12:30:26
19 Jun 2013
Wednesday
Facebook
Google Plus
Twitter
Rssfeed

ചമ്രവട്ടം പാലം

ചമ്രവട്ടം പാലം

മലയാള കവിതയിലെ ശ്രദ്ധേയ സാന്നിധ്യമായ ഇടശ്ശേരിയുടെ പ്രസിദ്ധമായ രചനയാണ് 'കുറ്റിപ്പുറം പാലം' (1953). ഒരേ സമയം ആധുനികതയുടെ ആഹ്ലാദവും പരിസ്ഥിതിയെക്കുറിച്ച ആകുലതകളും പങ്കുവെക്കുന്നുവെന്ന അര്‍ഥത്തില്‍ 'കുറ്റിപ്പുറം പാലം' ഏറെ പ്രസക്തവും പഠനാര്‍ഹവുമാണ്. പാലം വെറും പാലമല്ലെ്ളന്നും പഴയ കാലങ്ങളില്‍നിന്നുള്ള വിച്ഛേദവും വരുംകാലത്തേക്കുള്ള തുറവിയുമാണെന്ന നിലയില്‍ ഇടശ്ശേരി ആ കവിതയില്‍ ചിത്രീകരിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത്, ദേശീയപാത 47ല്‍ ഭാരതപ്പുഴക്ക് കുറുകെ നിര്‍മിച്ച പാലത്തിന്റെ ഉദ്ഘാടന സന്ദര്‍ഭത്തിലാണ് ഇടശ്ശേരിയുടെ കവിത പിറക്കുന്നത്. ആധുനികതയിലേക്കുള്ള മനുഷ്യസഞ്ചാരത്തിന്റെ രാജപാത എന്ന നിലയില്‍ അദ്ദേഹം പാലത്തെ കാണുന്നു. മലബാറിന്റെ പുരോഗതിയില്‍ കുറ്റിപ്പുറം പാലം പിന്നീട് വഹിച്ച പങ്ക് ഈ ആശയത്തെ അടിവരയിട്ട് സാക്ഷ്യപ്പെടുത്തുന്നു. കുറ്റിപ്പുറത്തിന് ഏതാനും കി.മീറ്ററുകള്‍ മാറി, ഭാരതപ്പുഴയില്‍ തന്നെ, ഇന്ന് പുതിയൊരു പാലവും ജലസേചന പദ്ധതിയും-ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ്- ഉദ്ഘാടനം ചെയ്യപ്പെടുമ്പോള്‍ ഇടശ്ശേരിയെ ഓര്‍ക്കുക സ്വാഭാവികം.
മലബാറിലെ ഏറ്റവും ബൃഹത്തായ വികസന പദ്ധതിയെന്ന നിലയില്‍ ചമ്രവട്ടം പാലം ഏറെ പ്രാധാന്യമുള്ളതാണ്. 978 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ള ഈ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഈ വകയിലെ കേരളത്തിലെ ഏറ്റവും നീളമുള്ളതാണ്. 70 ഷട്ടറുകള്‍ ഉള്‍പ്പെടുന്നതാണ് റെഗുലേറ്റര്‍. തിരൂര്‍, പൊന്നാനി താലൂക്കുകളിലെ ഒരു ഡസനോളം പഞ്ചായത്തുകളിലെ കുടിവെള്ള, ജലസേചന ആവശ്യങ്ങള്‍ പദ്ധതിയിലൂടെ നിര്‍വഹിക്കപ്പെടും. മലബാറിലെ ഗതാഗത രംഗത്താകട്ടെ വലിയ മാറ്റത്തിന് പാലം വഴി തുറക്കും. പാലം തുറക്കുന്നതോടെ, കോഴിക്കോട്- കൊച്ചി ദൂരത്തില്‍ 35 കി.മീറ്റര്‍ കുറവ് വന്നുചേരും. ദേശീയ പാതയിലെ അപകട വളവുകള്‍ ഒഴിവാക്കിയുള്ള യാത്രയും ഈ പാതയിലൂടെ ആവാം. വമ്പിച്ച ടൂറിസം സാധ്യതകളുള്ള പൊന്നാനി മേഖലയില്‍ ടൂറിസം വികസന രംഗത്തും ചമ്രവട്ടം പദ്ധതി മാറ്റങ്ങള്‍ കൊണ്ടുവരും. തീര്‍ഥാടന കേന്ദ്രങ്ങളായ ഗുരുവായൂര്‍, തിരുനാവായ എന്നിവിടങ്ങളിലേക്കുള്ള യാത്രയും ഇനി മുതല്‍ എളുപ്പമാവും. ദശാബ്ദങ്ങളായി ഉയരുന്ന വലിയൊരു ആവശ്യത്തിനാണ് ചമ്രവട്ടം പാലം തുറക്കുന്നതോടെ ഉത്തരമാവുന്നത്. പൊന്നാനി, തിരൂര്‍ താലൂക്കുകള്‍ക്ക് മാത്രമല്ല, മൊത്തം കേരളത്തിനുതന്നെ വലിയ പ്രയോജനം ഇതിലൂടെ വന്നുചേരുന്നുവെന്ന് ചുരുക്കം.
എന്നാല്‍, ചമ്രവട്ടം പദ്ധതിയുടെ മുഴുവന്‍ ഗുണവശവും സംസ്ഥാനം അനുഭവിക്കണമെങ്കില്‍ നിരവധിയായ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തേണ്ടിവരും. പാലം വരുന്നതോടെ തുറക്കപ്പെടുന്ന പുതിയ കൊച്ചി-കോഴിക്കോട് പാതയില്‍ കുപ്പിക്കഴുത്തുകള്‍ ധാരാളമുണ്ടെന്നതാണ് ഏറ്റവും വലിയ പ്രശ്നം. റോഡുകള്‍ വീതി കൂട്ടിയും മേല്‍പാലങ്ങള്‍ വേണ്ടിടത്ത് ഉടനെ നിര്‍മിച്ചും പുതിയ വഴിയെ ഏറ്റവും ഉപകാരപ്രദമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കോഴിക്കോട് നഗരത്തില്‍ തന്നെയുള്ള ബേപ്പൂരില്‍ ചാലിയാറിന് കുറുകെ പുതിയ പാലം നിര്‍മിക്കുകയാണെങ്കില്‍ ചമ്രവട്ടം വഴിയുള്ള പുതിയ പാതയെ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും. കോഴിക്കോട്ടെ വെങ്ങളത്തുനിന്നാരംഭിക്കുന്ന തീരദേശ ഹൈവേ എന്ന കാഴ്ചപ്പാട് പൂര്‍ണമാകുന്നതോടെ മാത്രമേ മലബാറിലെ രൂക്ഷമായ ഗതാഗത പ്രശ്നം പരിഹരിക്കുവാന്‍ കഴിയുകയുള്ളൂ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിലെ സുപ്രധാന ചുവട് എന്നതാണ് ചമ്രവട്ടത്തിന്റെ പ്രസക്തി. അത് ഉദ്ഘാടനം ചെയ്യപ്പെടുന്ന വേളയില്‍ അതിന്റെ ആഹ്ലാദത്തില്‍ ഞങ്ങളും പങ്കുചേരുന്നു. പദ്ധതി സാക്ഷാത്കരിക്കുന്നതില്‍ താല്‍പര്യപൂര്‍വം അധ്വാനിച്ച രാഷ്ട്രീയ-ഔദ്യോഗിക രംഗത്തെ മുഴുവന്‍ ആളുകളും അഭിനന്ദനമര്‍ഹിക്കുന്നു.
നമ്മുടെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട ചില അടിസ്ഥാന ദൗര്‍ബല്യങ്ങള്‍ കൂടി വെളിപ്പെടുത്തുന്നതാണ് ചമ്രവട്ടം പദ്ധതി. 1977ലാണ് പദ്ധതിയെക്കുറിച്ച സാധ്യതാ പഠനം ആദ്യമായി നടക്കുന്നത്. 15.81 കോടി രൂപയാണ് അന്ന് പദ്ധതിക്കായി കണക്കാക്കിയിരുന്നത്. എന്നാല്‍, സാധ്യതാ പഠനം നടക്കുകയും ചെറിയ രീതിയില്‍ തുക അനുവദിക്കുകയുമല്ലാതെ പദ്ധതി മാത്രം നടപ്പായില്ല. നിരവധി ഏജന്‍സികളും സര്‍ക്കാറുകളും മാറി മാറി പദ്ധതിയെ ഉരുട്ടി, ഉഴപ്പി നീട്ടിക്കൊണ്ടു പോയി. പദ്ധതിക്ക് പല കാലങ്ങളായി വകയിരുത്തിയ തുകക്ക് ഏതാണ്ട് സമാനമായ തുക തന്നെ പാഴാവുകയോ അഴിമതിയിലൂടെ പലരുടെയും പോക്കറ്റുകളിലെത്തുകയോ ചെയ്തു. ഒടുവില്‍ ഇപ്പോള്‍ 143 കോടി രൂപക്കാണ് പദ്ധതി കരാറാവുന്നതും സാക്ഷാത്കരിക്കപ്പെടുന്നതും. കുറഞ്ഞ ചെലവില്‍ എന്നേ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമായിരുന്ന ഒരു പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്ന ഓര്‍മ എല്ലാവര്‍ക്കും വേണം. ഇനിയൊരു പദ്ധതിക്കും ഇങ്ങനെയൊരു ഗതി വരരുതെന്ന നിര്‍ബന്ധവും നമുക്കുണ്ടാവണം. വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കൂടുതല്‍ ഇച്ഛാശക്തിയോടെ മുന്നോട്ടുകുതിക്കാന്‍ നമുക്കാവട്ടെ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com