16 ഇന്ത്യന്‍ ഭാഷകള്‍..59 ഗായകര്‍..ഇവര്‍ ഒരു കുടക്കീഴില്‍ അണിനിരന്നാലോ?...'വണ്‍- ദ യൂനിറ്റി സോംഗ്' എന്ന ആല്‍ബ ത്തിലാണ് ഈ അപൂര്‍വ്വ സംഗമം. പ്രശസ്ത സംഗീതഞ്ജന്‍ ജോര്‍ജ് പീറ്ററാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്.
ഭാഷയും വേഷവും സംസ്കാരങ്ങളും അതിരിടുകളിടാത്ത സ്നേഹത്തിന്റെ ആഹ്വാനവുമായാണ് ആല്‍ബമെത്തുന്നത്. സംഗീത കുലപതി ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ ഉര്‍ദുവില്‍ ആലപിച്ചു തുടങ്ങുന്ന ഗാനം കേട്ടിരിക്കെ സംസ്കൃതമാവും...പിന്നെ മലയാളത്തിന്റെ ഗന്ധര്‍വ്വ നാദത്തിലേക്ക്....ഇവരെ കൂടാതെ നാം ഒന്നാണെന്ന സന്ദേശവുമായി മമ്മുട്ടി, മോഹന്‍ലാല്‍, വിക്രം, വിവേക് ഒബ്റോയ്, കെ.എസ് ചിത്ര, ഉഷ ഉതുപ്പ്, വസുന്ധര ദാസ്, സൈന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 150ലധികം പ്രമുഖ വ്യക്തിത്വങ്ങള്‍ ഇതിലൊന്നിക്കുന്നു. തന്റെ മനസ്സിലുദിച്ച ഈ ആശയം ഇന്ത്യന്‍ ജനതയൊന്നാകെ ഏറ്റുവാങ്ങുമെന്ന പ്രതീക്ഷയിലാണ് ജോര്‍ജ് പീറ്റര്‍.
ഇന്ത്യയിലെ സംഗീത പ്രിയര്‍ക്ക് ഇതൊരു പുതുമയല്ല. 1988ല്‍ പുറത്തിറങ്ങി ദൂരദര്‍ശനിലൂടെ വന്‍ പ്രചാരം നേടിയ മിലെ സുര്‍ മേരാ തുമാര(എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒന്നുചേര്‍ന്നു നമ്മുടെ സ്വരമായ്) എന്ന പാട്ട് ഇന്നും ഏറെ പ്രിയങ്കരമാണ്. ഇതു പോലെ തങ്ങളുടെ ആല്‍ബവും രാജ്യത്തിന്റെ ഐക്യത്തിനും സ്നേഹത്തിനും മുതല്‍ക്കൂട്ടാവട്ടെയെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രാര്‍ഥന.
കേരള കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ പി.ജെ ജോസഫിന്റെ മകന്‍ അപ്പു ജോണ്‍ ജോസഫാണ് ആല്‍ബം നിര്‍മിച്ചത്. അഛനെ പോലെ താനും പാട്ടുകളെ ഏറെ പ്രണയിക്കുന്നുവെന്ന് അപ്പു വ്യക്തമാക്കി. സുമേഷ് ലാലാണ് ആല്‍ബ ത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ബുധനാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആല്‍ബം പ്രകാശനം ചെയ്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍