പാരിസ്: അറുപത്തിയഞ്ചാമത് അന്താരാഷ്ട്ര കാന്‍ ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു. നിരവധി സിനിമാപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും മേളയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വെസ് ആന്‍ഡേഴ്സണ്‍ സംവിധാനം ചെയ്ത 'മൂണ്‍റൈസ് കിംഗ്ഡം' ആയിരുന്നു ഉദ്ഘാടന ചിത്രം.
ഇന്ത്യയില്‍ നിന്നും ഐശ്വര്യറായ് ബച്ചന്‍ അടുത്ത ദിവസം കാനിന്‍റെ ചുവപ്പ് പരവതാനിയിലെത്തും. ഐശ്വര്യയോടൊപ്പം മകള്‍ ആരാധ്യയും ഉണ്ടാകുമെന്നാണ് വാര്‍ത്തകള്‍. അങ്ങിനെയെങ്കില്‍ ഇന്ത്യയില്‍ നിന്നെത്തുന്ന അതിഥികളുടെ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധപിടിച്ചു പറ്റുക ഈ കൂഞ്ഞായിരിക്കും.
മല്ലിക ഷെരാവത്ത്, സോനം കപൂര്‍ തുടങ്ങിയവരും വരും ദിവസങ്ങളില്‍ കാനിലെത്തും. സോനം കപൂര്‍ രണ്ടാം തവണയാണ് കാനിലെത്തുന്നത്.
ആഷിം അലുവാലിയയുടെ 'മിസ് ലൗലി', വാസന്‍ ബാലയുടെ 'പെഡ്ലേഴ്സ്', അനുരാഗ് കഷ്യപിന്‍റെ 'ഗ്യാങ്സ് ഓഫ് വാസേപുര്‍' തുടങ്ങിയ ചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമുയര്‍ത്തി കാനില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്നെത്തുന്ന ചിത്രങ്ങളില്‍ മൂന്നെണ്ണം അനുരാഗ് കഷ്യപിന്റേതാണ്.
പാഞ്ചാബി ഗായകനായ ജസ്ബിര്‍ ജസിയുടെ മൂന്ന് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ലൈവ് സംഗീത പരിപാടിയും കാനിലെ ശ്രദ്ധേയമായ ഇന്ത്യന്‍ സാന്നിധ്യമാകും. കാനിലെത്തുന്ന ആദ്യ പഞ്ചാബി ഗായകനാണ് ജസ്ബിര്‍ ജസി. പന്ത്രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന നക്ഷത്ര മേളയ്ക്ക് മെയ് 27ന് തിരശ്ശീല വീഴും.


നിങ്ങളുടെ അഭിപ്രായങ്ങള്‍