അബൂദബി: അബൂദബിയില്‍ മേയ് 22, 23 തിയതികളില്‍ നടക്കുന്ന അറബ്-ഇന്ത്യ പങ്കാളിത്ത സമ്മേളനത്തില്‍ നിരവധി പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും ഒട്ടേറെ കമ്പനികള്‍ ഇതിനകം രജിസ്ട്രേഷന്‍ നടത്തിയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലെ വ്യാപാര-സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് മൂന്നാമത് പങ്കാളിത്ത സമ്മേളനം നടത്തുന്നത്. രണ്ടാമത് സമ്മേളനം കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലായിരുന്നു. യു.എ.ഇ വിദേശകാര്യ വകുപ്പ്, അറബ് ലീഗ് സ്റ്റേറ്റ് സെക്രട്ടറിയേറ്റ്, ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് എന്നിവ ചേര്‍ന്നാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, അബൂദബി ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ജനറല്‍ യൂനിയന്‍ ഓഫ് ചേമ്പേഴ്സ് ഓഫ് കൊമേഴ്സ്-ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍, ഫെഡറേഷന്‍ ഓഫ് അറബ് ബിസിനസ്മെന്‍ എന്നിവയുടെ സഹകരണത്തോടെ സമ്മേളനത്തിന് വേദി ഒരുക്കുന്നത്.
ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ അറബ് ലീഗില്‍ അംഗങ്ങളായ മറ്റു രാജ്യങ്ങളിലെയും ധന, വ്യാപാര മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കും. 10 അറബ് രാജ്യങ്ങളിലെ ധന മന്ത്രിമാര്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ധന മന്ത്രി പ്രണബ് മുഖര്‍ജി എത്താന്‍ സാധ്യതയുണ്ട്. അദ്ദേഹം വരുന്നില്ലെങ്കില്‍ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ പങ്കെടുക്കും. ഇന്ത്യ, അറബ് മേഖലയിലെ നിരവധി പ്രമുഖ കമ്പനികളുടെ മേധാവികളും എത്തും.
ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളുമായി അടുത്ത കാലത്ത് വ്യാപാര, വാണിജ്യ ബന്ധം ഏറെ ശക്തിപ്പെട്ടിട്ടുണ്ട്. 2011ല്‍ 74 ബില്യനിലേറെ ഡോളറിന്‍െറ വ്യാപാരമാണ് നടന്നത്. ഇന്ത്യയില്‍ അറബ് മേഖലയില്‍ നിന്ന്, പ്രത്യേകിച്ച് ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപവും വന്‍ തോതില്‍ വര്‍ധിച്ചു. 2011ലെ കണക്ക് പ്രകാരം ഈ നിക്ഷേപം 125 ബില്യന്‍ ഡോളറാണ്. ഇതിന് ആക്കം കൂട്ടാന്‍ സമ്മേളനം ഏറെ സഹായിക്കും.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ കരുത്തും വന്‍ നിക്ഷേപ സാധ്യതകളും നിക്ഷേപ സുരക്ഷയും ഇന്ത്യന്‍ സംഘം വിശദീകരിക്കും. ഇന്ത്യയിലെ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താനും ഇന്ത്യന്‍ കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും അറബ് രാജ്യങ്ങളിലെ കമ്പനികളെയും നിക്ഷേപകരെയും പ്രേരിപ്പിക്കും. ഇരു ഭാഗത്തെയും നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകള്‍ കണ്ടെത്താന്‍ സമ്മേളനം അവസരം ഒരുക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍