12:30:26
20 May 2013
Monday
Facebook
Twitter
Rssfeed

കിട്ടിയവനെ കൊല്ലുന്ന കാട്ടുനീതി

കിട്ടിയവനെ കൊല്ലുന്ന കാട്ടുനീതി

പട്ടുവത്തെ പെയ്ന്റിങ് തൊഴിലാളി സി.ടി. അന്‍വര്‍ കൊല്ലപ്പെട്ടത് 2011 ജൂലൈ അഞ്ചിന്. 29 വയസ്സായിരുന്നു. ജീവിതം കരുപ്പിടിപ്പിക്കാന്‍ രണ്ടുവട്ടം കടല്‍ കടന്നെങ്കിലും ഭാഷ വിലങ്ങുതടിയായപ്പോള്‍ വിസ കാന്‍സല്‍ ചെയ്തു. ഖത്തറില്‍ ഡ്രൈവിങ് വിസയൊക്കെ നേടാനായെങ്കിലും അറബിഭാഷയോട് പൊരുത്തപ്പെടാനാവാതെയാണ് തിരിച്ചുപോന്നത്. പിന്നെ നാട്ടില്‍ കൂട്ടുകാരോടൊപ്പം പെയ്ന്റിങ് ജോലിക്കു പോയിത്തുടങ്ങി. കാവുങ്ങലില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനടുത്തുള്ള വീട്ടിലായിരുന്നു അന്ന് ജോലി.


വൈകുന്നേരം ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം വരുമ്പോള്‍ കാവുങ്ങല്‍ വളവില്‍ അക്രമികള്‍ മാരകായുധങ്ങളുമായി നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കു വേണ്ടത് അന്‍വറിനെയായിരുന്നില്ല. സംഘത്തിലെ പാര്‍ട്ടി പ്രവര്‍ത്തകനായ മറ്റൊരു യുവാവിനെയായിരുന്നു. അന്‍വറിനും അതറിയാമായിരുന്നു. അതിനാല്‍ രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. എന്നാല്‍, കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെ എന്ന കാട്ടുനീതിക്ക് അന്‍വറും ഇരയായി. വെട്ടുകൊണ്ട് കൈയറ്റ് റോഡില്‍ കിടന്ന യുവാവ് ചോരവാര്‍ന്നു മരിച്ചു.
സഹോദരിയുടെ രണ്ടര വയസ്സുള്ള മകള്‍ വല്യുമ്മ മറിയത്തോട് ഇടക്കു വന്നു പറയും. 'അമ്മന്ന (അന്‍വറിനെ അങ്ങനെയാണ് വിളിച്ചിരുന്നത്) വന്നിറ്റ് മച്ചിമ്മേല്‍ കേറീട്ട്ണ്ട് വല്ലിമ്മാ... അമ്മന്ന ആട ഇരിക്ക്ന്ന്ണ്ട് കസേലേമ്മല്...' 'കുഞ്ഞി ഇതെല്ലം പറയുമ്പം ഖല്‍ബ് പൊട്ടിപ്പോന്ന് മോനെ....' വൃദ്ധയായ വല്യുമ്മക്ക് കണ്ണീരടക്കാനാവുന്നില്ല. ലോറി ഡ്രൈവര്‍ അബ്ദുല്ലയുടെയും സഫിയയുടെയും നാലു മക്കളില്‍ മൂത്തവന്‍. സഹോദരിയുടെ കല്യാണവും കുടുംബ്ധിന്റെ ബാധ്യതകളും തീര്‍ക്കാന്‍ പിതാവിനൊപ്പം പ്രയത്നിച്ച അന്‍വറിന്റെ വിവാഹം വൈകി. വിവാഹാലോചനകള്‍ വന്നുകൊണ്ടിരുന്ന സമയത്തായിരുന്നു സംഭവം. 'നോമ്പ് കഴിഞ്ഞിറ്റ് മംഗലാക്കാന്ന് വിചാരിച്ചിന്... ഏതാണ്ടൊന്ന് ശരിയായി വന്നീനു...' -ഉമ്മ സഫിയ പറഞ്ഞു.
പാര്‍ട്ടി പ്രവര്‍ത്തനത്തിനൊന്നും പോകാത്തയാളായിരുന്നു അന്‍വറെന്ന് വീട്ടുകാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ തന്നോടാര്‍ക്കും വിരോധമുണ്ടാവില്ലെന്ന് വിശ്വസിച്ചു. ആ വിശ്വാസമാണ് അന്‍വറിന് വിനയായത്. മകന്റെ മരണശേഷം അബ്ദുല്ലക്ക് രക്തസമ്മര്‍ദം കൂടി. അധികം ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഗള്‍ഫില്‍ പോയ ഇളയ മകന്‍ അമീറലിയാണ് ഇനി ഇവരുടെ പ്രതീക്ഷ. ഒരു സഹോദരിയെക്കൂടി കെട്ടിച്ചയക്കേണ്ടതിന്റെ ആധിയും ഉമ്മയുടെ വാക്കുകളില്‍ നിഴലിക്കുന്നു.

'എന്ന ആദ്യം കൊന്നാ
മതിയേനും...'
'എന്ത് കാര്യത്തിനാ എന്റെ മോന കൊന്നത്? എന്ന ആദ്യം കൊന്നാ മതിയേനും... എന്നാ പിന്ന ഇത് സഹിക്കണ്ടേനും. എന്റെ കരളല്ലേ പോയത്...' -65കാരിയായ ദേവകി അമ്മ വിലപിക്കുന്നു. 2008 മേയ് പത്തിന് ഇരിട്ടിക്കടുത്ത ചാക്കാട് കൊല്ലപ്പെട്ട ദിലീപന്റെ അമ്മ. സംസാരിച്ചു തുടങ്ങുമ്പോള്‍ ആശുപത്രിയില്‍നിന്ന് വന്നിട്ടേയുള്ളൂ. ദിലീപന്‍ വീട്ടുപറമ്പില്‍നിന്ന് വെട്ടിയെടുത്തിരുന്ന റബര്‍ മുഴുവന്‍ ഷീറ്റടിച്ചിരുന്നത് ഇവരാണ്. മകന്റെ ചോരയില്‍ കുളിച്ച മൃതദേഹം കണ്ടതോടെ ജീവിതം താളംതെറ്റി. ഇപ്പോള്‍ അസുഖമൊഴിഞ്ഞ നേരമില്ല. മാസം 2000 രൂപയില്‍ കുറയാത്ത മരുന്ന് വേണം. ഉറക്കം കിട്ടാറേയില്ല. സംഭവത്തിനുശേഷം ചോറു തിന്നിട്ടില്ല. ഭക്ഷണം നന്നേ കുറഞ്ഞതോടെ അസുഖങ്ങളുടെ പട്ടികയില്‍ അവസാനമായി അള്‍സറും ഇടംപിടിച്ചു. ദിലീപനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു തേങ്ങലാണ് ആദ്യം പുറത്തുവന്നത്. 'രാത്രി മുരളീന്റെ പീട്യേല് വന്ന് തക്കാളീം മുട്ടയും ടൈഗര്‍ ബിസ്കറ്റും വാങ്ങി വരുമ്പോളാ എന്റെ മോനെ ഓര്...' -അമ്മക്ക് വാചകം മുഴുമിപ്പിക്കാനാവുന്നില്ല.


മകനെ കല്യാണം കഴിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. പെണ്‍വീട്ടുകാര്‍ക്ക് ഉറപ്പുകൊടുക്കുകയും ചെയ്തിരുന്നു. വീട്ടിലെ സൗകര്യക്കുറവ് കാരണമാണ് വിവാഹം വൈകിയത്. കല്യാണത്തിനുമുമ്പേ കറന്റ് കിട്ടാനുള്ള ഏര്‍പ്പാടുകളെല്ലാം ദിലീപന്‍ ചെയ്തിരുന്നു. എന്നാല്‍, മരിച്ചതിന്റെ രണ്ടാം ദിവസമാണ് കറന്റ് കിട്ടിയത്. വീട്ടിലേക്കുള്ള വഴിയില്‍ വെട്ടേറ്റുകിടന്ന ദിലീപനെ മടിയില്‍ എടുത്തുകിടത്തിയ അമ്മാവന് ഓര്‍മ തന്നെ നശിച്ചു. മണിപ്പാലില്‍ ഏറെനാളത്തെ ചികിത്സക്കൊടുവിലാണ് ഓര്‍മ തിരിച്ചുകിട്ടിയത്.
റബര്‍വെട്ടും കിണര്‍പണിയുമൊക്കയായി കഴിഞ്ഞിരുന്ന ദിലീപന് മരിക്കുമ്പോള്‍ 37 വയസ്സായിരുന്നു. അച്ഛന്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ മരിച്ചു. മൂത്ത സഹോദരന്‍ അശോകന്‍ മാറിത്താമസിച്ചതോടെ വീടിന്റെ അത്താണി ദിലീപനായിരുന്നു. മറ്റൊരു സഹോദരന്‍ പ്രവീണ്‍ അപകടത്തില്‍പെട്ട് അംഗവൈകല്യം വന്നയാളാണ്. നാട്ടുകാര്‍ക്കെല്ലാം ഉപകാരിയായിരുന്നു ദിലീപനെന്ന് അശോകന്‍ ഓര്‍ത്തു. 'ഒരു വലിയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനത്തിനിടെയാണ് അവന്‍ മരിച്ചത്. എന്നാല്‍, ഇപ്പോ നഷ്ടം നമ്മക്ക് മാത്രമായി... വിദ്വേഷവും വെറുപ്പുമെല്ലാം കൊന്നവരും ഞങ്ങളും തമ്മില്‍ മാത്രമായി...' -അശോകന്‍ പറഞ്ഞു നിര്‍ത്തി.
(തുടരും)


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com