മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ 'ഡി കമ്പനി'യുടെ ചിറകരിയാന്‍ കമ്പനിയില്‍ പ്രധാനികളായ ഛോട്ടാ ശക്കീല്‍, ടൈഗര്‍ മേമന്‍ എന്നിവരെ അമേരിക്ക കരിമ്പട്ടികയിലുള്‍പെടുത്തി. അമേരിക്കയിലുള്ള ഇവരുടെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാന്‍ ട്രഷറി വകുപ്പിന് സ്റ്റേറ്റ് അനുമതി നല്‍കി. ഇവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍നിന്ന് രാജ്യത്തെ പൗരന്മാരെ വിലക്കിയിട്ടുമുണ്ട്. ദക്ഷിണേഷ്യയിലെ സംഘടിത കുറ്റകൃത്യവും ഭീകരവാദ പ്രവര്‍ത്തനവും തടയാനാണ് ഡി കമ്പനിയിലെ പ്രധാനികളായ ഇരുവരെയും കരിമ്പട്ടികയില്‍ ഉള്‍പെടുത്തിയതെന്നാണ് അമേരിക്കയുടെ വിശദീകരണം. 2003 ഒക്ടോബറില്‍ ദാവൂദ് ഇബ്രാഹിമിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുകയും സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയാണിത്. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധ മാഫിയയാണ് 'ഡി കമ്പനിയെന്ന് അമേരിക്കന്‍ ട്രഷറി വകുപ്പ് ഡയറക്ടര്‍ (വിദേശ സ്വത്ത് നിയന്ത്രണ വിഭാഗം ) ആദം സുബിന്‍ പറഞ്ഞു. 1993 ലെ മുംബൈ സ്ഫോടന പരമ്പരയുടെ സൂത്രധാരനായ ദാവൂദും ടൈഗര്‍ മേമനും ഛോട്ടാ ശക്കീലും ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളികളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍