വാടാനപ്പള്ളി: വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ചിരുന്ന ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്ക് നിര്‍ദിഷ്ട യോഗ്യതയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതേ തുടര്‍ന്ന് ഗവ. അംഗീകൃത പി.ജി.ഡി.സി.എ ഉള്ളവരെ നിയമിച്ചാല്‍ മതിയെന്ന് കാണിച്ച് കലക്ടര്‍ പഞ്ചായത്തുകള്‍ക്ക് നോട്ടീസ് നല്‍കി.
തീരദേശത്തെ പഞ്ചായത്തുകളില്‍ മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രകാരമാണ് ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിച്ചത്.
എന്നാല്‍ വാടാനപ്പള്ളി പഞ്ചായത്തില്‍ നിയമിച്ച ഓപറേറ്റര്‍മാര്‍ക്ക് ഗവ. അംഗീകൃത പി.ജി.ഡി.സി.എ ഇല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ വര്‍ഷം നവംബറില്‍ സി.വി. അനില്‍ എന്നയാള്‍ വിവരാവകാശ നിയമപ്രകാരം പ്രോഗ്രാം കോഓഡിനേറ്ററായ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. കലക്ടറുടെ ആവശ്യപ്രകാരം പരിശോധനയും അന്വേഷണവും നടത്തിയ തളിക്കുളം ബി.പി.ഒ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ക്ക് ഗവ. അംഗീകൃത പി.ജി.ഡി.സി.എ ഇല്ലെന്ന് കണ്ടെത്തി. ഇതുസംബന്ധിച്ച് ബി.പി.ഒ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്നാണ് പുതിയ ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാരെ നിയമിക്കുമ്പോള്‍ നിര്‍ദിഷ്ട യോഗ്യതയുള്ളവരെ മാത്രം നിയമിച്ചാല്‍ മതിയെന്ന് ജില്ലാ കലക്ടര്‍ വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നോട്ടീസ് നല്‍കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍