ജിദ്ദ നവോദയ സില്‍വര്‍ ജുബിലി ആഘോഷിക്കുന്നു

ജിദ്ദ: കാല്‍നൂറ്റാണ്ടായി പ്രവാസി സമൂഹത്തിന്‍െറ വിവിധങ്ങളായ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും അവരുടെ സാമൂഹികവും സാംസ്കാരവുമായ മേല്‍ഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്ന ജിദ്ദയിലെ സി.പി.പം അനുകൂല കൂട്ടായ്മയായ നവോദയ സാംസ്കാരിക വേദി വിപുലമായ പരിപാടികളോടെ സില്‍വര്‍ ജുബിലി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മേയ് മുതല്‍ അടുത്തവര്‍ഷം മേയ് വരെയായിരിക്കും രജത ജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെടുക. മാസത്തില്‍ ചുരുങ്ങിയത് ഒരു പരിപാടിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സില്‍വര്‍ ജുബിലി ആഘോഷങ്ങളുടെ എംബ്ളം അല്‍ റയാന്‍ പോളിക്ളിനിക്കില്‍ ജിദ്ദ നാഷനല്‍ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ വി.പി.മുഹമ്മദലി പ്രകാശനം ചെയ്തു. അല്‍ റയാന്‍ മേധാവി ടി.പി.ശുഐബും സന്നിഹിതനായിരുന്നു.
ജൂണ്‍ എട്ടിനു അല്‍ മവാരിദ് സ്കൂളില്‍ നടക്കുന്ന ചിത്ര രചനാ മത്സരത്തോടെ സില്‍വര്‍ ജുബിലി പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ഇതേ ദിവസം മക്ക , യാമ്പു, ത്വായിഫ് എന്നിവിടങ്ങളിലും ചിത്ര രചനാ മത്സരങ്ങള്‍ ഉണ്ടാവും. 2011 ല്‍ കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തിക്ക് എ.കെ.ജി യുടെ നാമധേയത്തിലുള്ള കാഷ് അവാര്‍ഡും പുരസ്കാരവും സമ്മാനിക്കും. പ്രശസ്തി പത്രവും 50,000 രൂപ കാഷ് അവാര്‍ഡുമാണ് നല്‍കുക.
എല്ലാവര്‍ക്കും പങ്കെടുക്കാന്‍ പറ്റുന്ന രീതിയിലുള്ള കായിക മത്സരങ്ങളും നവോദയ സില്‍വര്‍ ജുബിലി ആഘോഷത്തിന്‍െറ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കുടുംബവേദിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്‍െറ വൈവിധ്യമാര്‍ന്ന രുചികള്‍ അവതരിപ്പിക്കുകയാണ് മറ്റൊരു പരിപാടി. നാടന്‍ മലയാളി വിഭവങ്ങള്‍, അറബിക് ഭക്ഷണം, ഉത്തര ഇന്ത്യന്‍ ഭക്ഷണം, ബാല വേദി കുരുന്നുകള്‍ തയറാക്കുന്ന ഭക്ഷണം എന്നിവ ഭക്ഷ്യ മേളയുടെ പ്രത്യകതകള്‍ ആയിരിക്കും. കേരള വിഭവങ്ങളുടെ വിഭാഗത്തില്‍ കുടുംബിനികള്‍ക്ക് മല്‍സരമുണ്ടാവും.
പ്രമുഖ മന:ശാസ്ത്രഞ്ജന്‍ ഡോ. കെ.എസ്. ഡേവിഡിന്‍െറ നേതൃത്തത്തില്‍ കൗണ്‍സലിങ്് ക്ളാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രമുഖ എഴുത്തുകാരെയും സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തി സാഹിത്യ ക്യാമ്പ് നടത്തും. കാലിക പ്രസക്തിയുള്ള വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുവാനും ഉദ്ദേശിക്കുന്നു. വനിതകള്‍ക്കായി നവോദയ വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങളെ കുറിച്ച ആരോഗ്യ സെമിനാര്‍ സംഘടിപ്പിക്കും. ശാസ്ത്ര പ്രദര്‍ശനവും ഉണ്ടായിരിക്കും. കേരളത്തിന്‍െറ തനത് ചരിത്ര, കര കൗശല വസ്തുക്കളുടെയും, വീട്ടുപകരങ്ങളുടെയും പ്രദര്‍ശനം എന്നിവ ഒരുക്കാനും പരിപാടിയുണ്ട്്.
പ്രവാസി തൊഴിലാളികള്‍ നേരിടുന്ന തൊഴില്‍ പ്രശ്നങ്ങള്‍, നിയമ പ്രശ്നങ്ങള്‍, എംബസി സംബന്ധമായ നിയമനടപടികള്‍ എന്നിവയില്‍ അവബോധം ഉണ്ടാക്കുവാനായി ജിദ്ദ, ത്വായിഫ്, യാമ്പു എന്നിവിടങ്ങളില്‍ ഓപ്പണ്‍ ഫോറങ്ങള്‍ സംഘടിപ്പിക്കും . രജത ജൂബിലി സുവനീര്‍ 2013ല്‍ പുറത്തിറക്കും . കുരുന്നുകളുടെ വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി.കെ.റഊഫ്, ഇസ്മയില്‍ തൊടുപുഴ, നവാസ് വെമ്പായം, അബ്ദുറഹ്മാന്‍ വണ്ടൂര്‍, ഷിബു തിരുവനന്തപുരം തുടങ്ങിയവര്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus