കണ്ടംചെയ്തിട്ട് കാലങ്ങളായ വില്ലീസ് ജീപ്പില്‍ പതിനായിരങ്ങള്‍ മുടക്കി കയറും കുന്തവും കോടാലിയുമൊക്കെ ഫിറ്റ് ചെയ്ത് നടക്കുന്നവരെ കാണുമ്പോള്‍ വട്ടാണെന്ന് പറഞ്ഞ് ഒഴിവാക്കരുത്. കാരണം ഇത്തരം വട്ടുകളില്‍ നിന്നാണ് പുതിയ കൂള്‍ താര്‍ എക്സ്പെഡീഷന്‍ പിറന്നത്. കുന്തത്തിനും കോടാലിക്കും പുറമെ ഒന്നാന്തരം എസി കൂടി ഫിറ്റ് ചെയ്താണ് മഹീന്ദ്ര ജീപ്പ് പ്രേമികളുടെ മനം കുളിര്‍പ്പിച്ചിരുന്നത്. ജീപ്പ് കണ്ട് വട്ടായിപ്പോയവര്‍ അതിന്റെ ഉഛസ്ഥായിയില്‍പോലും എസി സ്വപ്നം കണ്ടിരുന്നില്ല. പടുത വണ്ടിക്ക് എസി വെക്കുന്നതും ഐസുകട്ടക്ക് പെയിന്റടിക്കുന്നതും ഒരുപോലെയാണെന്നായിരുന്നു വിശ്വാസം. അത് മാറിയെന്നതാണ് കൂള്‍ താര്‍ കൊണ്ടുവന്ന ഏറ്റവും വലിയ ആശ്വാസം. താര്‍ സിആര്‍ഡിഐയില്‍ ബുള്‍ബാറും ഇലക്ട്രിക് വിഞ്ചും ഉള്‍പ്പെടെ കാടും മലയും കയറാന്‍ വേണ്ട സകല സാമഗ്രികളും ഘടിപ്പിച്ചാണ് താര്‍ എക്സ്പെഡീഷന്‍ ഉണ്ടാക്കയിരിക്കുന്നത്. ഷാസി ബൊലേറൊയുടേയും സ്കേകാര്‍പിയോയുടെയും മിശ്രിതത്തില്‍നിന്ന് പിറന്നതായതിനാല്‍ സുഖത്തിന് ഒട്ടും കുറവുണ്ടാവില്ല. ബിഎസ് നാല് മാനദണ്ഡം പാലിക്കുന്ന പുതിയ കൂള്‍ താറിന് എഴ്ലക്ഷത്തോളം രൂപ വിലയാകുമെന്നത് മാത്രമാണ് അലോസരപ്പെടുത്തുന്ന ഏക കാര്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍