ചാലിയം: തീര സുരക്ഷയും തൊഴില്‍ പരിരക്ഷയും ചര്‍ച്ചയാകുമ്പോഴും കപ്പല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ചാലിയത്തുനിന്ന് കഴിഞ്ഞദിവസം കടലില്‍പോയ ഫൈബര്‍ വള്ളം കപ്പലിടിക്കാതെ രക്ഷപ്പെട്ടെങ്കിലും ഒരു കിലോമീറ്ററോളം വരുന്ന വല കപ്പല്‍ നശിപ്പിച്ചു. ചാലിയം ബീച്ച് റോഡ് വയരംവളപ്പില്‍ കെ.സി. മുനീറിന്‍െറ ഉടമസ്ഥതയിലുള്ള ‘ഹമദാനി’യില്‍നിന്നും കടലില്‍ വിരിച്ച വലയാണ് അശ്രദ്ധയോടെ വന്ന കപ്പല്‍ നശിപ്പിച്ചത്. രണ്ടു ലക്ഷത്തിലേറെ രൂപ വിലവരുന്ന വലയും അതിലുണ്ടായിരുന്ന മത്സ്യവും കടലില്‍ താഴുകയോ ദൂരേക്ക് തള്ളപ്പെടുകയോ ചെയ്തു. 750 കിലോയിലേറെ ഭാരമുണ്ടായിരുന്ന വലയുടെ ആറിലൊന്ന് ഭാഗം മാത്രമാണ് വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഇതില്‍ ബാക്കിയായി കിട്ടിയ മീന്‍ 6700 രൂപക്ക് ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രി പരപ്പനങ്ങാടിക്ക് പടിഞ്ഞാറ് 20 ഫാതം ദൂരത്താണ് സംഭവം. അന്നു രാത്രി കടന്നുപോയ ഏഴ് കപ്പലുകളിലൊന്നാണ് വല നശിപ്പിച്ചത്. ഇതിന് മുമ്പും മുനീറിന്‍െറ വല കപ്പല്‍ കയറി നശിച്ചിട്ടുണ്ട്. മത്സ്യബന്ധന യാനങ്ങളോ ഉപകരണങ്ങളോ കമ്പനികള്‍ ഇന്‍ഷുര്‍ ചെയ്യാന്‍ കൂട്ടാക്കാറില്ല. സര്‍ക്കാറില്‍നിന്ന് തനിക്ക് ഒരുസഹായവും ലഭിക്കുകയുണ്ടായില്ലെന്നും പലരില്‍നിന്നും കടം വാങ്ങി ഒന്നര മാസം മുമ്പ് വാങ്ങിയ പുതിയ വലയാണ് ഇപ്പോള്‍ നഷ്ടപ്പെട്ടതെന്നും ഇയാള്‍ പറഞ്ഞു. പൊന്നാനി മുതല്‍ മംഗലാപുരം വരെ കടലിലും കരയിലും വല തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. സന്ധ്യക്ക് കടലില്‍ പോയാല്‍ രാത്രി 10 മണിയോടെ വല വിരിക്കുകയാണ് പതിവ്. പുലര്‍ച്ചെ മത്സ്യങ്ങളുമായി തിരിച്ചെത്തും. ഇതിനിടെ അതിവേഗതയില്‍ തീരത്തോടടുപ്പിച്ച് വരുന്ന കപ്പലുകളാണ് അപകടമുണ്ടാക്കുന്നത്. ബേപ്പൂര്‍ മേഖലയില്‍ തന്നെ കഴിഞ്ഞ ഒരു വര്‍ഷത്തിനകം ഇത്തരം ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍