Thu, 05/17/2012 - 01:07 ( 1 year 5 daysago)
മുംബൈയെ വീഴ്ത്തി കൊല്‍ക്കത്ത മുന്നോട്ട്
(+)(-) Font Size
മുംബൈയെ വീഴ്ത്തി കൊല്‍ക്കത്ത മുന്നോട്ട്

മുംബൈ: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് 32 റണ്‍സിന്റെ മിന്നുന്ന ജയം. ആദ്യം ബാറ്റുചെയ്ത സന്ദര്‍ശകര്‍ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 140 റണ്‍സെടുത്തപ്പോള്‍ മുംബൈ അഞ്ചു പന്തു ബാക്കിയിരിക്കേ 108 റണ്‍സിന് പുറത്തായി. അവസാന മത്സരത്തില്‍ തോറ്റാലും ആദ്യ നാലു സ്ഥാനങ്ങളിലൊന്ന് ഈ ജയത്തോടെ നൈറ്റ്റൈഡേഴ്സിന് ഉറപ്പായി. 3.1 ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത സുനില്‍ നാരായണിന്റെ നേതൃത്വത്തില്‍ കണിശതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്തക്ക് മുന്നില്‍ മുംബൈക്ക് എളുപ്പം പിടിവിട്ടുപോവുകയായിരുന്നു. നാലോവറില്‍ 11 റണ്‍സ് വഴങ്ങി ലക്ഷ്മീപതി ബാലാജിയും 32 റണ്‍സ് വിട്ടുകൊടുത്ത് ജാക് കാലിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
24 പന്തില്‍ മൂന്നു ഫോറും ഒരു സിക്സുമടക്കം 27 റണ്‍സെടുത്ത സചിന്‍ ടെണ്ടുല്‍കറാണ് ഇന്ത്യന്‍സിന്റെ ടോപ് സ്കോറര്‍. ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 20 റണ്‍സെടുത്തു. ഹെര്‍ഷല്‍ ഗിബ്സ് (24 പന്തില്‍ 13), രോഹിത് ശര്‍മ (14 പന്തില്‍ 12), അമ്പാട്ടി റായുഡു (എട്ടു പന്തില്‍ 11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്സ്മാന്മാര്‍. അവസാന ഏഴു വിക്കറ്റുകള്‍ കേവലം 25 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് മുംബൈക്ക് നഷ്ടമായത്. അടുത്തടുത്ത പന്തുകളില്‍ കാലിസ് കീറോണ്‍ പൊള്ളാര്‍ഡിനെയും (എട്ട്) ഡ്വെയ്ന്‍ സ്മിത്തിനെയും (പൂജ്യം) തിരിച്ചയച്ച് ആതിഥേയര്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചു. ശകീബുല്‍ ഹസനും ഇഖ്ബാല്‍ അബ്ദുല്ലയും ഓരോ വിക്കറ്റെടുത്തു.
43 പന്തില്‍ 41 റണ്‍സെടുത്ത മനോജ് തിവാരിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. ഗൗതം ഗംഭീര്‍ 23 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ 21 പന്തില്‍ 21 റണ്‍സുമായി യൂസുഫ് പത്താന്‍ പുറത്താകാതെനിന്നു.
ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറുമായെത്തിയ ആര്‍.പി.സിങ് കൊല്‍ക്കത്ത ക്യാമ്പിനെ അക്ഷരാര്‍ഥത്തില്‍ സ്തബ്ധരാക്കി. രണ്ടാം പന്തില്‍ ബ്രെന്‍ഡണ്‍ മക്കല്ലത്തെ വിക്കറ്റിനുമുന്നില്‍ കുടുക്കിയ ആര്‍.പി അടുത്ത പന്തില്‍ ജാക് കാലിസിനെ (പൂജ്യം) ക്ളീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന്, തിവാരിക്കൊപ്പംനിന്ന് ക്യാപ്റ്റന്‍ ഗംഭീര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. എന്നാല്‍, ഒമ്പതാം ഓവറില്‍ പന്തെടുത്ത പൊള്ളാര്‍ഡ് ഗംഭീറിനെ (28) ക്ളീന്‍ ബൗള്‍ഡാക്കി വീണ്ടും മുംബൈക്ക് മുന്‍തൂക്കം നല്‍കി. 44 റണ്‍സായിരുന്നു അപ്പോള്‍ സ്കോര്‍ ബോര്‍ഡില്‍. ശകീബുല്‍ ഹസനെ കൂട്ടിനു കിട്ടിയതോടെ തിവാരി ടീമിനെ വീണ്ടും കരകയറ്റി. ഡ്വെയ്ന്‍ സ്മിത്തിന്റെ വകയായിരുന്നു അടുത്ത പ്രഹരം. 14ാം ഓവറിലെ രണ്ടാം പന്തില്‍ ശകീബിന്റെ (12 പന്തില്‍ 13) സ്റ്റമ്പിളകി. മുനാഫിന്റെ മൂന്നാം വരവ് തിവാരിയുടെ (41) പോരാട്ടത്തിനും അന്ത്യമിട്ടു. രണ്ടുവീതം ബൗണ്ടറിയും സിക്സറുമുതിര്‍ത്ത യുവതാരത്തെ ലസിത് മലിംഗ പിടിച്ചു. കൊല്‍ക്കത്ത അഞ്ചിന് 91.
അടുത്ത ഊഴം ദേവബ്രതാ ദാസിന്റെതായിരുന്നു. രണ്ട് റണ്‍സെടുത്ത ബാറ്റ്സ്മാനും ടീം സ്കോര്‍ 100 കടക്കുംമുമ്പ് റണ്ണൗട്ടായി. ഒരറ്റത്ത് പിടിച്ചുനിന്ന യൂസുഫാണ് അവസാന ഓവറുകളില്‍ നിര്‍ണായകമായത്. 18ാം ഓവറില്‍ യൂസുഫിനെ പൊള്ളാര്‍ഡ് കൈയിലാക്കിയെങ്കിലും ആര്‍.പിയുടെ പന്ത് നോബോളായത് ബാറ്റ്സ്മാനെ തുണച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus