തിരുവനന്തപുരം: ഈവര്‍ഷത്തെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി മോഹന്‍ലാലിനെയും നടിയായി റീമ കല്ലിംഗലിനെയും തെരഞ്ഞെടുത്തതായി ഫിലിം ക്രിട്ടിക് അസോസിയേഷന്‍ പ്രസിഡന്‍റ് തേക്കിന്‍കാട് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രണയമാണ് മികച്ച ചിത്രം. മികച്ച സംവിധായകന്‍ ബ്ളെസി. മികച്ച രണ്ടാമത്തെ ചിത്രം ഉറുമി. ട്രാഫിക്കിന്‍െറ തിരക്കഥ രചിച്ച ബോബി-സഞ്ജയ് എന്നിവര്‍ മികച്ച തിരക്കഥാകൃത്തുക്കളായി. രാജീവ് ആലുങ്കല്‍ ഗാനരചനക്കും എം.ജി. ശ്രീകുമാര്‍ സംഗീത സംവിധാനത്തിനും അവാര്‍ഡിന് അര്‍ഹരായി. വിധു പ്രതാപ് മികച്ച ഗായകനും മഞ്ജരി മികച്ച ഗായികക്കുമുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കി. സന്തോഷ് ശിവനാണ് മികച്ച ഛായാഗ്രാഹകന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് ജനപ്രിയ ചിത്രം. ഒ.എന്‍.വിക്ക് ചലച്ചിത്ര രത്നം അവാര്‍ഡ് നല്‍കും. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന സിനിമ സംവിധാനം ചെയ്ത സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ നവാഗത സംവിധായകനുള്ള അംഗീകാരം നേടി. സിനിമാരംഗത്തെ മുന്‍കാല സംഭാവനകള്‍ പരിഗണിച്ച് ജനാര്‍ദനന്‍, എല്‍.എന്‍. ബാലകൃഷ്ണന്‍, തൊടുപുഴ വാസന്തി എന്നിവരെ ചലച്ചിത്ര പ്രതിഭകളായി തെരഞ്ഞെടുത്തു. ഡോ. എം.ഡി. മനോജ് രചിച്ച ‘സിനിമയുടെ അടയാളങ്ങള്‍’ മികച്ച സിനിമ ഗ്രന്ഥമായും മികച്ച സിനിമ ലേഖനമായി എഴുത്താണി മാസികയില്‍ ചാക്കോ ഡി. അന്തിക്കാട് പ്രസിദ്ധീകരിച്ച ‘ജനകീയ ബദല്‍ സിനിമ നിര്‍മാണം സാധ്യതകളും വെല്ലുവിളികളും’ തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രത്തിന് 50,000 രൂപയും ശില്‍പവും പ്രശസ്തി പത്രവും ലഭിക്കും. മികച്ച നടന്‍, നടി, സംവിധായകന്‍, രണ്ടാമത്തെ ചിത്രം എന്നിവക്ക് 25,000 രൂപയും ശില്‍പവുമാണ് അവാര്‍ഡുകള്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍