന്നത്. എന്നാല്‍, പദ്ധതി തീരുമാനമായിരുന്നില്ല. തൃക്കാക്കര എം.എല്‍.എ ബെന്നി ബഹനാന്‍ മുന്‍കൈ എടുത്താണ് സൈബര്‍ പൊലീസ് സ്റ്റേഷന്‍െറ നടപടികള്‍ വേഗത്തിലാക്കിയത്. സൈബര്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് എസ്.ഐമാര്‍, ഒരു എ.എസ്.ഐ, 40 സിവില്‍ പൊലീകാര്‍, അഞ്ച് വനിത പൊലീസ്, എട്ട് ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരും ഉണ്ടാകുമെന്നാണ് വിവരം. കുടുംബ സംഗമത്തില്‍ ബെന്നി ബഹനാന്‍ മുഖ്യപ്രഭാഷണം നടത്തി. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദാലി, കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം പ്രസിഡന്‍റ് വര്‍ഗീസ്, മണ്ഡലം സെക്രട്ടറി ടി.എം. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com