12:30:26
26 May 2013
Sunday
Facebook
Twitter
Rssfeed

പ്രതികളെ കാണാന്‍ ജനമൊഴുകി

കോഴിക്കോട്: റെവലൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധകേസില്‍ പിടിയിലായ പ്രതികളെ കാണാന്‍ കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി പരിസരത്തേക്ക് ജനമൊഴുകിയെത്തി. വടകരയിലെ മജിസ്ട്രേറ്റ് അവധിയായതിനാല്‍ പകരം ചുമതലയുള്ള കുന്ദമംഗലം ജെ.എഫ്.സി.എം രാജീവ് ജയരാജ് മുമ്പാകെയാണ് ഇവരെ ഹാജരാക്കുന്നതെന്ന വാര്‍ത്ത വന്നതോടെ ബുധനാഴ്ച രാവിലെ തൊട്ട് ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു.
11 മണിയോടെ കോടതി മുറ്റവും പരിസരവും ജനനിബിഡമായി. യു.ഡി.എഫുകാരും ബി.ജെ.പിക്കാരും നിരവധി സി.പി.എം പ്രവര്‍ത്തകരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.
ഇടക്ക് ഒന്നുരണ്ട് പൊലീസ് വാഹനങ്ങള്‍ എത്തുന്നതു കണ്ടപ്പോള്‍ തടിച്ചുകൂടിയവര്‍ ഒന്നടങ്കം ഇളകി. എന്നാല്‍, നിരാശയായിരുന്നു ഫലം. കാത്തിരിപ്പിനൊടുവില്‍ പ്രതികളെയും വഹിച്ച് പൊലീസ് വാഹനം കോടതിമുറ്റത്തെത്തിയത് ഉച്ചക്ക് 1.27ന്. വടകര ഗവ. ജില്ലാ ആശുപത്രിയില്‍നിന്ന് വൈദ്യ പരിശോധനക്കുശേഷം 11.55നാണ് ഡിവൈ.എസ്.പിമാരായ ജോസി ചെറിയാന്‍, സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പൊലീസ് സുരക്ഷയില്‍ കുന്ദമംഗലത്തേക്ക് യാത്രതിരിച്ചത്. കോടതി വളപ്പിലെത്തിയ വാഹനത്തിനുചുറ്റും ജനം തടിച്ചുകൂടിയതോടെ പ്രതികളെ പുറത്തിറക്കാനാവാത്ത സ്ഥിതി വന്നു. ഒടുവില്‍ പൊലീസ് വലയം തീര്‍ത്താണ് അഞ്ചു മിനിട്ടിനുശേഷം ഇവരെ കോടതിമുറിയിലേക്കെത്തിച്ചത്. ഇതോടെ ജനമൊന്നടങ്കം കോടതി വരാന്തയിലേക്ക് ഇരച്ചുകയറി. ജനലഴിയുടെ ചുറ്റും പ്രതികളെ കാണാനുള്ള തിക്കുംതിരക്കുമായതോടെ പൊലീസ് ഇടപെട്ട് എല്ലാവരെയും താഴേക്ക് മാറ്റി.
ഒരു ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോള്‍ മറുഭാഗത്തുകൂടെ വരാന്തയിലേക്കുള്ള തള്ളിക്കയറ്റം തുടര്‍ന്നു. നടപടിക്രമങ്ങള്‍ തീര്‍ത്ത് കൃത്യം ഒരു മണിക്കൂറിനുശേഷം 2.27ന് അഞ്ച് പ്രതികളെയും വാഹനത്തില്‍ കയറ്റി വടകരയിലേക്ക് കൊണ്ടുപോയി. നിമിഷങ്ങള്‍ക്കകം കോടതി മുറ്റം കാലിയായി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com