വഖ്ഫ് പദ്ധതി: ചാരിറ്റി ഡിന്നറില്‍ 24 മില്യന്‍ പിരിഞ്ഞുകിട്ടി

ദോഹ: ഡോ. യൂസുഫുല്‍ ഖറദാവി അധ്യക്ഷനായ അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സമിതി ആരംഭിക്കുന്ന വഖ്ഫ് പദ്ധതിയുടെ ധനശേഖരണാര്‍ഥം നടത്തിയ ആദ്യ ചാരിറ്റി ഡിന്നറില്‍ 24 മില്യന്‍ റിയാല്‍ പിരിഞ്ഞുകിട്ടി.
‘സമുദായ നവോഥാനം’ എന്ന് നാമകരണം ചെയ്ത പദ്ധതിക്ക് ആവശ്യമായ ഭൂമി അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയാണ് സംഭാവന ചെയ്തത്. ഷെറാട്ടണ്‍ ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി നടന്ന ഡിന്നറില്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉള്‍പ്പെടെ മന്ത്രിമാരും, മതപണ്ഡിതന്‍മാരും, വ്യാപാര വ്യവസായ പ്രമുഖരുമടങ്ങുന്ന നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പദ്ധതിയിലേക്ക് സംഭാവനയായി ലഭിച്ച പുരാവസ്തുക്കള്‍ ലേലം ചെയ്ത വകയിലും വന്‍തുക ലഭിച്ചു. കഅ്ബയെ മൂടിയിരുന്ന ഒരു ‘കിസ്വ’ ശൈഖ് തമീം 51 ലക്ഷം റിയാലിനാണ് ലേലം വിളിച്ചെടുത്തത്. വ്യവസായ പ്രമുഖനായ ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം ആല്‍ഥാനി അഞ്ച് മില്യണ്‍ റിയാല്‍ നല്‍കി. ശൈഖ് ഖറദാവി നേരത്തെ രണ്ടു മില്യണ്‍ റിയാല്‍ സംഭാവന പ്രഖ്യാപിച്ചിരുന്നു. പദ്ധതിയുടെ ആദ്യപടിയായി നാല്‍പത് നില ടവര്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്.
പണ്ഡിത സഭാംഗം ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്ല ആല്‍മഹ്മൂദ് അതിഥികളെ സ്വാഗതം ചെയ്തു. പദ്ധതിയിലേക്ക് പരമാവധി ധനസഹായം നല്‍കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. ഇസ്ലാമിക ലോകം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയും ഖത്തര്‍ ഭരണകൂടവും വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് ശൈഖ് ഖറദാവി അഭിപ്രായപ്പെട്ടു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus