Sat, 05/19/2012 - 01:25 ( 1 year 4 daysago)
ചാമ്പ്യന്‍സ് ലീഗ് : ഇന്ന് കൈ്ളമാക്സ്
(+)(-) Font Size
ചാമ്പ്യന്‍സ് ലീഗ് : ഇന്ന് കൈ്ളമാക്സ്

മ്യൂണിക്: ഒരു സീസണ്‍ മുഴുവന്‍ നീണ്ട യൂറോപ്യന്‍ ക്ളബ് ഫുട്ബാളിന്‍െറ രാജകീയ പോരാട്ടങ്ങള്‍ക്ക് ഇന്ന് മ്യൂണിക്കില്‍ കൈ്ളമാക്സ്. അലയന്‍സ് അറീനയെന്ന സ്വന്തം കളിത്തട്ടിലേക്ക് അങ്കങ്ങള്‍ പലതും ജയിച്ച് അന്തിമപോരിനെത്തുന്ന ബയേണ്‍ മ്യൂണിക്ക് പ്രതീക്ഷകളുടെ കൊടുമുടിയിലാണ്. ഇംഗ്ളണ്ടിലെ ഫുള്‍ഹാമില്‍നിന്ന് നീലക്കുപ്പായമണിഞ്ഞ് ചെല്‍സി ഫുട്ബാള്‍ ക്ളബ് ജര്‍മന്‍ മണ്ണില്‍ എത്തുന്നതാകട്ടെ യൂറോപ്പിന്‍െറ ചാമ്പ്യന്‍പട്ടത്തിലേറാന്‍ കോപ്പുകൂടിത്തന്നെ. പ്രതിരോധാത്മക നീക്കങ്ങളില്‍ ബാഴ്സലോണയുടെ മുനകൂര്‍ത്ത ആക്രമണ പരമ്പരകളെ അതിജയിച്ചെത്തുന്ന ചെല്‍സിയും കളം നിറഞ്ഞ്, പന്തുമായി ഒഴുകിപ്പരക്കുന്ന കേളീതന്ത്രങ്ങളില്‍ റയല്‍ മഡ്രിഡിന്‍െറ താരത്തിളക്കത്തെപ്പോലും നിഷ്പ്രഭമാക്കിയ ബയേണും കൊമ്പുകോര്‍ക്കുമ്പോള്‍ പ്രവചനങ്ങള്‍ അനായാസമാകുന്നില്ല. എങ്കിലും സ്വന്തം ആരാധകരുടെ ആര്‍പ്പുവിളികള്‍ക്ക് നടുവില്‍ അഞ്ചാം കിരീടം തേടി അങ്കം കുറിക്കാനിറങ്ങുന്ന ബയേണിന് നേരിയ മുന്‍തുക്കമുണ്ടെന്നത് നേര്.
ആംഗ്ളോ-ജര്‍മന്‍ കലാശക്കളിയില്‍ ചെല്‍സിക്കാണ് താരതമ്യേന ആധി കൂടുതല്‍. പ്രതിരോധത്തില്‍ തങ്ങളുടെ ശക്തി സാന്നിധ്യമായ ജോണ്‍ ടെറി ഇല്ലാതെയാണ് ഇംഗ്ളീഷുകാര്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിറങ്ങുന്നത്. ടെറിക്കും ഡിഫന്‍സിലെ കൂട്ടാളിയായ ബ്രാനിസ്ലാവ് ഇവാനോവിച്ച്, മിഡ്ഫീല്‍ഡര്‍മാരായ റാമിറെസ്, റൗള്‍ മീറെലെസ് എന്നിവര്‍ക്കും സസ്പെന്‍ഷന്‍ കാരണം കലാശക്കളിയില്‍ പുറത്തിരിക്കേണ്ടിവരും. ബയേണ്‍ നിരയില്‍ ഡിഫന്‍ഡര്‍മാരായ ഹോള്‍ഗര്‍ ബാഡ്സ്റ്റ്യൂബര്‍, ഡേവിഡ് അലാബ എന്നിവര്‍ക്കും ഡിഫന്‍സിവ് മിഡ്ഫീല്‍ഡര്‍ ലൂയി ഗുസ്താവേക്കും ഇതേ കാരണത്താല്‍ വിട്ടുനില്‍ക്കേണ്ടി വരും.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സമീപ കാലത്തേറ്റ തിരിച്ചടികള്‍ക്ക് കണക്കുതീര്‍ക്കുകയെന്ന അജണ്ടയുമായാകും ഇരുനിരയും കളത്തിലെത്തുക. 2010 ഫൈനലില്‍ ഇന്‍റര്‍ മിലാനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബയേണ്‍ മുട്ടുകുത്തിയിരുന്നു. ചെല്‍സിയാകട്ടെ, 2008ല്‍ നാട്ടുകാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് ടൈബ്രേക്കറിലാണ് അടിയറവു പറഞ്ഞത്. ബയേണും ചെല്‍സിയും അവസാനമായി മുഖാമുഖം കണ്ടത് 2005ല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറ ിലാണ്. അന്ന് മൊത്തം സ്കോര്‍ 6-5ന് ചെല്‍സിക്കൊപ്പമായിരുന്നു ജയം. അന്നുകളിച്ച പീറ്റര്‍ ചെക്, ആഷ്ലി കോള്‍, ഫ്രാങ്ക് ലാംപാര്‍ഡ്, ദിദിയര്‍ ദ്രോഗ്ബ എന്നിവര്‍ ശനിയാഴ്ചയും ചെല്‍സിയുടെ സ്റ്റാര്‍ട്ടിങ് ലൈനപ്പിലുണ്ടാകും. എന്നാല്‍, ബയേണില്‍ 2005ലെ മത്സരം കളിച്ചവരില്‍ ശനിയാഴച കളത്തിലെത്തുന്നത് ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റീഗര്‍ മാത്രം.
ജര്‍മന്‍ കപ്പ് ഫൈനലില്‍ ബൊറൂസിയാ ഡോര്‍ട്മുണ്ടിനോട് 5-2ന് തകര്‍ന്നടിഞ്ഞതിനു പിന്നാലെയാണ് ബയേണ്‍ യൂറോപ്യന്‍ കപ്പിനായി കളത്തിലെത്തുന്നത്. ആത്മവിശ്വാസം തിരിച്ചുപിടിച്ച് ചെല്‍സിക്കുമേല്‍ മേധാവിത്വം നേടുകയെന്നതാകും ഫൈനലില്‍ ബയേണ്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സീസണില്‍ നടന്ന ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തം മണ്ണില്‍ നടന്ന ഏഴു മത്സരങ്ങളില്‍ തുടരെ ജയം നേടി കലാശക്കളിയിലെത്തിയത് ആതിഥേയര്‍ക്ക് പ്രചോദനമേകും.
മധ്യനിരയിലും മുന്‍നിരയിലും അപാര പന്തടക്കവും ആക്രമണ വീര്യവുമുള്ള കളിക്കാരുടെ സാന്നിധ്യമാണ് ബയേണിന്‍െറ കരുത്ത്്. ആധുനിക ഫുട്ബാളിലെ മിന്നുംതാരങ്ങളായ ആര്‍യെന്‍ റോബനും ഫ്രാങ്ക് റിബറിയുമാണ് ഇവരില്‍ പ്രമുഖര്‍. ഇരുവരെയും ഏതുവിധം തടഞ്ഞു നിര്‍ത്തും എന്നതിലാകും ചെല്‍സി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാറിയോ ഗോമസിനെ സെന്‍ട്രല്‍ അറ്റാക്കറായി വിന്യസിക്കുന്ന ബയേണ്‍ കോച്ച് ജുപ് ഹെയ്കെന്‍സ്, ഇരു വിങ്ങുകളില്‍നിന്നും റോബനും റിബറിയും നിര്‍ലോഭം പന്തെത്തിക്കുന്ന ആക്രമണ തന്ത്രങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഇരുവരുടെയും വേഗവും പന്തടക്കവും തടയുന്നതില്‍ ചെല്‍സി വിജയിക്കുന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ സ്വപ്നസാക്ഷാത്കാരം. ലെഫ്റ്റ് വിങ്ങില്‍ ക്യാപ്റ്റന്‍ ഫിലിപ് ലാമും റോബനും നന്നായി ഇണങ്ങിക്കളിക്കുന്നതും ബയേണിന് തുണയാകും.
ടെറിയുടെയും ഇവാനോവിച്ചിന്‍െറയും അഭാവത്തില്‍ ഗാരി കാഹിലും ഡേവിഡ് ലൂയിസുമാകും ചെല്‍സിക്കുവേണ്ടി കോട്ട കെട്ടുക. ഡിഫന്‍സിന് മൂര്‍ച്ച കുറഞ്ഞ സാഹചര്യത്തില്‍ ബാഴ്സലോണക്കെതിരെ മൊത്തം താരങ്ങളും പിന്നിലേക്കിറങ്ങി കോട്ട കെട്ടിയതു പോലുള്ളൊരു നീക്കം ചെല്‍സിക്ക് ആത്മഹത്യാപകരമാകും.

സാധ്യതാ ടീം
ബയേണ്‍ മ്യൂണിക്: മാനുവല്‍ ന്യുയര്‍, ഫിലിപ്പ് ലാം, തൈമോഷ്ചുക്, ജെറോം ബോടെങ്, ഡീഗോ കണ്‍ടെന്‍േറാ, ബാസ്റ്റ്യന്‍ ഷൈ്വന്‍സ്റ്റീഗര്‍, ടോണി ക്രൂസ്, ആര്‍യെന്‍ റോബന്‍, തോമസ് മ്യൂളര്‍, ഫ്രാങ്ക് റിബറി, മാറിയോ ഗോമസ്.
ചെല്‍സി: പീറ്റര്‍ ചെക്, ജോസ് ബോസിങ്വ, ഗാരി കാഹില്‍, ഡേവിഡ് ലൂയിസ്, ആഷ്ലി കോള്‍, ജോണ്‍ ഒബി മൈക്കല്‍, മൈക്കല്‍ എസ്സിയന്‍, സലോമന്‍ കാലൂ, ഫ്രാങ്ക് ലാംപാര്‍ഡ്, യുവാന്‍ മാറ്റ, ദിദിയര്‍ ദ്രോഗ്ബ.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus